Thursday, June 11, 2026
Home » ജെ.കെ.വി; ഓർമ്മ
ജെ.കെ.വി; ഓർമ്മ

ജെ.കെ.വി; ഓർമ്മ

ആർ ഗോപാലകൃഷ്ണൻ

by Editor

“ഇന്ന കാലത്ത് ആദരിക്കപ്പെടണമെന്നും ഇന്ന കാലത്ത് അനാദരിക്കപ്പെടണമെന്നും ഇന്ന കാലത്ത് തെറ്റിദ്ധരിക്കപ്പെടണമെന്നുമൊക്കെ  അവർക്ക് വിധിയുണ്ടായിരുന്നു.” തൻ്റെ ഒരു കൃതിയിൽ (‘ജഡത്തിൻ്റെ പരിമിതികൾ‘) ഇങ്ങനെ എഴുതി, ദീർഘദർശനം നടത്തിയ സാഹിത്യകാരൻ, ജെ.കെ.വി. ഇന്ന് ഏറെക്കുറെ വിസ്മൃതിയുടെ പടിവാതില്ക്കലാണ്. 1960-കളിലും 1970-കളിലും മലയാള സാഹിത്യ രംഗത്ത് നവഭാവുകത്തോടെ നിറഞ്ഞുനിന്ന ഈ എഴുത്തുകാരനെ പുതു തലമുറയിലെ വായനക്കാരും എഴുത്തുകാരും ഇന്ന് ഏറെക്കുറെ മറന്നു കഴിഞ്ഞു.

മലയാള കഥയിലെ ഒറ്റയാനാണ് ജെ.കെ.വി. – പരുപരുത്ത ജീവിത യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുമ്പോഴും നർമ്മത്തിൻ്റെ ചിരിപ്പൊതി ഒളിപ്പിച്ചു വെച്ച കഥാകാരൻ. അദ്ദേഹം നല്കിയിരുന്ന കഥാ/നോവൽ ശീർഷകങ്ങളുടെ സവിശേഷത അത് രചിച്ച കാലത്ത് ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. പത്രപ്രവര്‍ത്തകന്‍, നോവലിസ്റ്റ്, ചെറുകഥാകാരന്‍ എന്നീ നിലകളില്‍ സവിശേഷവ്യക്തിത്വം പുലര്‍ത്തിയിരുന്ന വ്യക്തിയാണ്, ജെ.കെ.വി. എന്ന കാഞ്ഞിരത്തിങ്കല്‍ വര്‍ക്കി ജോസഫ്.

ഇന്ന്, അദ്ദേഹത്തിൻ്റെ 27-ാം ചരമവാർഷിക ദിനം. സ്മരണാഞ്ജലികൾ!

‘ജീവിതം ധന്യമാണ്’ എന്ന ആദ്യകഥ എന്‍.വി. കൃഷ്ണവാര്യര്‍ ‘മാതൃഭൂമി’യില്‍ പ്രസിദ്ധപ്പെടുത്തുകയും വീണ്ടും എഴുതുവാന്‍ ജെ.കെ.വിയെ നിര്‍ബന്ധിക്കുകയും ചെയ്തു. മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ്ണതയാണ് ജെ.കെ.വി. കഥകളുടെ പ്രമേയം. അവയുടെ വൈകാരിക തീവ്രതയില്‍ അവയെ ആവിഷ്‌കരിക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചത്. അല്പം അകന്നുനിന്ന്, നിഗൂഢമായ ഹാസ്യത്തോടെ അമ്മാതിരി സന്ദര്‍ഭങ്ങളേയും വ്യക്തികളേയും അദ്ദേഹത്തിന് വിലയിരുത്താന്‍ സാധിച്ചു. ഒരുതരം ‘കറുത്ത ഹാസ്യം’ അവയെ ആവരണം ചെയ്യുന്നു. സമൂഹത്തിന്റെ പൊള്ളത്തരങ്ങളേയും, പൊയ്മുഖങ്ങളേയും സപരിഹാസം നോക്കുന്ന ദയാലുവായ ഒരു നിഷേധിയെ, ജെ.കെ.വി. കഥകളില്‍ കണ്ടു എന്നു വരാം. ആഖ്യാനത്തിലെ ചരിത്രഗൗരവാഭിനയവും, പാത്രസ്വഭാവസൃഷ്ടിയും, ക്ഷുദ്രങ്ങളേയും ഉദാത്തങ്ങളേയും ഏച്ചുകെട്ടുന്നതിലെ പൊരുത്തക്കേടുകളുമാണ് ജെ.കെ.വി. ശൈലിയുടെ സവിശേഷതകളായി നിരൂപകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒട്ടേറെ പുതുമയാര്‍ന്ന കഥകള്‍, ഏതാനും നോവലുകള്‍ എന്നിവയും രചിച്ചു.

