Wednesday, June 10, 2026
Home » ഏറ്റവും കൂടുതല്‍ കാലം ഇന്ത്യ ഭരിച്ച ‘തിരഞ്ഞെടുക്കപ്പെട്ട’ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി.
പ്രധാനമന്ത്രി

ഏറ്റവും കൂടുതല്‍ കാലം ഇന്ത്യ ഭരിച്ച ‘തിരഞ്ഞെടുക്കപ്പെട്ട’ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി.

നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മോദി

by Editor

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ഭരണം നടത്തിയ ‘തിരഞ്ഞെടുക്കപ്പെട്ട’ പ്രധാനമന്ത്രി എന്ന ചരിത്ര റെക്കോര്‍ഡാണ് നരേന്ദ്ര മോദി ഇന്ന് സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയെന്ന നേട്ടം ജവാഹർലാൽ നെഹ്റുവിനെ പിന്തള്ളിയാണ് നരേന്ദ്ര മോദി സ്വന്തം പേരിലാക്കിയത്.

2014 മെയ് 26-നാണ് നരേന്ദ്ര മോദി ആദ്യമായി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇന്ന്, 2026 ജൂൺ 10-ഓടെ അദ്ദേഹത്തിൻ്റെ തുടർച്ചയായ ഭരണം 4,399 ദിവസങ്ങൾ പിന്നിട്ടു. ഇന്ത്യയിൽ ആദ്യ പൊതുതിരഞ്ഞെടുപ്പിന് ശേഷം 1952 മെയ് 13-ന് തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി ചുമതലയേറ്റ് 1964 മെയ് 27 വരെ തുടർച്ചയായി 4,398 ദിവസങ്ങൾ പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിൻ്റെ റെക്കോർഡാണ് ഇതോടെ തിരുത്തിക്കുറിക്കപ്പെട്ടത്.

രാഷ്ട്രീയ പാരമ്പര്യങ്ങളോ കുടുംബ മഹിമയോ ഇല്ലാതെ, ഒരു സാധാരണ സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തിൽ നിന്ന് രാജ്യത്തിന്റെ പരമോന്നത ഭരണനേതൃത്വത്തിലേക്ക് ഉയർന്നുവന്ന നരേന്ദ്ര മോദിയുടെ ജീവിതം ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ കരുത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വിവിധ സ്വതന്ത്ര ആഗോള സർവേകളിൽ ലോകത്തിലെ ഏറ്റവും ജനപ്രിയ ജനാധിപത്യ നേതാവായി നരേന്ദ്ര മോദി പലതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ, ലോകത്തെ മുപ്പതിലധികം രാജ്യങ്ങൾ അവരുടെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

ഈ അവസരത്തിൽ തന്റെ സർക്കാരിന്റെ കഴിഞ്ഞ 12 വർഷത്തെ പ്രധാന നേട്ടങ്ങൾ എടുത്തുപറയുകയാണ് പ്രധാനമന്ത്രി മോദി. ക്ഷേമ പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, നികുതി ഇളവുകൾ, സ്ത്രീ ശാക്തീകരണം, ദേശീയ സുരക്ഷാ സംരംഭങ്ങൾ തുടങ്ങിയ നേട്ടങ്ങളാണ് പ്രധാനമന്ത്രി ഉയർത്തിക്കാണിച്ചിരിക്കുന്നത്. ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യം നേടുന്നതിനായി ‘സേവനം, സദ്ഭരണം, സമൃദ്ധി’ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തന്റെ സർക്കാർ തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം എക്‌സിലൂടെ അറിയിച്ചു.

സർക്കാർ ക്ഷേമ പദ്ധതികൾ വഴി 81 കോടിയിലധികം ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പി.എം.എ.വൈ. (PM Awas Yojana) വഴി 4 കോടിയിലധികം വീടുകളുടെ നിർമ്മാണം, ഉജ്ജ്വല (Ujjwala) പദ്ധതി വഴി 10.5 കോടിയിലധികം എൽ.പി.ജി. കണക്ഷനുകളുടെ വിതരണം, രാജ്യത്തുടനീളം 12 കോടിയിലധികം ശൗചാലയങ്ങളുടെ നിർമ്മാണം എന്നിവയും അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎം-കിസാൻ പദ്ധതി പ്രകാരം 4.3 ലക്ഷം കോടി രൂപയിൽ അധികം കർഷകർക്ക് നേരിട്ട് കൈമാറി. 2 ലക്ഷം കോടി രൂപയിൽ അധികം വിലമതിക്കുന്ന വിള ഇൻഷുറൻസ് ക്ലെയിമുകൾ നാല് കോടിയിൽ അധികം കർഷകർക്ക് നൽകി.

