കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട്, കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ചൊവ്വാഴ്ച) അവധി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉള്ള കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
കേരളത്തിൽ കാലവർഷം സജീവമായതോടെ വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുകയാണ്. ഇടുക്കി, വയനാട് ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പൊന്മുടിയിലേക്കുള്ള സന്ദർശനത്തിനും വിലക്കുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ണൂരിലെ താവക്കര, ശ്രീകണ്ഠപുരം തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരുന്നു. ജലനിരപ്പ് ഉയർന്നതിനാൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.

