മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിൽ സംഘടിപ്പിച്ച വൻ പ്രവാസി സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്‌തു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഓസ്‌ട്രേലിയയിലെത്തിയ അദ്ദേഹം, മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ നടന്ന ‘മെൽബൺ മീറ്റ്സ് മോദി‘ എന്ന പരിപാടിയിലാണ് പങ്കെടുത്തത്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും ഈ ചടങ്ങിൽ സന്നിഹിതനായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉടൻ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മാർവൽ സ്റ്റേഡിയത്തിൽ മുപ്പതിനായിരത്തിലധികം വരുന്ന ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കൂടുതൽ വളരുക, കൂടുതൽ നേട്ടങ്ങൾ കൈവരിക്കുക‘ എന്ന ചിന്താഗതിയാണ് പുതിയ ഇന്ത്യയെ നയിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 21-ാം നൂറ്റാണ്ടിലെ ഇന്ത്യ വികസിത രാഷ്ട്രമാകാനുള്ള ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി ഇന്ന് ആഗോള ബ്രാൻഡായി മാറിയെന്നും ഇന്ത്യയിൽ നിർമ്മിക്കുന്ന മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വാഹനങ്ങൾ, ഔഷധ ഉൽപ്പന്നങ്ങൾ എന്നിവ ലോകവിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഒരു സ്വപ്‌നം സാക്ഷാത്കരിക്കുമ്പോള്‍ മറ്റൊരു വലിയ സ്വപ്‌നം ജനിക്കുന്നു. ഒരു നേട്ടം കൈവരിക്കുമ്പോള്‍ അതിലും വലിയ ലക്ഷ്യത്തിലേക്കാണ് ഇന്ത്യ മുന്നേറുന്നത്,’ എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇന്ത്യയിൽ രണ്ട് ലക്ഷത്തിലധികം രജിസ്റ്റർചെയ്ത സ്റ്റാർട്ടപ്പുകളുണ്ട്. കൂടാതെ ഓരോ മാസവും നാലായിരത്തിലധികം പുതിയ സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപുമാത്രം സ്വകാര്യ മേഖലയ്ക്ക് തുറന്നുനൽകിയ ബഹിരാകാശ രംഗത്ത്, ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സ്പേസ് സ്റ്റാർട്ടപ്പ് സ്വന്തം റോക്കറ്റിൽ ഉടൻതന്നെ ഉപഗ്രഹം വിക്ഷേപിക്കാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഡിജി ലോക്കർ, ടെലി കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമായ ഇ-സഞ്ജീവനി തുടങ്ങിയ സംവിധാനങ്ങൾ വഴി ഇന്ത്യ കഴിഞ്ഞ 12 വർഷത്തിനിടെ കൈവരിച്ച പുരോഗതിയെക്കുറിച്ചും അദ്ദേഹം പ്രവാസികളോട് വിവരിച്ചു.
ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധശേഷി ലോകത്തിന്റെ അംഗീകാരം നേടിയതായി പറഞ്ഞു. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ സൈനിക കരുത്തിന്റെയും ഭീകരവിരുദ്ധ നിലപാടിന്റെയും വ്യക്തമായ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയ ആക്രമണത്തെ പരാമര്‍ശിച്ച മോദി, ‘ഓപ്പറേഷന്‍ സിന്ദൂറിനിടെ ഭീകരരുടെ താവളങ്ങളില്‍ ഉണ്ടായ സ്‌ഫോടനങ്ങളുടെ പ്രതിധ്വനി ലോകമെമ്പാടും കേട്ടു. ആ നിര്‍ണായക ആക്രമണം നിങ്ങളില്‍ അഭിമാനം ഉണര്‍ത്തിയില്ലേ?’ എന്ന് ചോദിച്ചപ്പോള്‍ സദസ്സില്‍ നിന്ന് വന്‍ കൈയടിയാണ് ഉയര്‍ന്നത്.
മെൽബണിൽ ലഭിച്ച ഊഷ്‌മള സ്വീകരണത്തിന് ഇന്ത്യൻ സമൂഹത്തിനും ഓസ്ട്രേലിയൻ ജനങ്ങൾക്കും നന്ദി അറിയിച്ച മോദി, ‘മെൽബൺ ശരിക്കും ഷോ മോഷ്ടിച്ചു’ എന്ന് വിശേഷിപ്പിച്ചു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസിനെ ‘ഇന്ത്യയുടെ സുഹൃത്ത്‘ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സിഡ്‌നിക്ക് പിന്നാലെ മെൽബണിലും ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടതിനെക്കുറിച്ചും പരാമർശിച്ചു.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 28 വർഷത്തെ നീണ്ട നയതന്ത്ര ഇടവേളയ്ക്ക് ശേഷം 2014-ലാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായി ഓസ്ട്രേലിയ സന്ദർശിച്ചത്. എന്നാൽ, കഴിഞ്ഞ 12 വർഷത്തിനിടെ മൂന്ന് തവണ മോദി ഇവിടെ എത്തി. ഇതിനെ ഒരു ‘സന്ദർശനങ്ങളുടെ ഹാട്രിക്‘ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇനി ഒരിക്കലും ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടിവരില്ലെന്ന തന്റെ വാഗ്‌ദാനം താൻ പാലിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്നവരാണെന്നും, സത്യനാരായണ പൂജകൾ, ഗുരുദ്വാരകളിലെ അർദാസ്, ഭാരതനാട്യം, ഭാങ്ഗ്ര, ക്രിക്കറ്റ് ടൂർണമെൻ്റുകൾ, മെൽബണിൽ നടക്കാനിരിക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പരിപാടികളിലൂടെ ഇന്ത്യൻ സംസ്‌കാരവും പാരമ്പര്യവും വിദേശരാജ്യങ്ങളിലും ശക്തമായി നിലനിൽക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഇന്ന് (ജൂലൈ 10, 2026) ഓസ്‌ട്രേലിയയിൽ നിന്നും മടങ്ങും. അദ്ദേഹം തന്റെ മൂന്ന് രാജ്യങ്ങളുടെ സന്ദർശനത്തിന്റെ അവസാന ഘട്ടമായി ന്യൂസിലൻഡിലേക്ക് (ഓക്ക്‌ലാൻഡ്) തിരിക്കും.
ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ.

