Wednesday, June 10, 2026
Home » അഫ്ഗാനിസ്ഥാനിൽ പാക്ക് വ്യോമാക്രമണം: 11 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു.

അഫ്ഗാനിസ്ഥാനിൽ പാക്ക് വ്യോമാക്രമണം: 11 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു.

by Editor

അഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രവിശ്യകളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ 11 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു. ഇന്നലെ (ജൂൺ 9 ചൊവ്വാഴ്ച) രാത്രിയാണ് ജനവാസ മേഖലകളെ ലക്ഷ്യമിട്ട് ഈ ആക്രമണമുണ്ടായത്. അഫ്ഗാനിസ്ഥാന്റെ അതിർത്തി പ്രവിശ്യകളായ ഖോസ്ത് (Khost), കുനാർ (Kunar), പക്തിക (Paktika) എന്നിവിടങ്ങളിലെ ജനവാസ മേഖലകളിലാണ് പാക് വ്യോമസേന ബോംബാക്രമണം നടത്തിയത്.

പാക്കിസ്ഥാൻ വീണ്ടും അഫ്ഗാൻ വ്യോമാതിർത്തി ലംഘിച്ചുവെന്നും ഈ മനുഷ്യത്വ രഹിതമായ കുറ്റകൃത്യത്തെയും ആക്രമണത്തെയും അഫ്ഗാനിസ്ഥാൻ ശക്‌തമായി അപലപിക്കുന്നതായും താലിബാൻ നേതൃത്വത്തിലുള്ള അഫ്ഗാനിസ്ഥാൻ ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് എക്സിൽ പങ്കുവച്ച പോസ്‌റ്റിൽ വ്യക്തമാക്കി.

ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 14-ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചില പ്രാദേശിക മാധ്യമങ്ങൾ മരണസംഖ്യ 19 വരെ ഉയർന്നതായും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഖോസ്ത് പ്രവിശ്യയിലെ സ്‌പേര ജില്ലയിൽ ഒരു വീടിന് നേരെ നടന്ന ആക്രമണത്തിൽ ആ വീട്ടിലെ പത്തുപേരിൽ ഒമ്പതുപേരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

തങ്ങളുടെ വടക്കുപടിഞ്ഞാറൻ അതിർത്തികളിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നീക്കമെന്ന് പാക്കിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അതാവുള്ള തരാർ അറിയിച്ചു. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭീകരരുടെ താവളങ്ങളും പരിശീലന കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ‘കാലിബ്രേറ്റഡ് സ്ട്രൈക്കുകൾ’ നടത്തിയതെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം.

ഫെബ്രുവരി അവസാനം അഫ്ഗാനിസ്‌ഥാൻ പാക്ക് വ്യോമാക്രമണങ്ങൾക്ക് തിരിച്ചടി നൽകിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ സംഘർഷം ഉടലെടുത്തിരുന്നു. മാസങ്ങളായി തുടരുന്ന അതിർത്തിയിലെ ഈ ഏറ്റുമുട്ടലുകളിൽ നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിൽ താൽക്കാലിക വെടിനിർത്തൽ കരാർ നേരത്തെ ഉണ്ടായിരുന്നു.

2021-ൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും അധികാരത്തിലെത്തിയതു മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ രൂക്ഷമാണ്. പാക്കിസ്ഥാനെതിരെ ആക്രമണം നടത്തുന്ന തെഹ്‌രിക്-ഇ-താലിബാൻ പാക്കിസ്ഥാൻ (TTP) പോലുള്ള ഭീകരസംഘടനകൾക്ക് അഫ്ഗാൻ താലിബാൻ അഭയം നൽകുന്നുവെന്നാണ് പാക്കിസ്ഥാന്റെ പ്രധാന ആരോപണം.

Send your news and Advertisements

You may also like

error: Content is protected !!