ഭാരതത്തിലിലൊട്ടാകെയുള്ള സാധാരണ ജനങ്ങളിൽ, വിശേഷിച്ചും ചെറുപ്പക്കാരിൽ, പക്ഷിനിരീക്ഷണത്തിനും, പ്രകൃതി സംരക്ഷണ അവബോധത്തിനും അടിത്തറയിട്ട സാലിം അലിയുടെ 38-ാം ചരമവാർഷിക ദിനം.
‘സാലിം അലി’യുടെ പേര്, ഓട്ടേറെപ്പേർ തെറ്റായായി ‘സലിം ആലി’ പറയുകയും എഴുതുകയും (വിശേഷിച്ചും മലയാളികൾ) ചെയ്യുന്നത് അദ്ദേഹം തന്നെ നേരിട്ട് ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും ചെയ്തിട്ടുണ്ടെന്ന് പ്രൊഫ. എം.കെ. പ്രസാദ് പറഞ്ഞിട്ടുണ്ട്. ഇന്നും പലരും ഈ പേര് തെറ്റായിത്തന്നെ എഴുതുന്നുണ്ട്.
അദ്ദേഹത്തിൻ്റെ പൂർണ്ണനാമം: സാലിം മൊയ്സുദ്ദിന്‍ അബ്ദുള്‍ അലി.
അദ്ദേഹത്തിൻ്റെ ജന്മദിനം ആയ നവംബർ 12 ‘ദേശീയ പക്ഷിനിരീക്ഷണദിന’മായി നമ്മുടെ രാജ്യം ആചരിക്കുന്നു.
പക്ഷിനീക്ഷണം പ്രകൃതി പഠനം കൂടി ആണ്. പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സാലിം അലി എഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയിൽ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉൾപ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിൻറെ ആത്മകഥയാണ്. പക്ഷിശാസ്ത്രത്തിൽ നാഷണൽ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു.
1935-ൽ തിരുവിതാംകൂർ മഹാരാജാവ് തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച് പഠിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും ബി. എൻ. എച്ച്. എസിനെ (ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയെ) അറിയിക്കുകയും ചെയ്തു. സാലിം അലിയുടെ ഹൈദരാബാദ് പഠനത്തിന്റെ ഗഹനത കണക്കിലെടുത്ത് സാലിം അലിയെ തന്നെ ഈ പഠനത്തിനു വേണ്ടി നിയോഗിച്ചു. അദ്ദേഹം ആദ്യമായ് മറയൂർ ഭാഗത്താണ് പഠനം നടത്തിയത് പിന്നീട് ചാലക്കുടി, പറമ്പിക്കുളം, കുരിയാർകുട്ടി മുതലായിടത്തും പോയി. കുരിയാർകുട്ടിയിലെ ചെറിയ ഒരു സത്രത്തിലിരുന്നാണ് കേരളത്തിലെ പക്ഷിശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്, അദ്ദേഹത്തിന്റെ ഭാര്യ തെഹ്മിന ആയിരുന്നു വിവരങ്ങൾ രേഖപ്പെടുത്തിയത്. പിന്നീടിള്ള യാത്രാമധ്യേ തട്ടേക്കാടെത്തുകയും അവിടുത്തെ അമൂല്യമായ പക്ഷിസമ്പത്തിനെകുറിച്ച് തിരിച്ചറിയുകയും അവിടം ഒരു ‘പക്ഷിസങ്കേതം’ ആയി പിന്നീട് പ്രഖ്യാപിക്കുകയും ചെയ്തു. (ഇന്നത് ‘ഡോ. സാലിം അലി പക്ഷിസങ്കേതം’) പിന്നീട് മൂന്നാർ, കുമളി, ചെങ്കോട്ട, അച്ചൻകോവിൽ മുതലായ സ്ഥലങ്ങളിൽ പഠനം നടത്തുകയും ചെയ്തു. ആ നിരീക്ഷണങ്ങൾ ആദ്യം ‘തിരുവിതാംകൂർ – കൊച്ചിയിലെ പക്ഷികൾ‘ എന്ന പേരിൽ പുറത്തിറക്കുകയുണ്ടായി. പിന്നീട് അത് പരിഷ്കരിച്ച് ‘Birds of Kerala‘ എന്ന പേരിലും പുറത്തിറക്കുകയുണ്ടായി.
സാലിം അലി 1896 നവംബർ 12-ന് മുംബൈയിൽ ജനിച്ചു. സാലിം ജനിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ പിതാവും മൂന്നുവർഷം തികയുന്നതിനുമുൻപ് മാതാവും മരിച്ചുപോയി. അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട് വളർത്തിയത്.
