Monday, July 27, 2026
Home » ഓസ്‌ട്രേലിയയിൽ നാഷണൽ മൊബൈൽ അലേർട്ട് ടെസ്റ്റ് – ഇന്ന് ഉച്ചയ്ക്ക്
ഓസ്‌ട്രേലിയയിൽ നാഷണൽ മൊബൈൽ അലേർട്ട് ടെസ്റ്റ് - ഇന്ന് ഉച്ചയ്ക്ക്

ഓസ്‌ട്രേലിയയിൽ നാഷണൽ മൊബൈൽ അലേർട്ട് ടെസ്റ്റ് – ഇന്ന് ഉച്ചയ്ക്ക്

by Editor

കാൻബറ: ഓസ്‌ട്രേലിയയിൽ പുതിയതായി നടപ്പാക്കുന്ന ദേശീയ എമർജൻസി മുന്നറിയിപ്പ് സംവിധാനമായ ഓസ് അലേർട്ട് (AusAlert) പരിശോധിക്കുന്നതിനായി ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് രാജ്യവ്യാപക പരീക്ഷണം നടക്കും. ക്വീൻസ്‌ലാൻഡ് (QLD), ന്യൂ സൗത്ത് വെയ്ൽസ് (NSW), വിക്ടോറിയ (VIC), ടാസ്മേനിയ (TAS), ഓസ്‌ട്രേലിയൻ കാപ്പിറ്റൽ ടെറിട്ടറി (ACT) തുടങ്ങിയ സ്ഥലങ്ങളിൽ ഉച്ചയ്ക്ക് 2:00 PM (AEST) ആയിരിക്കും അലെർട്ട് വരുക. സൗത്ത് ഓസ്‌ട്രേലിയ (SA), നോർത്തേൺ ടെറിട്ടറി (NT), ബ്രോക്കൺ ഹിൽ എന്നിവിടങ്ങളിൽ 1.30 നും വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ (WA) ഉച്ചയ്ക്ക് 12:00 PM നും ആയിരിക്കും നിങ്ങളുടെ ഫോണിൽ സന്ദേശം ലഭിക്കുന്നത്.

ടെസ്റ്റ് സമയത്ത് നിങ്ങളുടെ ഫോൺ വൈബ്രേറ്റ് ചെയ്യുകയും 10 സെക്കൻഡ് നീണ്ടുനിൽക്കുന്ന വലിയ സൈറൺ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും. ഫോൺ ‘Silent’ അല്ലെങ്കിൽ ‘Do Not Disturb’ മോഡിൽ ആണെങ്കിൽ പോലും ഈ ശബ്ദം കേൾക്കാം. ഇതൊരു സിസ്റ്റം പരിശോധന മാത്രമാണ്. സ്ക്രീനിൽ വരുന്ന മെസ്സേജിൽ ഇതൊരു ‘Test’ ആണെന്ന് വ്യക്തമായി എഴുതിയിട്ടുണ്ടാകും എന്ന് അധികൃതർ അറിയിച്ചു. 4G, 5G നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഭൂരിഭാഗം സ്മാർട്ട്‌ഫോണുകളിലും, ചില സ്മാർട്ട് വാച്ചുകളിലും ടാബ്‌ലെറ്റുകളിലും ഈ അലേർട്ട് വരും.

നിങ്ങൾക്ക് ഈ അലേർട്ട് ശബ്ദം കേൾക്കാൻ താല്പര്യമില്ലെങ്കിലോ, സുരക്ഷാ കാരണങ്ങളാൽ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഫോണുകൾ ഉണ്ടെങ്കിലോ അലേർട്ട് വരുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഫോൺ പൂർണ്ണമായും ഓഫ് ചെയ്യുകയോ അല്ലെങ്കിൽ എയർപ്ലെയിൻ മോഡിലാക്കുകയോ (Aeroplane Mode) ചെയ്യുക.

ഓസ് അലേർട്ട് (AusAlert) എന്നത് ഓസ്‌ട്രേലിയയിലെ നിലവിലുള്ള എസ്.എം.എസ് (SMS) അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനങ്ങൾക്ക് പകരമായി ഓസ്‌ട്രേലിയൻ ഗവൺമെന്റ് കൊണ്ടുവരുന്ന ഏറ്റവും പുതിയതും അത്യാധുനികവുമായ ദേശീയ അടിയന്തര മുന്നറിയിപ്പ് പ്ലാറ്റ്‌ഫോമാണ്. 2020-ലെ ‘ബ്ലാക്ക് സമ്മർ’ ബുഷ്‌ഫയർ റോയൽ കമ്മീഷൻ ശുപാർശകളെ തുടർന്നാണ് ഈ സംവിധാനം വികസിപ്പിച്ചത്. പുതിയ ഓസ് അലേർട്ട് സെൽ ബ്രോഡ്കാസ്റ്റ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇത് മൊബൈൽ ടവറുകളിൽ നിന്ന് റേഡിയോ സിഗ്നലുകൾ പോലെ ഒരേസമയം ആ പരിധിയിലുള്ള എല്ലാ ഫോണുകളിലേക്കും സന്ദേശം എത്തിക്കുന്നു. ഇതിന് നെറ്റ്‌വർക്ക് തിരക്ക് ഒരു തടസ്സമാകില്ല. ഫോണിൽ ആക്ടീവ് ആയ സിം കാർഡ് (SIM Card) ഇല്ലെങ്കിൽ പോലും ഈ സുരക്ഷാ സന്ദേശങ്ങൾ ലഭിക്കും.

ഒരു ദുരന്തബാധിത പ്രദേശത്തിന്റെ അതിർത്തികൾക്ക് ഉള്ളിലോ, അല്ലെങ്കിൽ വെറും 160 മീറ്റർ ചുറ്റളവിലുള്ള ആളുകളിലേക്ക് വരെ കൃത്യമായി സന്ദേശം എത്തിക്കാൻ ഈ സിസ്റ്റത്തിന് സാധിക്കും എന്നാണ് റിപ്പോർട്ടുകൾ. ഓസ് അലേർട്ട് സംവിധാനം നിങ്ങളുടെ മൊബൈൽ നമ്പറോ, പേരോ, അല്ലെങ്കിൽ നിങ്ങളുടെ കൃത്യമായ ലൊക്കേഷനോ ശേഖരിക്കുകയോ സൂക്ഷിക്കുകയോ ഇല്ല. ഗവൺമെന്റിന് നിങ്ങളെ ട്രാക്ക് ചെയ്യാൻ കഴിയില്ലെന്ന് നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി (NEMA) വ്യക്തമാക്കിയിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!