“ഇസ്രായേലിൻനാഥനായി
വാഴുമേകദൈവം……” ജാതിമത ഭേദമെന്യേ മലയാളികൾ എപ്പോഴും കേൾക്കാനിഷ്ടപ്പെടുന്നൊരു ഭക്തിഗാനം. കെ.ജി.മാർക്കോസ്
എന്ന ഗായകന്റെ അടയാളം. മാർക്കോസിന്റെ ശബ്ദത്തിൽമാത്രം കേൾക്കാനിഷ്ടം തോന്നുന്ന പാട്ട്. ഒരു കാലത്തെ സംഗീതശൈലിയുടെ പേരായിരുന്നു കെ.ജി.മാർക്കോസ്. യേശുദാസിന്റെ ശബ്ദവും ശൈലിയും അനുകരിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചെങ്കിലും മാർക്കോസ് പാടിക്കൊണ്ടേയിരുന്നു. കാരണം മാർക്കോസ് സ്നേഹിച്ചത് സംഗീതത്തെയായിരുന്നു.
കോളേജിൽ പഠിക്കുമ്പോൾതന്നെ പ്രൊഫഷണൽ ഗാനമേളയുമായിറങ്ങിയ മാർക്കോസിന്റെ വളർച്ച അതിവേഗമായിരുന്നു. മാസത്തിൽ 40..45 പ്രോഗ്രാമുകൾ. ഇതിനിടയിൽ കാസെറ്റുകൾക്കായുള്ള റെക്കോഡിംഗ്. ഓണത്തിനും ക്രിസ്മസിനുമൊക്കെ മാർക്കോസിന്റെ ഗാനങ്ങൾക്കായി സ്റ്റുഡിയോകൾ കാത്തുനിന്നു. ഹിറ്റുകളിൽനിന്നും ഹിറ്റുകളിലേക്ക് മാർക്കോസ് മാറി.
ഗാനമേള വേദികൾ ജനസമുദ്രമാക്കി മാർക്കോസ് പടരുകയായിരുന്നു. ഗാനമേളകളിൽ സ്റ്റീരിയോസിസ്റ്റം ഉൾപ്പെടുത്തിയുള്ള മാർക്കോസിന്റെ പരീക്ഷണം ജനങ്ങൾക്ക് വലിയ കൗതുകമായി.
ഗായകൻ യേശുദാസ് തിരുവനന്തപുരത്ത് തരംഗിണിക്ക് മാത്രമായി പാടിത്തുടങ്ങിയപ്പോൾ തരംഗിണിക്കു ബദലായി എറണാകുളത്ത് “രഞ്ജിനി“യെന്ന കാസറ്റ് കമ്പനിയെത്തി. തരംഗിണിയും, രഞ്ജിനിയും തമ്മിൽ അക്കാലത്ത് ആരോഗ്യകരമായ ഒരുമത്സരവും ഉണ്ടായിരുന്നു. മാർക്കോസാണ് രഞ്ജിനിയ്ക്കു വേണ്ടിപാടുന്നത്. തരംഗിണി ഒരു ഭക്തിഗാനം ചെയ്യുമ്പോൾ രഞ്ജിനിയും ഒരെണ്ണംചെയ്യും. അങ്ങനെ വർഷങ്ങളോളം ആ മത്സരം നീണ്ടു. രഞ്ജിനിയാകട്ടെ അപ്പോഴേക്കും സ്റ്റീരിയോ റെക്കോഡിങ്ങും ആരംഭിച്ചു.
“കേൾക്കാത്തശബ്ദം” എന്ന ചിത്രത്തിലൂടെ, സുഹൃത്തുകൂടിയായ ബാലചന്ദ്രമേനോനാണ് മാർക്കോസിന് സിനിമയിൽ ആദ്യ അവസരം നൽകിയത്. ഗായിക ജെൻസിയുമായി ചേർന്നു പാടിയ “കന്നിപ്പൂമാനം കണ്ണുംനട്ടുഞാൻ...” എന്ന ഗാനം എക്കാലത്തെയും ഹിറ്റുകളുടെ പട്ടികയിലിടംപിടിച്ചു..
“കടലിലുംകരയിലും
നവനവരാഗം ചാർത്തി….” (രതിലയം)
“ആകാശമൗനം….” (മൈനാകം)
“മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ….” (ഗോഡ്ഫാദർ)
“പൂമാനമേ ഒരുരാഗമേഘം താ….” (നിറക്കൂട്ട്)
“പൊൻമേഘമോ പ്രേമസന്ദേശ….” (ഉപഹാരം)
“കടലേഴുംതാണ്ടുന്ന കാറ്റേ…” (കടലോരക്കാറ്റ്)
“താലോലം പൂംപൈതലെ…” (നാടോടി)
“പുത്തൻപുതുക്കാലം…..” (കാബൂളിവാല)
അങ്ങനെ മാർക്കോസ് പാടിയ എത്രയെത്ര ഹിറ്റുകളാണ് നമ്മുടെ മനസ്സിൽ ഒഴുകിയെത്തുന്നത്.
ആൽബം പാട്ടുകളെപ്പറ്റിയും, പാടിവച്ച ഭക്തിഗാനങ്ങളെപ്പറ്റിയും പറയാനാണെങ്കിൽ ഒരുപാടുണ്ട്. തന്റേതായ സംഗീത ശെെലികൊണ്ട് മലയാള പ്രേക്ഷക മനസുകളിൽ ഇടം കണ്ടെത്തിയ ഗായകനാണ് കെ.ജി മാർക്കോസ്. പലഘട്ടങ്ങളിലും പലയിടത്തുനിന്നും ഒരുപാട് മാറ്റിനിർത്തപ്പെട്ടിട്ടുമുണ്ട്. പക്ഷേ ഗാംഭീര്യമാർന്ന ആശബ്ദത്തെ ഇഷ്ടപ്പെടുന്ന ഒരുപാട് ആസ്വാദകരുണ്ട് മലയാളത്തിൽ. അവർക്കിപ്പോഴും മാർക്കോസിന്റെ പാട്ടുകൾ ജീവനാണ്.
ഗായകൻ മാർക്കോസിന്റെ ജന്മദിനമാണിന്ന് (10 June 1958) 67-ന്റെ നിറവിൽ.
മാർക്കോസ് ഇപ്പോഴും പാടുകയാണ്. ഇനിയും നമുക്കായി അദ്ദേഹം പാടി നിറയ്ക്കട്ടെ, നമ്മുടെ മനസ്സുകളിൽ.
മാർക്കോസിന് പിറന്നാൾ ആശംസകൾ നേരുന്നു.
വിനോദ് കട്ടച്ചിറ

