Friday, July 10, 2026
Home » ഷാർജയിൽ നിന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് പോയ വിമാനം കാണാതായി

ഷാർജയിൽ നിന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് പോയ വിമാനം കാണാതായി

by Editor

കറാച്ചി: യുഎഇയിലെ ഷാർജയിൽ നിന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് പോയ കെ-2 എയർവേയ്‌സിന്റെ ബോയിംഗ് 737 കാർഗോ (ചരക്ക്) വിമാനം അറബിക്കടലിൽ കാണാതായി. അഞ്ച് ജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം 9:21 ഓടെയാണ് വിമാനവുമായുള്ള റഡാർ-റേഡിയോ ബന്ധം എയർ ട്രാഫിക് കൺട്രോളർമാർക്ക് പൂർണ്ണമായും നഷ്ടമായത്.

കറാച്ചിയിൽ നിന്ന് ഏകദേശം 287 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്ത് വെച്ചാണ് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. വിമാനം താഴേക്ക് ഇറങ്ങാൻ തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുൻപ് വിമാനത്തിലെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ സംഭവിച്ചതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചിരുന്നു. കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കെ2 എയർവേയ്‌സ്’ (K2 Airways) എന്ന സ്വകാര്യ ചരക്ക് വിമാനക്കമ്പനിയുടേതാണ് ഈ വിമാനം. വിമാനത്തിലെ അഞ്ച് ജീവനക്കാരുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നതായി കെ-2 എയർവേയ്‌സ് അധികൃതർ അറിയിച്ചു.

കാണാതായ വിമാനത്തിനായി പാക്കിസ്ഥാൻ നാവികസേന, വ്യോമസേന, സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവരുടെ നേതൃത്വത്തിൽ അറബിക്കടലിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പൽ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ട മേഖലയിലേക്ക് അടിയന്തരമായി നിയോഗിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ വ്യോമസേനയുടെ പ്രത്യേക SAAB വിമാനവും, നാവികസേനയുടെ ATR ടർബോപ്രോപ്പ് വിമാനവും ആകാശത്തുനിന്ന് പരിശോധന നടത്തുന്നുണ്ട്. നിലവിലുള്ള കാലവർഷക്കെടുതിയും (Monsoon) അറബിക്കടലിലെ ശക്തമായ തിരമാലകളും തിരച്ചിൽ ദൗത്യത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!