മലയാള കഥാസാഹിത്യത്തിലെ ‘ആധുനികത‘ തുടങ്ങുന്ന കാലത്താണ് ജെ.കെ.വി. കഥാകൃത്തായി രംഗപ്രവേശം ചെയ്തത്. എന്നാല്‍, മനുഷ്യജീവിത ചിത്രണത്തിനു പകരം, വെറും ‘കഥയില്ലായ്മകളെ‘ കഥകളാണ് എന്ന് നടിക്കാനോ വിളിച്ചുകൂവാനോ അദ്ദേഹം ഒരുമ്പെട്ടില്ല. ‘സഹാറായുടെ വിലാപം’, ‘ജെ.കെ.വി. കഥകള്‍‘ എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. എസ്.പി.സി.എസും, ഡി.സി.യും ജെ.കെ.വി.യുടെ തിരഞ്ഞെടുത്ത കഥകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

പന്ത്രണ്ടു നോവലുകള്‍ ജെ.കെ.വി രചിച്ചു – അവയില്‍ ചിലത് നോവലുകളുടെ സമാഹാരങ്ങളാണ്. നോവലുകളിലും ചിന്താപരമായ നര്‍മ്മവും വിമർശനവും പ്രകടമാണ്. ഇരുന്നൂറിലധികം കഥകളും അദ്ദേഹത്തിൻ്റെതായി ഉണ്ട്.

വലിച്ചാൽ നീളുന്ന പ്രതിഭാസം’; ‘ധ്യാനത്തിന്റെ അരുവിയിൽ’; ‘ഭക്ഷ്യക്ഷാമം’; ‘നഗര പിതാവ്’; ‘മാ മഹാഭാരതം’; ‘സെക്സുണ്ട് സ്റ്റണ്ടുണ്ട്’; ‘ചെന്നു കണ്ടു കീഴടക്കി’; ‘ഹംസഗാനം’; ‘കഥ’; ‘ജെ.കെ.വി. കഥകള്‍‘ (രണ്ടു ഭാഗം) തുടങ്ങിയവയാണ് ജെകെവി-യുടെ കൃതികൾ.

അഷ്ടമംഗല്യം’ (1977- സംവിധാനം: പി ഗോപികുമാർ) എന്ന സിനിമയുടെ കഥ ജെ. കെ. വി.-യുടേതാണ്.

മീനച്ചില്‍ താലൂക്കില്‍ കടനാട്ടുകരയില്‍ (കടനാട്- പാലാ) ആണ് 1930 ഒക്‌ടോബര്‍ ഒന്നിന് അദ്ദേഹം ജനിച്ചത്. സാമാന്യ വിദ്യാഭ്യാസം മാത്രമുള്ള ഒരു കര്‍ഷകന്‍ ആയിരുന്നു പിതാവ്, കാഞ്ഞിരത്തിങ്കല്‍ ചുമ്മാര്‍ വര്‍ക്കി. അമ്മ ഞാവള്ളില്‍ വിലങ്ങുപാറ ത്രേസ്യ. കടനാട്ട് പ്രാഥമിക വിദ്യാഭ്യാസം; തുടർന്ന് തിരുവനന്തപുരം സെന്റ് ജോസഫ് സ്‌ക്കൂള്‍, യൂണിവേഴ്‌സിറ്റി കോളേജ്, തേവര സേക്രഡ്ഹാര്‍ട്‌സ് കോളേജ്, കല്‍ക്കട്ട യൂണിവേഴ്‌സിറ്റി കോളേജ്, മൈസൂര്‍ എന്നിവിടങ്ങളില്‍ ആയിരുന്നു അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസം.

