അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) എട്ട് മാസം നീണ്ട ചരിത്രപരമായ ദൗത്യം വിജയകരമായി പൂർത്തിയാക്കി എക്സ്പെഡിഷൻ 74 (Expedition 74) സംഘം ഭൂമിയിൽ തിരിച്ചെത്തി. മൂന്ന് ബഹിരാകാശ സഞ്ചാരികൾ അടങ്ങിയ ഈ സംഘം സഞ്ചരിച്ച റഷ്യയുടെ സോയൂസ് എംഎസ്-28 (Soyuz MS-28) പേടകം, കസാഖിസ്ഥാനിലെ സ്റ്റെപ്പി മേഖലയിലാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്. സംഘം മടങ്ങിയതോടെ ബഹിരാകാശ നിലയത്തില്‍ ഇനി അവശേഷിക്കുന്നത് മലയാളിയായ അനില്‍ മേനോന്‍ ഉള്‍പ്പടെ ഏഴ് പേരാണ്.
നാസയുടെ ക്രിസ് വില്യംസ് (Chris Williams), റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ സെർജി കുഡ്-സ്വെർച്ച്കോവ് (Sergey Kud-Sverchkov), സെർജി മികായേവ് (Sergei Mikaev) എന്നിവരാണ് ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയിലേക്ക് തിരിച്ചെത്തിയത്. ഉച്ചയ്ക്ക് 12.33-ന് സോയൂസ് പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക് ചെയ്ത് ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചു. വൈകിട്ട് 3.55ന് കസാഖിസ്താനില്‍ ആണ് ലാന്‍ഡ് ചെയ്തത്. പാരച്യൂട്ട് ഉപയോഗിച്ച് കരയിലാണ് പേടകം ലാന്‍ഡ് ചെയ്തത്.
ദീർഘകാല ബഹിരാകാശ യാത്രയോട് മനുഷ്യശരീരം എങ്ങനെ പൊരുത്തപ്പെടുന്നുവെന്നത് വിലയിരുത്തുന്നതിനുള്ള വിവിധ പരീക്ഷണങ്ങളും ആരോഗ്യപഠനങ്ങളുമാണ് സംഘം നടത്തിയത്. ബഹിരാകാശത്തെയും ഭൂമിയിലെയും ആരോഗ്യപ്രശ്നങ്ങൾക്ക് പുതിയ ചികിത്സാരീതികൾ വികസിപ്പിക്കാൻ സഹായകമായ ഗവേഷണങ്ങളും ദൗത്യത്തിൻ്റെ ഭാഗമായി പൂർത്തിയാക്കി. എക്സ്പെഡീഷൻ 74 നടത്തിയ പഠനങ്ങളുടെ തുടർച്ചയാണ് മലയാളിയായ അനിൽ മേനോൻ ഉൾപ്പെട്ട എക്‌സ്‌പെഡീഷൻ 75 സംഘം ഇനി മുന്നോട്ടുകൊണ്ടുപോകുക.

