നിശബ്ദതയുടെ ആഴങ്ങളിൽ ജനലഴികളിലൂടെ ഒഴുകിയെത്തിയ ചന്ദ്രവെളിച്ചം ജാനുവമ്മയുടെ സ്വപ്നങ്ങളെ തൊട്ടുണർത്തി. നീണ്ട പന്ത്രണ്ടു വർഷങ്ങൾ പിന്നിട്ടു താനീ വൃദ്ധസദനത്തിൽ എത്തിയിട്ട്.
സമ്പന്നതയുടെ മടിത്തട്ടിൽ പിറന്നു വീണ ജാനുവമ്മ. അഞ്ചു മക്കളിൽ ഏറ്റവും ഇളയത്. രണ്ടു ചേട്ടന്മാരും രണ്ടു ചേച്ചിയും. തിളങ്ങുന്ന കണ്ണുകളും, നീണ്ട ഇട തൂർന്ന ചുരുൾ മുടിയും ഉള്ള അവൾ അച്ഛനമ്മമാരുടെ ചെല്ലക്കിളി ആയിരുന്നു.
ഡിഗ്രി ഫൈനൽ ഇയർ ആയപ്പോഴാണ് അവൾ നന്ദികേശുമായി അടുത്തത്. ധാരാളം വിവാഹലോചന വന്ന
അവൾ അതൊന്നും സമ്മതിച്ചില്ല. ഒടുവിൽ നിവൃത്തിയില്ലാതെ വന്നപ്പോൾ അവൾ നന്ദുവിന്റെ കാര്യം വീട്ടിൽ പറഞ്ഞു. അതോടെ വീട്ടിൽ ഒരു പൊട്ടിത്തെറി ഉയർന്നു. താഴ്ന്ന ജാതിക്കാരനും, മിഡിൽ ക്ലാസ്സ് ഫാമിലിയുമായിരുന്ന അയാളെ വിവാഹം കഴിക്കാൻ അവൾക്ക് അനുമതി ഇല്ലായിരുന്നു. അവർ അവളെ വീട്ടു തടങ്കലിലാക്കി.
ഒരു ദിവസം എല്ലാവരും ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയം ജാനി വേലക്കാരിയുടെ സഹായത്തോടെ അവിടെ നിന്നും രക്ഷപ്പെട്ടു.
അവൾ നന്ദുവിനേയും കൂട്ടി ദൂരെ ഒരിടത്തേയ്ക്ക് പോയി. അവർ രജിസ്റ്റർ മാരേജ് ചെയ്തു. അത്യാവശ്യം വേണ്ടുന്ന പണവും ആഭരണങ്ങളും അവളുടെ കയ്യിൽ ഉണ്ടായിരുന്നു. ഇതിന്നിടയിൽ നന്ദുവിന് ചെറിയൊരു ജോലിയും കിട്ടി.
സൗമ്യശീലനും സ്നേഹസമ്പന്നനുമായ നന്ദുവിന് അവളെ ഏറെ ഇഷ്ടമായിരുന്നു.
വർഷങ്ങൾ നാലഞ്ചു കടന്നുപോയി. ഇതിന്നിടയിൽ അവർക്ക് രണ്ടു കുട്ടികളുമായി. അശ്വിൻ, അഭിജിത്. മക്കളുടെ ചിരിയിലും കളിയിലും ആ ദമ്പതികൾ ആഹ്‌ളാദം കണ്ടെത്തി.
അങ്ങിനെ സസുഖം വാഴുമ്പോഴാണ് ഓർക്കാപ്പുറത്ത് അവരുടെ ജീവിതത്തിലേക്ക് ആ അത്യാഹിതം കടന്നു വന്നത്.
ഒരു രാത്രി നേരം ഏറെ ഇരുട്ടിയിട്ടും നന്ദുവിനെ കാണാതെ പുറത്തെ ഇരുട്ടിലേയ്ക്ക് കണ്ണും നട്ടിരിക്കുന്ന ജാനുവമ്മയുടെ മുന്നിലേക്ക് ആരോ ചിലർ വരുന്നു. അവർ ഭയം കൊണ്ട് വിറച്ചു. അവർ പറഞ്ഞു കേട്ട ആ വാർത്ത കേട്ടവർ ബോധം കെട്ടുവീണു. നന്ദുവിനെ ആരോ കൊലപ്പെടുത്തിയിരിക്കുന്നു. അവർക്കരികിൽ ഇരുന്ന് മക്കളും അലമുറയിട്ടു.
