ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ആശ്രിത നിയമനത്തിലൂടെ ലഭിക്കുന്ന സർക്കാർ ജോലിക്കും കുടുംബ സ്വത്തിനും വേണ്ടി 23-കാരിയായ മകൾ സ്വന്തം അമ്മയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി. ആയുഷി ശർമ എന്ന യുവതിയാണ് തൻ്റെ അമ്മയായ നീരജ് ശർമയെ (45) കൊലപ്പെടുത്താൻ ആസൂത്രണം ചെയ്തത്. അമ്മയുടെ മരണത്തിന് പിന്നാലെ, ഒരു വർഷം മുൻപ് മരിച്ച അച്ഛൻ്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
വിജയ്-നീരജ് ദമ്പതികളുടെ മകളായ ആയുഷി തന്നെയാണ് പിതാവിന്റെ മരണത്തിന്റേയും കാരണക്കാരിയെന്ന് ആരോപിച്ച് നീരജ് ശർമയുടെ സഹോദരൻ രാകേഷ് ശർമ പൊലീസിനേയും കോടതിയേയും സമീപിച്ചു. അമ്മയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആയുഷിയെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്.
കഴിഞ്ഞ ദിവസമാണ് അമ്മാവൻ്റേയും വാടകക്കൊലയാളിയുടേയും സഹായത്തോടെ റോഡപകടമുണ്ടാക്കി നീരജ് ശർമയെ യുവതി കൊലപ്പെടുത്തിയത്. കഴിഞ്ഞ വർഷമാണ് നീരജ് ശർമയുടെ ഭർത്താവ് വിജയ് ശർമ മരിക്കുന്നത്. വിജയ് ശർമയുടെ സർക്കാർ ജോലിയാണ് ആശ്രിത നിയമനത്തിലൂടെ ഭാര്യക്ക് ലഭിച്ചത്.
രാജസ്ഥാൻ ഹൈക്കോടതിയിൽ ലോവർ ഡിവിഷൻ ക്ലർക്ക് ആയാണ് നീരജ് ശർമയ്ക്ക് ജോലി ലഭിച്ചത്. എന്നാൽ തനിക്ക് ആ ജോലി വേണമെന്ന് ആയുഷി വാശി പിടിച്ചിരുന്നു. എന്നാൽ നീരജ് ശർമ സമ്മതിച്ചിരുന്നില്ല. മാസങ്ങൾക്ക് ശേഷമാണ് ആ ജോലി നേടാനായി ആയുഷി അമ്മയെ കൊലപ്പെടുത്തിയത്.
അമ്മാവന്റേയും കസിനായ ബൽറാമിന്റേയും സഹായത്തോടെ മറ്റൊരു വാടകക്കൊലയാളിയെ കൂടെക്കൂട്ടിയാണ് കുറ്റകൃത്യം നടത്തിയത്. റോഡപകടം എന്ന് തോന്നിപ്പിക്കും വിധമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ജൂലൈ 3-ന് ജയ്പൂരിലെ പ്രതാപ് നഗറിൽ വെച്ച് നടന്നുപോവുകയായിരുന്ന നീരജിനെ അമിതവേഗതയിലെത്തിയ ഒരു സ്കോർപിയോ എസ്‌യുവി (SUV) വന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അമ്മയെ കൊലപ്പെടുത്താൻ ബന്ധുക്കളുടെ സഹായത്തോടെ ഏഴ് ലക്ഷം രൂപയാണ് ആയുഷി ക്വട്ടേഷൻ സംഘത്തിന് നൽകിയത്. അപകട മരണമെന്ന് കരുതിയ സംഭവത്തിൽ നീരജിൻ്റെ സഹോദരൻ പ്രകടിപ്പിച്ച സംശയമാണ് കേസിൽ വഴിത്തിരിവായത്. പോലീസ് നടത്തിയ അന്വേഷണത്തിൽ മകൾ ആയുഷി, ഇവരുടെ അമ്മാവൻ മോഹൻ സ്വരൂപ്, ക്വട്ടേഷൻ സംഘാംഗങ്ങൾ ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അമ്മയുടെ കൊലപാതകത്തിന് പിന്നിലെ ക്രൂരത പുറത്തുവന്നതോടെ, വിജയ് കുമാർ ശർമയുടെ ഒരു വർഷം മുൻപുള്ള മരണത്തിലും ബന്ധുക്കൾക്ക് സംശയം ഉയർന്നിട്ടുണ്ട്. ഇതിനെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന് നീരജിൻ്റെ കുടുംബം പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗബാധിതനായ വിജയ് ശർമയെ താൻ പരിചരിക്കാമെന്ന് പറഞ്ഞാണ് മകൾ ആയുഷി കൊണ്ടുപോയതെന്നും എന്നാൽ കൃത്യമായ ചികിത്സ നൽകിയില്ലെന്നും സഹോദരൻ രാകേഷ് ശർമ ആരോപിക്കുന്നു. അദേഹത്തെ ഒരു തവണ പോലും കാണാൻ ബന്ധുക്കളെ അനുവദിച്ചിരുന്നുമില്ല. മൂന്നു മാസങ്ങൾക്കു ശേഷം അച്ഛൻ ആശുപത്രിയിലാണെന്ന വിവരം ആയുഷി ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിയ ബന്ധുക്കളോട് വിജയ് ശർമയുടെ ശരീരാവയവങ്ങളുടെ 90 ശതമാനവും തകരാറിലായതായി ഡോക്ടർമാർ പറഞ്ഞു. തുടർന്ന് വീണ്ടും ആയുഷി വിജയിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെവച്ച് അദേഹം മരിക്കുകയായിരുന്നുവെന്ന് രാകേഷ് നൽകിയ പരാതിയിൽ പറയുന്നു. അച്ഛന്റെ സംസ്കാരച്ചടങ്ങുകൾ ആയുഷി അതിവേഗത്തിൽ നാട്ടിൽ വച്ചു തന്നെ നടത്തി. പിന്നാലെ അച്ഛന്റെ ജോലിക്കായി അപേക്ഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തെന്നും രാകേഷ് പറയുന്നു. ഒരിക്കൽ അച്ഛന്റെ മരണം ചൂണ്ടിക്കാട്ടി അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും രാകേഷ് ശർമയുടെ പരാതിയിൽ പറയുന്നുണ്ട്.
എൽഎൽബി അവസാന വർഷ വിദ്യാർഥിനിയായ ആയുഷിക്ക് നിയമവശങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും തെളിവുകൾ തന്ത്രപരമായി ഇല്ലാതാക്കിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

