മെൽബൺ: ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതി ചെയ്യുന്നതിനുള്ള ചരിത്രപരമായ കരാർ യാഥാർത്ഥ്യമായി. മെൽബണിൽ നടന്ന മൂന്നാമത് ഇന്ത്യ-ഓസ്‌ട്രേലിയ വാർഷിക ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയിലേക്ക് സമാധാനപരമായ ആവശ്യങ്ങൾക്കായി യുറേനിയം കയറ്റുമതി ചെയ്യുന്നതിനുള്ള ഭരണപരമായ നടപടികൾ പൂർത്തിയായതായി പ്രഖ്യാപിച്ചത്.
ഓസ്‌ട്രേലിയയിൽ നിന്നുള്ള യുറേനിയം ഇന്ത്യയുടെ ഊർജ്ജ ലക്ഷ്യങ്ങൾക്ക് പുതിയ വഴിത്തിരിവ് നൽകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഓസ്‌ട്രേലിയന്‍ യുറേനിയം ഇന്ത്യയുടെ ആണവോര്‍ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ഫോസില്‍ ഇന്ധനങ്ങളിലുള്ള ആശ്രയം കുറയ്‌ക്കാനും സഹായിക്കുമെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബനീസി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ 2014-15 കാലഘട്ടത്തിൽ സിവിൽ ആണവ സഹകരണ കരാർ ഒപ്പുവെച്ചിരുന്നെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള സാങ്കേതിക തടസ്സങ്ങൾ കാരണം വാണിജ്യാടിസ്ഥാനത്തിലുള്ള കയറ്റുമതി ഇതുവരെ സാധ്യമായിരുന്നില്ല. പുതിയ കരാറോടെ ഈ തടസ്സങ്ങളെല്ലാം നീങ്ങിയിരിക്കുകയാണ്.
2047-ഓടെ ആണവോർജ്ജ ഉത്പാദനം 100 ഗിഗാവാട്ടിലേക്ക് (100 GW) ഉയർത്താൻ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. നിലവിൽ കസാഖസ്താൻ, കാനഡ, റഷ്യ എന്നീ രാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യക്ക് ഓസ്‌ട്രേലിയയിൽ നിന്നുള്ള യുറേനിയം ഈ ലക്ഷ്യം വേഗത്തിൽ കൈവരിക്കാൻ സഹായിക്കും. പരമ്പരാഗത ഇന്ധനങ്ങൾക്ക് പകരമായി ആണവോർജ്ജം വ്യാപകമാക്കുന്നതിലൂടെ 2070-ഓടെ കാർബൺ ബഹിർഗമനം പൂർണ്ണമായും ഇല്ലാതാക്കുക (Net Zero Carbon) എന്ന ഇന്ത്യയുടെ ഹരിത ഊർജ്ജ ദൗത്യത്തിന് ഇത് വലിയ കരുത്താകും.
യുറേനിയം കരാറിന് പുറമെ പ്രതിരോധം, സുരക്ഷ, ക്രിട്ടിക്കൽ മിനറൽസ്, ബഹിരാകാശം എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കിയിട്ടുണ്ട്. ലിഥിയം, കോബാൾട്ട്, മാംഗനീസ് തുടങ്ങിയ ക്രിട്ടിക്കൽ മിനറൽസിന്റെ ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. ഊര്‍ജസുരക്ഷ, വിതരണ ശൃംഖലകളുടെ പ്രതിരോധശേഷി, നവീന ഊര്‍ജ വികസനം, കുറഞ്ഞ കാര്‍ബണ്‍ ഇന്ധനങ്ങളുടെ ഉപയോഗം എന്നിവയില്‍ സഹകരണം ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. കൽക്കരി, പ്രകൃതി വാതകം, ഡീസൽ ഉൾപ്പെടെയുള്ള ഊർജോൽപ്പന്നങ്ങളുടെ വ്യാപാരം കൂടുതൽ ശക്തിപ്പെടുത്താനും പസഫിക് ദ്വീപ് രാജ്യങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിനായി സഹകരിക്കാനും ധാരണയായി. ഇന്ത്യയുടെ ഗ്ലോബൽ ബയോഫ്യൂവൽസ് അലയൻസ് സംരംഭത്തെയും ഓസ്ട്രേലിയ സ്വാഗതം ചെയ്തു.
