Thursday, June 11, 2026
Home » അലക്സാണ്ടർ പറമ്പിത്തറ: ഓർമ്മ
അലക്സാണ്ടർ പറമ്പിത്തറ: ഓർമ്മ

അലക്സാണ്ടർ പറമ്പിത്തറ: ഓർമ്മ

by Editor

അലക്സാണ്ടര്‍ പറമ്പിത്തറ മാസ്റ്റര്‍ വിടപറഞ്ഞിട്ട്‌ ഇന്ന് മുപ്പത്തിയേഴു വര്‍ഷങ്ങള്‍… കേരളാ നിയമസഭയിലെ നാലാമത്തെ സ്പീക്കറും ഒന്ന്, രണ്ട്, മൂന്ന് കേരള നിയമസഭകളിൽ അംഗവുമായിരുന്ന രാഷ്ട്രീയനേതാവായിരുന്നു അലക്സാണ്ടർ പറമ്പിത്തറ.

പ്രഗത്ഭ അദ്ധ്യാപകൻ, കളങ്കരഹിതനായ രാഷ്ട്രീയ പ്രവർത്തകൻ, പാവപ്പെട്ടവരുടെ സഹായി, പള്ളുരുത്തി -എറണാകുളം അസംബ്ലി നിയോജക മണ്ഡലങ്ങളെ പല തവണ പ്രതിനിധികരിച്ചിട്ടുള്ള ജനപ്രതിനിധി, കേരള നിയമസഭാ സ്പീക്കർ എന്നീ നിലകളിലെല്ലാം പൊതുജനങ്ങളുടെ അംഗീകാരവും ബഹുമാനവും എക്കാലത്തും നിലനിർത്തിയിരുന്നു പറമ്പിത്തറ മാഷ്.

1900 ഫെബ്രുവരിയിൽ കൊച്ചിയിലാണ് അദ്ദേഹം ജനിച്ചത്. എറണാകുളം മഹാരാജാസ് കോളേജ്, തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജ്, തിരുവനന്തപുരത്തെ ലോ കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി. സൈദാപേട്ട ടീച്ചേഴ്‌സ് കോളേജിലെ ടെക്കേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ ശേഷം കുമ്പളങ്ങി സെന്റ്. പീറ്റേഴ്സ് ഹൈസ്കൂളിൽ പ്രധാനാധ്യാപകനായി ഔദ്യോഗിക ജോലിയാരംഭിച്ചു. തുടർന്ന് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചു.

അലക്സാണ്ടർ മാഷ് എറണാകുളം മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് (1947-57), എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് (1961) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്… (രാഷ്ട്രീയ നേതാവായ പ്രൊഫ. കെ വി തോമസിൻ്റെ സ്കൂൾ മാസ്റ്റർ ആയിരുന്നു ഇദ്ദേഹം)

കൊച്ചി നിയമസഭാംഗം (1935-38); (1948-49), തിരുക്കൊച്ചി നിയമസഭാംഗം (1949-56), പള്ളുരുത്തി നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പ്രതിനിധിയായി ഒന്നും (1957) രണ്ടും (1960) കേരള നിയമസഭയിലും അംഗമായിട്ടുണ്ട്, അലക്സാണ്ടർ. എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്നാണ് കോൺഗ്രസ് പ്രതിനിധിയായി മൂന്നാമത് (1967) കേരള നിയമസഭയിലേക്ക് അലക്സാണ്ടർ തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് ഒമ്പത് അംഗങ്ങളുമായി പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് നിയമസഭാകക്ഷിയിലെ ഏറ്റവും മുതിർന്ന നേതാവായിരുന്നു പറമ്പിത്തറ മാസ്റ്റർ. മാസ്റ്റരുടെ കൂടി അഭിപ്രായം മാനിച്ചു അന്ന് നിയമസഭാകക്ഷി നേതാവായത് കെ. കരുണാകരനാണ്.

1969-ലെ കോൺഗ്രസ് പാർട്ടിയുടെ ദേശീയ തലത്തിലുണ്ടായ പിളർപ്പിൽ എല്ലാ മുതിർന്ന നേതാക്കളോടൊപ്പം അദ്ദേഹം ‘സംഘടന കോൺഗ്രസിൽ’ ആയിരുന്നു. ആ നിലയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ഡോ. ഹെൻട്രി ഓസ്റ്റിന് എതിരെ എറണാകുളം പാർലിമെന്ററി മണ്ഡലത്തിൽ മത്സരിച്ചെങ്കിലും വിജയം കണ്ടില്ല. പിൽക്കാലത്ത് സംഘടനാ കോൺഗ്രസിലെ മുതിർന്ന നേതാക്കളോടൊപ്പം പറമ്പിത്തറ മാഷും കോൺഗ്രസ് (ഐ.)-യോപ്പം ചേർന്നെങ്കിലും അപ്പോഴെക്കും അദ്ദേഹം സജീവ രാഷ്ട്രീയം പൂർണ്ണമായിത്തന്നെ ഉപേക്ഷിച്ചിരുന്നു.

1989 ജൂൺ 10-ന് അദ്ദേഹം അന്തരിച്ചു. ഒരു പ്രസ് ഉടമ കൂടിയായ മകൻ ഡേവിഡ് പറമ്പിത്തറ കൊച്ചി കോർപറേഷൻ കൗൺസിലർ ആയിരുന്നു; കോൺഗ്രസ് നേതാവുമാണ്.

അലക്സാണ്ടർ പറമ്പിത്തറ മാഷിന്റെ സ്മരണയ്ക്കായി തേവര-വില്ലിംഗ്ഡൺ ഐലൻഡ് റോഡിനെ തോപ്പുംപടിയിലെ ബി ഒ ടി പാലവുമായി ബന്ധിപ്പിക്കുന്ന പാലത്തിന് ‘അലക്സാണ്ടർ പറമ്പിത്തറ പാലം’ എന്ന് നാമകരണം ചെയ്തു. അതിനു മുമ്പുതന്നെ എറണാകുളം രവിപുരം ഭാഗത്തെ അദ്ദേഹത്തിന്റെ ഭവനത്തോടു ചേർന്ന റോഡിന് നഗരസഭ ‘പറമ്പിത്തറ റോഡ്’ എന്നും നാമകരണം ചെയ്തിരുന്നു.

ആർ. ഗോപാലകൃഷ്ണൻ

Send your news and Advertisements

You may also like

error: Content is protected !!