2026 ഫിഫ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി ബൂട്ട് കെട്ടിയ യുവ മധ്യനിര താരം ജെയ്ഡൻ ആഡംസിന്റെ (25) അപ്രതീക്ഷിത വിയോഗം ഫുട്ബോൾ ലോകത്തെ ഒന്നടങ്കം വൻ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, കേപ് ടൗണിലെ ഒരു ഹോട്ടലിലാണ് ആഡംസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഇതുവരെ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിൽ കളിച്ച ജെയ്ഡൻ ആഡംസ് ആദ്യ രണ്ട് മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇടംനേടിയിരുന്നു. മൂന്നാം മത്സരത്തിൽ പകരക്കാരനായാണ് മധ്യനിര താരമായ ജെയ്ഡൻ ആഡംസ് കളത്തിലിറങ്ങിയത്. 2022 ൽ തന്റെ രാജ്യത്തിനായി അരങ്ങേറ്റം കുറിച്ച ആഡംസിന്റെ അകാല വിയോഗം തങ്ങളെ തകർത്തുവെന്ന് ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ പ്ലെയേഴ്‌സ് യൂണിയൻ പറഞ്ഞു. മധ്യനിരയിലെ ഊർജസ്വലമായ പ്രകടനം, ആക്രമണങ്ങൾ മെനയാനുള്ള കഴിവ്, പന്തിലെ നിയന്ത്രണം എന്നിവയിലൂടെ ശ്രദ്ധ നേടിയ ആഡംസ്, ദക്ഷിണാഫ്രിക്കൻ ഫുട്ബോളിന്റെ അടുത്ത തലമുറയിലെ പ്രധാന താരങ്ങളിലൊരാളായാണ് വിലയിരുത്തപ്പെട്ടിരുന്നത്.

