Wednesday, July 8, 2026
Home » ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം; ഒമാൻ തീരത്തിനടുത്ത് എണ്ണ കപ്പലിന് നേരെ ആക്രമണം

ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം; ഒമാൻ തീരത്തിനടുത്ത് എണ്ണ കപ്പലിന് നേരെ ആക്രമണം

by Editor

മസ്കറ്റ്: പശ്ചിമേഷ്യയിൽ നിലനിന്നിരുന്ന താൽകാലിക സമാധാന അന്തരീക്ഷത്തിന് വിരാമമിട്ട് ഒമാൻ തീരത്തിനടുത്ത് ലിമയ്ക്ക് സമീപം എണ്ണ കപ്പലിന് നേരെ മിസൈലാക്രമണം ഉണ്ടായി. അന്താരാഷ്ട്ര വാണിജ്യ പാതയിലൂടെ തെക്കോട്ട് സഞ്ചരിക്കുകയായിരുന്ന കപ്പലിൽ അജ്ഞാത വസ്‌തു പതിച്ചതിനെത്തുടർന്ന് ഇടത് ഭാഗത്ത് വൻ തീപിടിത്തമുണ്ടായതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സ്ഥിരീകരിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം ജീവനക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര മാരിടൈം ഏജൻസികൾ മേഖലയിലെ മറ്റ് കപ്പലുകൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി. ഇറാൻ സൈന്യം കപ്പലുകളെ ലക്ഷ്യമാക്കി കുറഞ്ഞത് രണ്ട് മിസൈലുകളെങ്കിലും തൊടുത്തുവിട്ടതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ ഔദ്യോഗികമായി ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും, ഇറാന്റെ നിർദ്ദേശങ്ങൾ അവഗണിച്ച് യുഎസ് നേവിയുടെ പിന്തുണയുള്ള റൂട്ടിലൂടെ സഞ്ചരിച്ചതിനാലാണ് മുന്നറിയിപ്പിന് പിന്നാലെ കപ്പൽ ആക്രമിക്കപ്പെട്ടതെന്ന് ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനൽ വ്യക്തമാക്കുന്നു.

ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖൊമേനിയുടെ വിയോഗത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ഒരാഴ്‌ചത്തെ താൽകാലിക വെടിനിർത്തൽ കരാർ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ സംഭവ വികാസം. താൽകാലിക ധാരണയുടെ കാലാവധി കഴിഞ്ഞതോടെ തങ്ങളുടെ തീരപ്രദേശങ്ങളിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അന്താരാഷ്ട്ര കപ്പൽ ചാനലിൽ നടന്ന ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് യു.എസ് കാണുന്നത്. സമാധാന കരാർ ലംഘിച്ച ഇറാന്റെ നടപടിക്ക് ശക്തമായ സൈനിക തിരിച്ചടി നൽകുന്നതിനെക്കുറിച്ച് യു.എസ് വൃത്തങ്ങൾ ആലോചിക്കുന്നതായാണ് സൂചന.

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ യാത്രകൾക്ക് തങ്ങൾ നിശ്ചയിക്കുന്ന റൂട്ടുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും തങ്ങൾക്ക് നികുതി നൽകണമെന്നുമാണ് ഇറാന്റെ നിലപാട്. എന്നാൽ യുഎസും ഗൾഫ് രാജ്യങ്ങളും ഇതിനെ ശക്തമായി എതിർക്കുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാത വീണ്ടും സുരക്ഷാ ഭീഷണിയിൽ ആയതോടെ ആഗോള വിപണിയിൽ ഇന്ധന വില ഉയരാനുള്ള സാധ്യതയേറി. അന്താരാഷ്ട്ര മാരിടൈം ഏജൻസികൾ നിലവിൽ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആയത്തുല്ല അലി ഖമനേയിയുടെ ശവസംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു; ടെഹ്റാനിൽ ജനസാഗരം.

Send your news and Advertisements

You may also like

error: Content is protected !!