കാൻബറ: ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി. മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ വംശജർക്കായി സംഘടിപ്പിക്കുന്ന മെൽബൺ മീറ്റ് മോഡി എന്ന സ്വീകരണ പരിപാടിയുടെ പ്രചാരണത്തിനായി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഭീഷണി കമന്റ് പ്രത്യക്ഷപ്പെട്ടത്. അബു മുസ്തഫ എന്ന പേരുള്ള അക്കൗണ്ടിൽ നിന്ന് അറബിയിലാണ് ഈ സന്ദേശം പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ചടങ്ങ് നടക്കുന്ന സമയത്ത് സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിട്ടില്ലെങ്കിൽ ഓസ്ട്രേലിയയിലേക്ക് വരുന്നത് മോദിയുടെ മരണത്തിലേക്കായിരിക്കും എന്നാണ് കമൻ്റിൻ്റെ ഉള്ളടക്കം എന്ന് ഓസ്ട്രേലിയ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഓസ്ട്രേലിയൻ സുരക്ഷാ ഏജൻസികൾ വിഷയത്തിൽ ഇടപെടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. ഔദ്യോഗിക സന്ദർശനത്തിനായി ജൂലൈ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓസ്ട്രേലിയയിൽ എത്താനിരിക്കെ അദേഹത്തിന് നേരെ ഉയർന്ന വധഭീഷണി സന്ദേശത്തിൽ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഭീഷണി സന്ദേശം അയക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടറിന്റെയോ മൊബൈലിന്റെയോ ഐപി അഡ്രസ് പൊലീസ് ഇതിനകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഐപി വിലാസത്തിന് മുൻപ് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളുമായോ ക്രിമിനൽ പശ്ചാത്തലവുമായോ ബന്ധമുണ്ടോ എന്ന് പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. നിലവിൽ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ലെങ്കിലും, ഭീഷണിക്ക് പിന്നിൽ കൃത്യമായ മറ്റ് ഗൂഢാലോചനകൾ ഉണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.
ഒരു രാജ്യത്തിന്റെ്റെ ഭരണത്തലവൻ എത്തുമ്പോൾ ഉണ്ടാകുന്ന ഇത്തരം സുരക്ഷാ വെല്ലുവിളികളെ അതീവ ഗൗരവത്തോടെയാണ് ഓസ്ട്രേലിയൻ ഭരണകൂടം കാണുന്നത്. ജൂലൈ എട്ട് മുതൽ 10 വരെയുള്ള സന്ദർശനത്തിനിടയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസിയുമായി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും. കാർഷിക, വ്യാപാര മേഖലകളിലെ നിർണായക കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കാൻ ഇരിക്കെയാണ് ഈ സുരക്ഷാ ഭീഷണി ഉയർന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മെൽബണിലും പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിലും ഓസ്ട്രേലിയൻ ഫെഡറൽ പൊലീസും പ്രത്യേക സുരക്ഷാ വിഭാഗങ്ങളും ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വൻതോതിൽ ശക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആറു ദിവസത്തെ വിദേശ പര്യടനം ജൂലൈ 6-ന് ആരംഭിക്കും. ഇന്തൊനീഷ്യ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര. ഇന്തോ-പസിഫിക് മേഖലയിൽ ഇന്ത്യയുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനും വ്യാപാര ബന്ധം ശക്തമാക്കുന്നതിനും മേഖലയിലെ രാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിക്കുന്നതിനും വേണ്ടിയാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്. ജൂലൈ 6 മുതൽ 11 വരെ നീണ്ടുനിൽക്കുന്ന തൃരാഷ്ട്ര സന്ദർശനത്തിൽ മോദി ആദ്യം എത്തുക ഇന്തൊനീഷ്യയിലാണ് ഇവിടെ നിന്നും ഓസ്ട്രേലിയയിൽ എത്തുന്ന പ്രധാനമന്ത്രി ന്യൂസീലൻഡ് സന്ദർശിച്ച ശേഷം മടങ്ങും. 2014-ൽ പ്രധാനമന്ത്രി ആയതിനു ശേഷം ഇതാദ്യമായിട്ടാണ് മോദി ന്യൂസീലൻഡിൽ എത്തുന്നത്. ന്യൂസീലൻഡിലേക്ക് കഴിഞ്ഞ നാൽപത് വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം കൂടിയാവും ഇത്.

