ക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ഭീകരാക്രമണത്തിൽ 11 പാക്ക് സൈനികരും 19 ഭീകരരും കൊല്ലപ്പെട്ടതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ബെല മേഖലയിൽ ക്വറ്റ-കറാച്ചി ഹൈവേയിൽ സഞ്ചരിച്ച സൈനിക വാഹനവ്യൂഹത്തിന് നേരെ ബലൂച് ലിബറേഷൻ ആർമി (BLA) പ്രവർത്തകർ റോക്കറ്റുകളും ഓട്ടോമാറ്റിക് ആയുധങ്ങളും ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ (JCO) ഉൾപ്പെടെ 11 സൈനികർ ആക്രമണത്തിൽ മരിച്ചു. മണിക്കൂറുകൾ നീണ്ട പ്രത്യാക്രമണത്തിൽ 19 ഭീകരരെ സൈന്യവും വധിച്ചു.
കഴിഞ്ഞ ദിവസം സിയാറത്ത് ജില്ലയിലെ പൊലീസ് പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിൽ 9 പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഈ ആഴ്ച ബലൂചിസ്ഥാനിൽ ഉണ്ടായ മൂന്ന് പ്രധാന ഭീകരാക്രമണങ്ങളിലായി 42 പേർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും പൊലീസുകാരും സൈനികരുമാണ്. ഇതിന് തിരിച്ചടിയായി സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണങ്ങളിൽ 54 ഭീകരരെ വധിച്ചതായും സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജൂലൈ 4 നു ക്വറ്റയുടെ പ്രാന്തപ്രദേശത്തുള്ള ഹന്ന ഉറകിൽ പ്രാദേശിക ജനങ്ങൾക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ 4 സാധാരണക്കാർ കൊല്ലപ്പെട്ടു. ജൂലൈ 6 -നു സിയാറത്ത് ജില്ലയിലെ മാംഗി അണക്കെട്ടിന് കാവൽ നിന്നിരുന്ന പൊലീസ് പോസ്റ്റിന് നേരെ ഉണ്ടായ വലിയ ആക്രമണത്തിൽ 18 പൊലീസുകാർ ആണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണങ്ങളും അതിനെതിരെയുള്ള കനത്ത സൈനിക പ്രത്യാക്രമണങ്ങളും കാരണം ബലൂചിസ്ഥാൻ പ്രവിശ്യ ഇപ്പോൾ പൂർണ്ണമായും കലുഷിതമാണ്.
പാക് അധീന കശ്മീരിലെ (PoK) അവസ്ഥയും അതീവ ഗുരുതരവും സ്ഫോടനാത്മകവുമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ കടുത്ത സാമ്പത്തിക ചൂഷണത്തിനും രാഷ്ട്രീയ അടിച്ചമർത്തലിനുമെതിരെ മേഖലയിൽ മാസങ്ങളായി തുടരുന്ന ജനകീയ സമരം ഇപ്പോൾ ഒരു വലിയ ആഭ്യന്തര കലാപത്തിന്റെ രൂപത്തിലേക്ക് മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര മാധ്യമങ്ങൾ വിവരങ്ങൾ അറിയാതിരിക്കാൻ ജൂൺ ആദ്യം മുതൽ തന്നെ ഇവിടെ ഇന്റർനെറ്റ്-മൊബൈൽ സേവനങ്ങൾ പാക് ഭരണകൂടം പൂർണ്ണമായി വിച്ഛേദിച്ചിരിക്കുകയാണ്.
തങ്ങളെ വെടിയുണ്ടകൾ കൊണ്ടാണ് പാക്കിസ്ഥാൻ നേരിടുന്നതെന്നും അതി കഠിനമായ ദുരിതത്തിലായതിനാൽ അതിർത്തിയിലെ (LoC) നിയന്ത്രണ രേഖകൾ നീക്കി തങ്ങളെ ഇന്ത്യയിലേക്ക് പോകാൻ അനുവദിക്കണമെന്നും സമരനേതാവായ അമൻ ഖാൻ പരസ്യമായി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. ഇന്ത്യ തങ്ങളെ സഹായിക്കണമെന്നും പ്രക്ഷോഭകർക്കിടയിൽ നിന്ന് ആവശ്യമുയരുന്നുണ്ട്.
പാക് അധിനിവേശ കശ്മീർ: ജനകീയ പ്രക്ഷോഭം അതിരൂക്ഷമാകുന്നു, പാക്കിസ്ഥാൻ സൈന്യം പിന്മാറണം എന്ന് ആവിശ്യം.

