Friday, June 12, 2026
Home » ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു
ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

by Editor

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും പ്രമുഖ പരിശീലകനുമായ ജസ്പാൽ റാണ (49) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ന്യൂഡൽഹിയിലെ മാക്സ് ആശുപത്രിയിലായിരുന്നു  അന്ത്യം. ജർമ്മനിയിലെ മ്യൂണിക്കിൽ നടന്ന ഐ.എസ്.എസ്.എഫ് (ISSF) ലോകകപ്പിന് ശേഷം മടങ്ങിവരുന്നതിനിടെയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്തിരുന്നു. ഹൃദയത്തിലെ തടസ്സം നീക്കുന്നതിനായി സ്റ്റെന്റ് സ്ഥാപിച്ചു.

ഏതാനും ദിവസങ്ങൾക്കു ശേഷം രണ്ടാമതൊരു സ്റ്റെന്റ് കൂടി ഇടാൻ തീരുമാനിച്ചിരുന്നു. ജസ്പാൽ അപകടനില തരണം ചെയ്ത്, സുഖം പ്രാപിച്ചു വരികയാണെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇന്നലെ രാത്രി ആരോഗ്യസ്ഥിതി വീണ്ടും വഷളാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

1976 ജൂൺ 28 ന് ഉത്തരാഖണ്ഡിൽ ജനിച്ച റാണ 1994 ൽ മിലാനിൽ നടന്ന ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ലോക റെക്കോർഡ് സ്കോറോടെ സ്വർണം നേടി. ആ വർഷം തന്നെ ഏഷ്യൻ ഗെയിംസിൽ 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ സ്വർണം നേടി. ഏഷ്യൻ ഗെയിംസിൽ 4 സ്വർണ്ണം ഉൾപ്പെടെ എട്ട് മെഡൽ നേടിയിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ 9 സ്വർണ ഉൾപ്പെടെ 15 മെഡൽ നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ, അർജുന, ദ്രോണ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.

2006-ൽ ദോഹയിൽ നടന്ന ഏഷ്യൻ ഗെയിംസിലാണ് അദ്ദേഹത്തിന്റെ ഏറ്റവും അവിസ്മരണീയമായ പ്രകടനം നടന്നത്. മൂന്ന് സ്വർണ്ണ മെഡലുകൾ നേടുകയും 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ ലോക റെക്കോർഡ് ചെയ്തു. 18-ാം വയസ്സിൽ അർജുന അവാർഡ് ലഭിച്ച റാണ മൂന്ന് വർഷത്തിന് ശേഷം പത്മശ്രീ നൽകി ആദരിച്ചു. 1994, 1998, 2002, 2006 എന്നീ വർഷങ്ങളിൽ നാല് കോമൺ‌വെൽത്ത് ഗെയിംസുകളിൽ പങ്കെടുത്തിരുന്നു.

ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിൻ്റെ കോച്ചായ ജസ്‌പാൽ റാണ, താരത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ പരിശീലനത്തിന് കീഴിലാണ് പാരിസ് ഒളിംപിക്‌സിൽ മനു ഭാക്കർ ഇന്ത്യക്കായി രണ്ടു മെഡലുകൾ നേടിയത്.

Send your news and Advertisements

You may also like

error: Content is protected !!