മസ്കറ്റ്: ഒമാൻ തീരത്ത് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം ആക്രമിക്കപ്പെട്ട ഇന്ധന ടാങ്കർ കപ്പലിലെ 24 ഇന്ത്യൻ നാവികരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. കർണാടകയിലെ കാർവാറിൽ നിന്നും പുറപ്പെട്ട ഇന്ത്യൻ ഇന്ധന ടാങ്കർ കപ്പലിന് നേരെയാണ് ഒമാൻ തീരത്ത് വെച്ച് ആക്രമണമുണ്ടായത്.
ആക്രമണത്തെത്തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ വൻ സ്ഫോടനമുണ്ടാകുകയും കപ്പലിന് തീപിടിക്കുകയും ചെയ്തു. കപ്പലിലേക്ക് വെള്ളം കയറാൻ തുടങ്ങിയതോടെ ജീവനക്കാർ അടിയന്തര സഹായത്തിനായി (SOS) സന്ദേശങ്ങൾ അയക്കുകയായിരുന്നു. കപ്പലിലെ ലൈഫ് ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നെങ്കിലും, ഒമാൻ തീരസംരക്ഷണ സേനയുടെയും മറ്റ് അതോറിറ്റികളുടെയും സഹായത്തോടെ 24 ഇന്ത്യൻ നാവികരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചു.
നാവികർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് അറിയിച്ചു. കപ്പലിൽ നിന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് അധികൃതർ നടത്തിയ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. നിലവിൽ രക്ഷപ്പെട്ട 24 നാവികരും സുരക്ഷിതരാണെന്നും അവരുടെ ക്ഷേമമുറപ്പാക്കാൻ പ്രാദേശിക ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സംഭവത്തെക്കുറിച്ച് മാരിടൈം അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
തങ്ങളുടെ എൻജിൻ റൂമിന് നേരെ അമേരിക്കൻ നാവികസേനയാണ് ആക്രമണം നടത്തിയതെന്ന് കപ്പലിൽ കുടുങ്ങിയ ഇന്ത്യൻ നാവികർ ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (FSUI) ഭാരവാഹികൾക്ക് അയച്ച ഓഡിയോ സന്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യയിൽ വീണ്ടും ആക്രമണങ്ങൾ നടക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. നൂറു ദിവസമായി തുടരുന്ന സംഘർഷം മനുഷ്യ ദുരിതം കൂട്ടുകയാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. എല്ലാ കക്ഷികളും നയതന്ത്ര നീക്കത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇറാനിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര വിലക്കുന്ന മാർഗ്ഗനിർദ്ദേശം ടെഹ്റാനിലെ ഇന്ത്യൻ എംബസി പുറത്തിറക്കി. ടെഹ്റാനിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മടങ്ങാൻ ശ്രമിക്കുന്നതനിടെയാണ് പുതിയ മാർഗ്ഗനിർദ്ദേശം. ഇറാനിലുള്ളവർ സാധ്യമായ മാർഗ്ഗത്തിലൂടെ മടങ്ങണമെന്നും നിർദ്ദേശമുണ്ട്. ഇസ്രയേലിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് പ്രതികാരമായി ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രായേൽ.