തിരുവനന്തപുരത്തു യൂണിവേഴ്‌സിറ്റി കോളേജില്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോഴാണ് വായന കാര്യമായി തുടങ്ങിയത്. ഇക്കണോമിക്‌സ്, ഇംഗ്‌ളീഷ്, തത്ത്വശാസ്ത്രം ഇവയില്‍ തല്പരനായത് സേക്രഡ്ഹാര്‍ട്ട്‌സ് കോളേജിലെ പഠനകാലത്ത്. കല്‍ക്കട്ടയില്‍ പത്രപ്രവര്‍ത്തനവും നിയമവും പഠിക്കുന്ന കാലത്താണ് എഴുതാന്‍ തുടങ്ങിയത്. നിയമപഠനം പൂര്‍ത്തിയാക്കിയില്ല.

‘സ്റ്റേറ്റ്‌സ്മാന്‍’ പത്രത്തില്‍, പത്രാധിപസമിതി അംഗം എന്ന നിലയില്‍ നാലുകൊല്ലത്തോളം ജോലിയെടുത്തു. ‘ലൈഫ്’ മാസികയുടെ പത്രാധിപരായും കുറച്ചുകാലം ജോലിചെയ്തു. പിന്നീട് അതു ഉപേക്ഷിച്ച് നാട്ടിലെത്തി. പാല സെന്റ് ജോസഫ്‌സ് പാരലല്‍കോളേജില്‍ കുറച്ചുകാലം ഇംഗ്‌ളീഷ് അദ്ധ്യാപകനായി. മലബാറില്‍ കുറെ സ്ഥലം വാങ്ങി റബ്ബര്‍ കൃഷിചെയ്തു. എന്നാല്‍ 1960-കളുടെ ആരംഭത്തില്‍ ആ സ്ഥലം വിറ്റു. മൈസൂറില്‍ പോയി പഠിച്ച് രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടി.

ചങ്ങനാശ്ശേരിയില്‍ സ്ഥിരതാമസം ആക്കിയശേഷം ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജെ.കെ.വി. ഇംഗ്‌ളീഷിലും മലയാളത്തിലും ലേഖനങ്ങള്‍ എഴുതി – ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദു, മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളില്‍.

മോളി ജോസഫ് ആണ് ഭാര്യ. അവര്‍ ചങ്ങനാശ്ശേരി അസ്സെംപ്ഷൻ കോളേജിൽ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു. മൂത്തമകൻ സന്തോഷ് ജെകെവി, പ്രസിദ്ധനായ എഴുത്തുകാരനാണ്; കേരള സാഹിത്യ അക്കാദമി നിർവാഹ സമിതി അംഗമായിരുന്ന ഇദ്ദേഹം ആ നിലയിൽ എൻ്റെ സഹപ്രവർത്തകനാണ്. സന്തോഷ് മാന്നാനം കെ.വി. കോളേജിൽ ജന്തുശാസ്ത്ര അദ്ധ്യാപകനും ആയിരുന്നു. ഇളയ മകൻ ചങ്ങാനാശ്ശേരിയിൽ ദന്തിസ്റ്റാണ്.

‘ഹംസഗാന‘ത്തിന്റെ അന്തരീക്ഷം തെക്കേ അമേരിക്കയിലെ ഒരു പര്‍വ്വതപ്രാന്തഗ്രാമമാണ്. ലോകത്തിന്റെ വിദൂരമായ കോണില്‍ നടന്ന ഒരു പ്രകൃതിക്ഷോഭം , മറ്റൊരു കോണിലെ എഴുത്തുകാരന്റെ മനസ്‌സിനെ സ്പര്‍ശിക്കുകയും ഭാവനയെ ഉണര്‍ത്തുകയും ചെയ്തു എന്നതിന് ഉദാഹരണമാണ് ‘ഹംസഗാനം’.

‘സെറിബ്രൽ ഇസ്‌കീമിയ’ എന്ന രോഗം ബാധിച്ച അദ്ദേഹം ഒന്നര വർ‍ഷത്തോളം കിടപ്പിലായി. 1999 ജൂണ്‍ 10-ന് ഹൃദയസ്തംഭനം മൂലം മരിച്ചു.

ആർ ഗോപാലകൃഷ്ണൻ

Send your news and Advertisements

You may also like

error: Content is protected !!