തുറന്ന വിപണിയും നിയമാധിഷ്ഠിത വ്യാപാര സംവിധാനവും സാമ്പത്തിക സുരക്ഷയ്‌ക്ക് അനിവാര്യമാണെന്നും സംയുക്ത പ്രസ്താവനയില്‍ ഇരു നേതാക്കളും വ്യക്തമാക്കി. ഇന്ത്യയുടെ ‘ഗഗൻയാൻ’ ബഹിരാകാശ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി ഓസ്‌ട്രേലിയയുടെ കീഴിലുള്ള കോക്കോസ് ദ്വീപുകളിൽ (Cocos Keeling Islands) താൽക്കാലിക ബഹിരാകാശ ട്രാക്കിംഗ് ടെർമിനൽ സ്ഥാപിക്കാനും ഇരുനേതാക്കളും ധാരണയിലെത്തി. പ്രതിരോധ മേഖലയിലും സഹകരണം വിപുലീകരിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. പ്രതിരോധ സാമഗ്രികളും സേവനങ്ങളും സംബന്ധിച്ച ധാരണാപത്രം രൂപീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് നേതാക്കൾ അറിയിച്ചു. പ്രതിരോധ വ്യവസായ രംഗത്തെ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുന്നതിനും സംയുക്ത നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും പ്രതിബദ്ധത അറിയിച്ചു. ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തിക സഹകരണ-വ്യാപാര കരാർ, സമഗ്ര സാമ്പത്തിക സഹകരണ കരാർ സംബന്ധിച്ച ചർച്ചകൾ എന്നിവയിലൂടെ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും കൂടുതൽ ശക്തിപ്പെടുത്തുമെന്നും സംയുക്ത പ്രസ്‌താവനയിൽ വ്യക്തമാക്കി.
ഇൻഡോനേഷ്യൻ സന്ദർശനം പൂർത്തിയാക്കി മെൽബണിലെത്തിയ നരേന്ദ്രമോദി ഇന്ന് ഒട്ടനവധി സുപ്രധാന ചർച്ചകളിലും ഉച്ചകോടികളിലും പങ്കെടുത്തു. മെൽബൺ ഗവൺമെന്റ് ഹൗസിലാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനൊപ്പം വാർഷിക ഉച്ചകോടിയിൽ പങ്കെടുത്തത്. ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക ബിസിനസ്സ് പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ഈ ചർച്ചകളുടെ ഭാഗമായി ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പെൻഷൻ ഫണ്ടായ ‘AustralianSuper’ ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ (NIIF) 500 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ കൂടി നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതുകൂടാതെ ഇരുരാജ്യങ്ങളിലെയും പ്രമുഖ വ്യവസായ പ്രമുഖരുമായി സാമ്പത്തിക രംഗത്തെ നിക്ഷേപങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ചർച്ച നടത്തി.
മെൽബണിൽ വെച്ച് ഓസ്‌ട്രേലിയൻ ഗവർണർ ജനറൽ സാം മോസ്റ്റിനുമായി പ്രധാനമന്ത്രി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ഊഷ്മളമാക്കുന്നതിനുള്ള വിപുലമായ ചർച്ചകളാണ് കൂടിക്കാഴ്ചയിൽ നടന്നത്. ഇന്ത്യൻ പ്രധാനമന്ത്രിക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്ന് ഗവർണർ ജനറൽ ഔദ്യോഗികമായി അറിയിച്ചു. പ്രതിരോധം, വാണിജ്യം, വിദ്യാഭ്യാസം, കായികം, ബഹിരാകാശ ഗവേഷണം എന്നീ മേഖലകളിലെ സഹകരണവും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും നേതാക്കൾ സംസാരിച്ചു.
മെൽബണിലെ പ്രശസ്തമായ മാർവെൽ സ്റ്റേഡിയത്തിൽ (Marvel Stadium) തടിച്ചുകൂടിയ പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിച്ചു. ഓസ്‌ട്രേലിയൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി തന്റെ മൂന്നാം ഘട്ട യാത്രയ്ക്കായി ന്യൂസിലൻഡിലേക്ക് തിരിക്കും.
ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് നരേന്ദ്ര മോദി; മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം.

