Thursday, July 9, 2026
Home » ചൂരൽമലയ്ക്കു പിന്നാലെ കള്ളാടിയും; മൂന്നുപേർ മരിച്ചു, 5 പേരെ കാണാതായി.
ചൂരൽമലയ്ക്കു പിന്നാലെ കള്ളാടിയും; മൂന്നുപേർ മരിച്ചു, 5 പേരെ കാണാതായി.

ചൂരൽമലയ്ക്കു പിന്നാലെ കള്ളാടിയും; മൂന്നുപേർ മരിച്ചു, 5 പേരെ കാണാതായി.

by Editor

കൽപ്പറ്റ: കനത്ത മഴയെത്തുടർന്ന് നിർമാണത്തിലിരിക്കുന്ന വയനാട് -മേപ്പാടി തുരങ്കപാതയ്ക്ക് സമീപം കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മൂന്നുപേർ മരിച്ചു, 5 പേരെ കാണാതായി. കാണാതായ 5 പേർക്കായി തിരച്ചിൽ തുടരുന്നു. ദുരന്തത്തിൽ ഒമ്പത് പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രഭാൻ, ബിഹാർ സ്വദേശിയായ വികാസ് കുമാർ, ജാർഖണ്ഡ് സ്വദേശിയായ അന്മോൾ എന്നിവരാണ് മരിച്ചവരിൽ മൂന്നുപേർ. വിക്രം, രാഹുൽ, മുഹമ്മദ് ഇമ്രാൻ, രാകേഷ്, അസറുദ്ദീൻ അൻസാരി എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കള്ളാടയിൽ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. തുരങ്ക പാത പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

സമീപ പ്രദേശങ്ങളിൽ താമസിച്ചിരുന്നവരെ അപകടത്തിന്റെ പശ്ചാതലത്തിൽ ചുളിക്ക സർക്കാർ എൽപി സ്കൂളിലെ ദുരിതീശ്വാസ ക്യാമ്പിലേക്ക് മാറ്റി. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള ഏക പാതയിലാണ് അപകടമുണ്ടായത്. ഇതോടെ ചൂരൽമല- അട്ടമല പ്രദേശങ്ങൾ ഒറ്റപ്പെട്ടു. വിനോദസഞ്ചാരികളോ മറ്റാരെങ്കിലുമോ മണ്ണിനടയിൽ കുടുങ്ങി കിടപ്പുണ്ടോ എന്ന സംശയം ഇപ്പോഴും ബാക്കിയാണ്.

മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും ദുരന്തസ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിന്റെ ഏകോപനം ഇവരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. രാത്രിയിലും തിരച്ചിൽ തുടരാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും പ്രദേശത്ത് സജ്ജീകരിച്ചിട്ടുണ്ട്. എൻ.ഡി.ആർ.എഫിന്റെ രണ്ട് സംഘമാണ് തിരച്ചിൽ നടത്തുന്നത്. എഴുപതോളം പേർ സംഘത്തിലുണ്ടെന്നാണ് വിവരം. ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. മൂന്നുപേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്നുപേരും അതിഥിത്തൊഴിലാളികളാണ്. ഇവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ഐ.സി.യുവിലാണ്. ഇതിൽ ഒരാളുടെ തലയ്ക്കും രണ്ടുകാലുകൾക്കും പൊട്ടലുണ്ട്. മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കൺട്രോൾ റൂം തുറന്നതായി മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

മേപ്പാടി പോളിടെക്നിക്കിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് പ്രദേശത്തുള്ള 42 കുടുംബങ്ങളിലെ 142 പേരെ മാറ്റിപ്പാർപ്പിച്ചു. ആരോഗ്യവകുപ്പിന്റെ എല്ലാ സേവനങ്ങളും 24 മണിക്കൂറും സ്ഥലത്ത് ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാത നിർമാണ സ്ഥലത്തെ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. മേപ്പാടി-ചൂരൽമല റോഡിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. മണ്ണിടിച്ചിലിൽ മീനാക്ഷി പാലത്തിലേക്ക് പതിച്ച മണ്ണ് നീക്കംചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനുശേഷം പാലത്തിൻ്റെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് മഴയുള്ളതിനാൽ തുരങ്ക പാതയുടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ജില്ലാ ഭരണകൂടം നേരത്തെ നിർദേശം നൽകിയതിനാൽ നിർമ്മാണ ജോലികൾ നടക്കുന്നുണ്ടായിരുന്നില്ല.

Send your news and Advertisements

You may also like

error: Content is protected !!