മെൽബൺ: ഇന്തോനേഷ്യൻ സന്ദർശനം വിജയകരമായി പൂർത്തിയാക്കിയ ശേഷം, മൂന്ന് രാജ്യങ്ങൾ ഉൾപ്പെടുന്ന വിദേശ പര്യടനത്തിന്റെ രണ്ടാം ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയയിലെ മെൽബണിലെത്തി. ഇന്നലെ (ബുധനാഴ്ച) വൈകിട്ടാണ് അദ്ദേഹം മെൽബണിൽ എത്തിയത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയെ പ്രതിനിധീകരിച്ച് ഭവന, നഗരകാര്യ മന്ത്രി ക്ലെയര്‍ ഒ’നീല്‍ എംപി ഉള്‍പ്പെടെയുള്ള ഉന്നത സര്‍ക്കാര്‍ പ്രതിനിധികള്‍ പ്രധാനമന്ത്രിയെ ഔപചാരികമായി സ്വീകരിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് മെൽബണിൽ ഇന്ത്യൻ വംശജരുടെ വലിയ സ്വീകരണ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സമൂഹാംഗങ്ങൾ വൻ ആവേശത്തോടെയാണ് പ്രധാനമന്ത്രിയെ വരവേൽക്കാൻ തയ്യാറെടുക്കുന്നത്. മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ (Marvel Stadium) വ്യാഴാഴ്ച വൈകിട്ട് നരേന്ദ്ര മോദിക്ക് വൻ സ്വീകരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് ഇന്ത്യൻ വംശജരാണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്നത്.
ബുധനാഴ്ച വൈകിട്ട് മെൽബണിൽ എത്തിയ പ്രധാനമന്ത്രിയെ വരവേൽക്കാൻ, അവിടുത്തെ കഠിനമായ തണുപ്പിനെ അവഗണിച്ചും വലിയൊരു ഇന്ത്യൻ പ്രവാസി സമൂഹം അദ്ദേഹം താമസിക്കുന്ന ഹോട്ടലിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. സ്വീകരണത്തിന്റെ ഭാഗമായി മെൽബണിലെ പ്രാദേശിക ഇന്ത്യൻ കലാകാരന്മാർ അവതരിപ്പിച്ച പരമ്പരാഗത ഉത്തരേന്ത്യൻ സംഗീതവും കഥക് നൃത്തവും അദ്ദേഹം നേരിട്ട് കണ്ട് ആസ്വദിച്ചു. ഓസ്‌ട്രേലിയയിൽ ഇന്ത്യൻ നൃത്തരൂപങ്ങൾ ജനപ്രിയമാകുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും കലാകാരന്മാർക്കൊപ്പം ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു.
മെൽബണിലെ തണുപ്പുള്ള കാലാവസ്ഥയിലും പ്രവാസി മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം നൽകിയ ഈ ഹൃദ്യമായ സ്വീകരണം ഒരിക്കലും മറക്കാനാകാത്തതാണെന്ന് പ്രധാനമന്ത്രി തന്റെ ഔദ്യോഗിക എക്സ് (X) ഹാൻഡിലിലൂടെ നന്ദി രേഖപ്പെടുത്തി. ഇൻഡോ-പസഫിക് മേഖലയിലെ തന്ത്രപ്രധാന സഹകരണം, വ്യാപാരം, സുരക്ഷ, സാങ്കേതികവിദ്യ, നിക്ഷേപം, പ്രവാസി ഇന്ത്യക്കാരുമായുള്ള ബന്ധം എന്നിവയാണ് ഓസ്‌ട്രേലിയൻ സന്ദർശനത്തിലെ പ്രധാന അജണ്ടകൾ.
ഇന്‍ഡോനേഷ്യയില്‍ മോദിക്ക് രാജകീയ സ്വീകരണം; പ്രതിരോധ ഇടപാടിൽ പുതിയ ചരിത്രം.