32 കോടിയിലധികം ജൻധൻ ബാങ്ക് അക്കൗണ്ടുകൾ സ്ത്രീകൾക്കായി തുറന്നതായും സായുധ സേനയിൽ വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മിഷൻ നൽകിയതായും അറിയിച്ചു. ‘ലക്ഷ്‌പതി ദീദി’ (Lakhpati Didi) പരിപാടിയിലൂടെ 3 കോടി സ്ത്രീകൾ പ്രതിവർഷം കുറഞ്ഞത് 1 ലക്ഷം രൂപ വരുമാനം നേടിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ആയുഷ്‌മാൻ ഭാരത് പദ്ധതി 60 കോടിയിലധികം ആളുകൾക്ക് പ്രയോജനം നൽകിയിട്ടുണ്ട്, ഇപ്പോൾ 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ നൽകുന്നു. രാജ്യത്തുടനീളം 19,000-ൽ അധികം ജൻ ഔഷധി കേന്ദ്രങ്ങൾ വഴി 90 ശതമാനം വരെ കിഴിവോടെ കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38,400 കോടി രൂപയായി ഉയർന്നിട്ടുണ്ടെന്നും, ഭീകരവാദത്തിനും ഇടതുപക്ഷ തീവ്രവാദത്തിനുമെതിരായ പോരാട്ടം ശക്തമാക്കിയതിന് അദ്ദേഹം തന്റെ സർക്കാരിനെ അഭിനന്ദിച്ചു. രാജ്യത്തെ മെട്രോ റെയിൽ ശൃംഖല 26 നഗരങ്ങളിലായി 1,100 കിലോമീറ്ററിലധികമായി വികസിപ്പിച്ചു. 164 വന്ദേ ഭാരത് ട്രെയിനുകൾ നിലവിൽ പ്രവർത്തിക്കുന്നു. രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണവും 74 ൽ നിന്ന് 164 ആയി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. അടൽ സേതു, സുദർശൻ സേതു, ചെനാബ് റെയിൽവേ പാലം, ബോഗിബീൽ പാലം, പാമ്പൻ കടൽ പാലം എന്നിവ പ്രധാനമന്ത്രി മോദി എടുത്ത് പറഞ്ഞു.

അടുത്തിടെയുള്ള ആദായനികുതി പരിഷ്‌കാരങ്ങളും പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ഈ പുതിയ നികുതി വ്യവസ്ഥയിൽ പ്രതിവർഷം 12.75 ലക്ഷം രൂപ വരെ വരുമാനം നേടുന്ന വ്യക്തികൾക്ക് ആദായനികുതിയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാമക്ഷേത്ര നിർമ്മാണം, കാശി വിശ്വനാഥ് ധാം, മഹാകാൽ ലോക്, കേദാർനാഥ് ധാം തുടങ്ങിയ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളുടെ പുനർനിർമ്മാണം എന്നിവയെല്ലാം ഉദ്ധരിച്ച്, ഇന്ത്യയുടെ സാംസ്‌കാരികവും ആത്മീയവുമായ പൈതൃകം സംരക്ഷിക്കാനുള്ള ശ്രമങ്ങളാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. രാജ്പഥിന് കർത്തവ്യ പഥ് എന്ന് പേര് മാറ്റിയതും, ഛത്രപതി ശിവാജി മഹാരാജിന്റെ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള പുതിയ നാവിക പതാക സ്വീകരിച്ചതും ഉൾപ്പെടെ, കൊളോണിയൽ കാലഘട്ടത്തിലെ ചിഹ്നങ്ങൾ ഒഴിവാക്കാൻ സ്വീകരിച്ച നടപടികളും അദ്ദേഹം നേട്ടങ്ങളായി എടുത്ത് പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!