കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബി.ജെ.പി കൗൺസിലർമാരുടെയും പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒരു കോൺഗ്രസ് അംഗത്തിന്റെയും സത്യപ്രതിജ്ഞ കേരള ഹൈക്കോടതി റദ്ദാക്കി. ഔദ്യോഗിക ചട്ടങ്ങൾ ലംഘിച്ച്, നിശ്ചിത വാചകങ്ങൾക്ക് പുറമെ മറ്റ് പേരുകൾ കൂട്ടിച്ചേർത്ത് സത്യപ്രതിജ്ഞ ചെയ്തതിനാലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ദേവിദേവൻമാരുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നാമത്തിൽ തിരുവനന്തപുരം കോർപറേഷനിലെ 20 ബിജെപി കൗൺസിലർമാർ സത്യപ്രതിജ്‌ഞ ചെയ്‌തത് അസാധുവാണെന്ന് പറഞ്ഞ ഹൈക്കോടതി കേരള മുനിസിപ്പാലിറ്റി നിയമത്തിലെ മൂന്നാം ഷെഡ്യൂൾ പ്രകാരം ദൈവനാമത്തിലുള്ള സത്യപ്രതിജ്‌ഞയോ ദൃഢപ്രതിജ്‌ഞയോ ആണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു. കോർപറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്‌ണൻ്റെ ഉത്തരവ്. നാലാഴ്‌ചയ്ക്കുള്ളിൽ ഇവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം.
അതേസമയം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി പഞ്ചായത്തിലെ മെമ്പർ സുനിൽ ചുവട്ടുപാടം ചെയ്ത സത്യപ്രതിജ്‌ഞയും ഹൈക്കോടതി റദ്ദാക്കി. 21-ാം വാർഡ് ആയ പന്നിയങ്കരയിലെ മെമ്പറാണ് സുനിൽ ചുവട്ടുപാടം. ‘ഈശ്വരന്റെ അനുഗ്രഹത്താൽ ഉമ്മൻ ചാണ്ടിയുടെ നാമത്താൽ’ ആയിരുന്നു സുനിലിന്റെ സത്യപ്രതിജ്‌ഞ.
സത്യപ്രതിജ്ഞ അസാധുവായെങ്കിലും ഇവരുടെ ജനപ്രതിനിധി സ്ഥാനം നഷ്ടമാകില്ലെന്നും തിരഞ്ഞെടുപ്പ് അസാധുവാകില്ലെന്നും കോടതി വ്യക്തമാക്കി. ബി.ജെ.പി കൗൺസിലർമാർ ഇതുവരെ പങ്കെടുത്ത കോർപ്പറേഷൻ തീരുമാനങ്ങൾക്ക് കേരള മുൻസിപ്പാലിറ്റി നിയമത്തിലെ സെക്ഷൻ 531 പ്രകാരം നിയമപരമായ സംരക്ഷണം ലഭിക്കും. സത്യപ്രതിജ്ഞ റദ്ദാക്കപ്പെട്ട എല്ലാ പ്രതിനിധികളും നാലാഴ്ചയ്ക്കകം (ഒരു മാസത്തിനകം) നിയമപരമായ രീതിയിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം.

