മഴ ഇങ്ങനെ പെയ്തിറങ്ങുന്ന കാലത്താണ് ചില അവസരങ്ങൾ തേടി വരാറുള്ളത്. ജീവിതത്തിൽ മുന്നിൽ ഏറെ തടസങ്ങൾ ഉണ്ടെങ്കിലും വഴി കാണിക്കുന്ന ഒരു ചെറുതരി വെട്ടമാണത്. മനസ്സിനെ പ്രകാശ മാനമാക്കാൻ വായന അത്യാവശ്യമാണെന്ന് അടുത്തുള്ള ഭവൻസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഒരു ഉൾപ്രേരണ നൽകാൻ ഏതാനും വാചകങ്ങൾ അവർക്കായി കണ്ടെത്താൻ കഴിഞ്ഞതിൽ ചാരിതാർഥ്യം തോന്നിയ ദിവസം. ആ സ്കൂൾ മുറ്റം ഏറെ ഓർമ്മകൾ ഉണർത്തി. കേന്ദ്രിയ വിദ്യാലയം ആയിരുന്ന കാലത്താണ് എന്റെ ആൺമക്കൾ രണ്ടു പേരും അവിടെ പഠിച്ചത്. അന്ന് അവർക്കു മലയാളമേ ഇല്ലായിരുന്നു. കുട്ടികൾ മലയാളം അക്ഷരങ്ങൾ എങ്കിലും പഠിച്ചിരിക്കണം എന്ന തീരുമാനം ഉണ്ടായപ്പോൾ ദൃഢ നിശ്ചയത്താൽ ഞാൻ ഉൾപ്പെടെ അഞ്ചു പേർ അക്കാലത്തു അവിടെ പാർട്ട് ടൈം ആയി മലയാളം അക്ഷരങ്ങൾ മാത്രം പഠിപ്പിച്ചിരുന്ന ഓർമ്മ. എന്തായാലും വർഷങ്ങൾക്കു ശേഷം “മർത്യന് പെറ്റമ്മ തന്നെ ആണ് സ്വന്തം ഭാഷ” എന്ന് അഭിമാനത്തോടെ പറയാൻ സാധിച്ചു. കുട്ടികൾ വായിച്ചിരിക്കേണ്ട ഇംഗ്ലീഷ് മലയാളം പുസ്തകങ്ങളെക്കുറിച്ചും മറ്റും , സംസാരിച്ചു മടങ്ങി.
ആ സ്കൂൾ മുറ്റം അനേകം ഓർമ്മകളുടേതാണ്. വേനലവധിയ്ക്കു അദ്ദേഹം മുന്നിട്ടിറങ്ങി നടത്തിയിരുന്ന കളിപ്പന്തൽ ക്യാമ്പ് ഇപ്പോഴും മനസ്സിൽ എവിടെയോ തണൽ വിരിച്ചു നിൽക്കുന്നുണ്ട്. മലയാളം അന്യമായിരുന്ന ഒരിടത്തു മലയാളത്തിൽ സംസാരിക്കാൻ ഈ വായനാദിനം ഒരു അവസരം നൽകി. അതിലേറെ സന്തോഷം മറ്റെന്തുണ്ട്.? ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കു ഞാൻ പരിഭാഷപ്പടുത്തിയ “മഹാഭാ രത കഥകൾ കുട്ടികൾക്ക് എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിൽ നൽകി പോന്നപ്പോൾ പെറ്റമ്മയായ മാതൃഭാഷ ശിരസ്സിൽ തൊട്ട് അനുഗ്രഹിച്ചത് പോലെ തോന്നി.

