ആലപ്പുഴ: ഉസ്ബെകിസ്‌താനിൽ ആലപ്പുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥി കൊല്ലപ്പെട്ടതിൽ ഗുരുതര ആരോപണവുമായി കുടുംബം. പെരിന്തൽമണ്ണ സ്വദേശിയായ സഹപാഠിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി ആലപ്പുഴ ഹരിപ്പാട് പുതുക്കാട്ട് സുപ്രഭാ ഭവനത്തിൽ ബസന്ത്-മിനി ദമ്പതികളുടെ മകൾ സാവരിയയെ പ്രതിയായ സദറുൽ ആനം മതപരിവർത്തനത്തിന് നിർബന്ധിച്ചിരുന്നതായാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരിക്കുന്നത്. മതപരിവർത്തനം നടത്താൻ സാവരിയയെ പ്രതി നിർബന്ധിച്ചിരുന്നതായി സഹപാഠികൾ ഉസ്ബെക്കിസ്ഥാനിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ വ്യക്തമാക്കി.
ജൂലൈ മൂന്നിനാണ് കോളേജ് ഹോസ്റ്റലിൽ സാവരിയ(22) കൊല്ലപ്പെട്ടത്. പ്രതിയായ മലപ്പുറം പെരിന്തൽമണ്ണ കാട്ടുപ്പാറ എരുവത്ത് കിഴക്കേതൊടിയിൽ സദറുൽ ആനത്തിനെ (23) അന്ന് തന്നെ ഉസ്ബക്കിസ്ഥാൻ പൊലീസ് അറസ്റ്റു ചെയ്‌തിരുന്നു. ഇരുവരും ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ്.
സഹപാഠിയായ സദറുൽ അനം സാവരിയെ അതിക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. തല മുതൽ കാൽവരെ ശരീരമാസകലം മർദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്നും, അന്വേഷണ ഉദ്യോഗസ്ഥർ തന്നെ മൃതദേഹത്തിലെ മുറിവുകൾ കാണിച്ചുതന്നിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ഉസ്‌ബെക്കിസ്ഥാനിൽ നിന്നുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും, ശരീരത്തിലെ മറ്റ് ഗുരുതര മുറിവുകളെക്കുറിച്ചോ ആക്രമണത്തിന്റെ ക്രൂരതയെക്കുറിച്ചോ റിപ്പോർട്ടിൽ പരാമർശമില്ലെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ സാവരിയെ മതപരിവർത്തനം നടത്താൻ പ്രതി പലതവണ നിർബന്ധിച്ചിരുന്നുവെന്നും, അതിന് സാവരി വിസമ്മതിച്ചതായും സഹപാഠികൾ അറിയിച്ചതായി കുടുംബം വെളിപ്പെടുത്തി. പ്രതി മുമ്പും സാവരിയെ ഉപദ്രവിച്ചിരുന്നതായി സംശയിക്കുന്നതായും അവർ പറയുന്നു.
സാവരിയയും സദറുലും തമ്മിൽ സംസാരിച്ചു നിൽക്കുന്നതിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്ന് പ്രതി പെൺകുട്ടിയുടെ തലയ്ക്ക് ലാപ്‌ടോപ് കൊണ്ട് അടിക്കുകയായിരുന്നെന്നാണ് വാർത്ത പുറത്തു വന്നിരുന്നത്. തുടർന്ന് പ്രതി തന്നെ സാവരിയയെ അവിടുത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ സാവരിയ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
സാവരിയയുടെ കുടുംബം ആവശ്യപ്പെട്ട പ്രകാരം വണ്ടാനം മെഡിക്കൽ കോളേജിൽ റീപോസ്റ്റുമോർട്ടം നടത്തി. വൈകുന്നേരം സംസ്‌കരിക്കും. അതിനിടെ സദറുൽ ആനമിനെതിരെ കൊലക്കുറ്റം ചുമത്തി ഹരിപ്പാട് പൊലീസ് കേസെടുത്തു. ഉസ്ബക്കിസ്ഥാൻ്റെയും ഇന്ത്യയുടെയും നയതന്ത്ര കരാർ അനുസരിച്ച് പ്രതിയും ഇരയും ഇന്ത്യയിൽ നിന്നുളളവർ ആയതിനാൽ കേസ് വിട്ടുനൽകാൻ ഇന്ത്യയ്ക്ക് ആവശ്യപ്പെടാനാകും. വിചാരണയടക്കമുളള നടപടികൾ ഇന്ത്യയിലാകാനാണ് സാധ്യത.

