തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ഈ മാസം 30-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സിൻഹ ബിഹാർ സ്വദേശിയാണ്. നിലവിൽ ആഭ്യന്തര വകുപ്പിൽ അഡീഷനൽ ചീഫ് സെക്രട്ടറിയാണ്. സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പട്ടികജാതി, വർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പിന്നാക്ക വികസന വകുപ്പ്, തദ്ദേശഭരണ വകുപ്പ് (അർബൻ) എന്നിവയുടെ ചുമതല വഹിച്ചിട്ടുണ്ട്. 2019-ൽ സിൻഹയെ പൊതുഭരണ സെക്രട്ടറി സ്‌ഥാനത്തു നിന്നു പ്രിൻ്റിങ് ആൻഡ് സ്‌റ്റേഷനറി വകുപ്പിൻ്റെ ചുമതലയിലേക്കു മാറ്റിയിരുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ അച്ചടക്കത്തിലും ഹാജർ രേഖപ്പെടുത്തുന്നതിനുള്ള പഞ്ചിങ്ങിലും കർശന നിലപാടെടുത്ത സിൻഹയ്ക്കെതിരെ ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിരുന്നു.
നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന സിൻഹയെ 2021 മേയിലാണ് ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാക്കിയത്. 2022 മാർച്ചിലാണ് അഡീഷനൽ ചീഫ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകിയത്. 2023-ലാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയിലെത്തിയത്.