രണ്ടു ദിവസം അവർ ഓർമ്മയില്ലാതെ കിടന്നു. പിന്നെ പതുക്കെ പതുക്കെ മക്കളെ ഓർത്ത് ജീവിതത്തിലേക്ക് തിരിച്ചു വന്നു. പിന്നെ അവർക്ക് വേണ്ടി മാത്രം ജീവിച്ചു. മക്കളെയെല്ലാം കഷ്ടപ്പെട്ട് പഠിപ്പിച്ചു നല്ല നിലയിലാക്കി വിവാഹവും കഴിച്ചു കൊടുത്തു.
ആകാശം പതുക്കെ തന്റെ ഇരുണ്ട തിരശ്ശീല വിരിച്ചപ്പോൾ മേഘങ്ങൾക്കിടയിലൂടെ രണ്ടു നക്ഷത്രങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു. അത് തന്റെ നന്ദു ആയിരിക്കാം എന്നവർക്ക് തോന്നി.
ഇന്ന് മക്കൾക്കും മരുമക്കൾക്കും അമ്മ അധികപറ്റായിരിക്കുന്നു. അവരുടെ സ്വകാര്യ ജീവിതത്തിന് അമ്മ ഒരു ഭാരമാണെന്ന തോന്നൽ വന്നപ്പോൾ, പത്തു മാസം ഹൃദയത്തിനുള്ളിൽ ചേർത്തുവെച്ചവളെ, ഒരായുസ്സ് മുഴുവനും കണ്ണീരിലും പുഞ്ചിരിയിലും വളർത്തിയവളെ, കാലത്തിന്റെ ചുളിവുകൾ മുഖത്ത് വീണപ്പോൾ, മക്കൾ ആ അമ്മയെ ഒരു വൃദ്ധസദനത്തിന്റെ വാതിലിൽ ഉപേക്ഷിച്ചു.
കൈ പിടിച്ച് നടക്കാൻ പഠിപ്പിച്ച കൈകൾ ഇന്ന് വിറക്കുന്നു. ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച കണ്ണുനീർ ഇന്നും വറ്റിയിട്ടില്ല. ആ കണ്ണുനീർ മുത്തുകൾ ഇന്നും വറ്റാത്ത ഒരു നീരുറവ പോൽ ഒഴുകി കൊണ്ടിരിക്കുന്നു. എന്നിട്ടും ആ അമ്മയുടെ ഹൃദയം പരാതിപ്പെടുന്നില്ല. കാരണം മക്കളെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഭാഷയാണതിന്. ഇന്നും ആ കണ്ണുകൾ മക്കളെ കാത്തിരിക്കുന്നു.
വൃദ്ധസദനത്തിന്റെ നിശബ്ദ ചുമരുകൾക്കിടയിൽ ജാനുവമ്മ ഇന്നും കേൾക്കുന്നത് മക്കളുടെ ബാല്യകാല ചിരികളും, കുസൃതികളുമാണ്. പക്ഷെ ആ മക്കൾ മറന്നു പോയതോ അവരുടെ ആദ്യലോകം ആ അമ്മയുടെ മടിത്തട്ടായിരുന്നു എന്ന സത്യം.
തന്റെ വിശപ്പിനെ മറന്ന് മക്കളുടെ വയറു നിറച്ച അമ്മ. സ്വന്തം സ്വപ്‌നങ്ങൾ ചുട്ടെരിച്ച് മക്കളുടെ ഭാവി തെളിച്ച അമ്മ. വാർദ്ധക്യത്തിന്റെ സായാഹ്നത്തിൽ ഒരു വൃദ്ധസദനത്തിന്റെ ചുമരുകളിലേയ്ക്ക് വലിച്ചെറിയപ്പെടുമ്പോൾ തകരുന്നത് ആ അമ്മയുടെ ഹൃദയം മാത്രമല്ല, മാതൃത്വത്തിന്റെ വിശുദ്ധ സ്മരണകളാണ്.
കാലം ഒരിക്കലും ഒരിടത്ത് നിൽക്കില്ല. ഇന്ന് അമ്മയുടെ കണ്ണിലെ കണ്ണീരാണെങ്കിൽ നാളെ അത് സ്വന്തം കണ്ണിലും നിറയാം. ഒരമ്മയ്ക്ക് വേണ്ടത് സമ്പത്തല്ല, ഒരു ഫോൺ വിളി, സ്നേഹമുള്ളൊരു വാക്ക്, അമ്മേ സുഖമാണോ എന്നൊരു ചോദ്യം മാത്രം.
ശ്യാമള ഹരിദാസ്.