അക്കാലത്ത് ഇന്ത്യയിലെത്തിയിരുന്ന സായ്പന്മാരുടെ പ്രധാന വിനോദം നായാട്ടായിരുന്നു, അവരെ അനുകരിച്ച് നാട്ടുകാരും നായാട്ടിനിറങ്ങി. സാലിമിന്റെ അമ്മാവനും നല്ല ശിക്കാരി ആയിരുന്നു. പഠനത്തിൽ ഒട്ടും താത്പര്യം കാണിക്കാതിരുന്ന സാലിമിന്റെ സ്വപ്നം നല്ലൊരു നായാട്ടുകാരനാവുക എന്നതായിരുന്നു. സാലിമിന്റെ പത്താം വയസ്സിൽ അവന് അമ്മാവന്റെ കൈയിൽ നിന്നും ഒരു ‘എയർ ഗൺ’ ലഭിച്ചു. അതുകൊണ്ട് കുരുവികളെ വെടിവെച്ചിടുകയായി ആ കുട്ടിയുടെ പ്രധാന വിനോദം, വീട്ടിൽ കുരുവിയിറച്ചി നിത്യവിഭവമായി. വീട്ടിലെ തൊഴുത്തിൽ വാസമുറപ്പിച്ചിരുന്ന കുരുവികളെ വെടിവെച്ചിടുന്നതിനിടയിൽ ഒരു പെൺകുരുവി മുട്ടയിട്ട് അടയിരിക്കുന്നതായും ഒരു ആൺകുരുവി അതിനു കാവലിരിക്കുന്നതായും സാലിം കണ്ടെത്തി, ആൺകുരുവിയെ സാലിം വെടിവെച്ചിട്ടു, പക്ഷേ, മണിക്കൂറുകൾ ക്കുള്ളിൽ പെൺകുരുവി മറ്റൊരു ആൺകുരുവിയെ സമ്പാദിച്ച് തത്സ്ഥാനത്ത് ഇരുത്തി, അങ്ങനെ എട്ട് ആൺകുരുവികളെ സലിം വെടിവെച്ചിട്ടെങ്കിലും പെൺകുരുവി ഒമ്പതാമൊരു ഇണയെ കണ്ടെത്തുകയാണുണ്ടായത്. ഇതെല്ലാം സാലിം തന്റെ ഡയറിയിൽ കുറിച്ചിടുന്നുണ്ടായിരുന്നു, സാലിം അലി എന്ന പക്ഷിനിരീക്ഷകൻ്റെ /ശാസ്ത്രജ്ഞന്റെ ആദ്യ നിരീക്ഷണരേഖകളാണവ.
തന്റെ പന്ത്രണ്ടാം വയസ്സിൽ വെടിവെച്ചിട്ട കുരുവിയുടെ കഴുത്തിൽ ഒരു മഞ്ഞ അടയാളമുണ്ടായിരുന്നു. ഈശ്വരഭയമുള്ള ഒരു മുസ്ലിമിന് തിന്നാൻ പറ്റിയ മാംസമാണോ ഇതെന്ന സംശയവുമായി മാതുലന്റെ അടുത്തു ചെന്ന സാലിമിനെ അദ്ദേഹം ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ (BNHS) മില്യാഡ് സായ്പിന്റെ അടുത്തേക്ക് പറഞ്ഞുവിട്ടു. അവിടെ ചെന്ന സാലിമിനെ സായ്പ് സ്നേഹപൂർവ്വം സ്വീകരിക്കുകയും ആ പക്ഷി ‘മഞ്ഞത്താലി‘ (Yellow throated sparrow- Petronia xanthocollis) ആണെന്ന് തിരിച്ചറിയുകയും ചെയ്തു. അവനെ പരീക്ഷണമുറികളിലേക്കു കൊണ്ടുപോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചുകൊടുത്തു, BNHS-ലെ നിരവധി അറകൾ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി. സാലിം അലി എന്ന ലോകപ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞൻ ജനിച്ചുവീണ നിമിഷങ്ങളായിരുന്നു അവ……
സാലിം അലിയുടെ ആദ്യകാല പഠനം മുംബൈയിലെ സെന്റ്. സേവിയർ കോളേജിലായിരുന്നു. കുടുംബപ്രാരാബ്ധം മൂലം ബർമ്മയിൽ പണിയന്വേഷിച്ചു പോയെങ്കിലും ഇടവേളകളിൽ പക്ഷിനിരീക്ഷണം തുടർന്നു.
ഈ സമയത്താണ് അദ്ദേഹം ജെ.സി. ഹോപ്വുഡിനെയും ബെർത്തോൾഡ റിബെന്ട്രോപ്പിനെയും പരിചയപ്പെടുന്നത്. ഇവർ രണ്ടു പേരും ആ സമയം ബർമ ഗവെർന്മേന്റിനു കീഴിൽ വനംവകുപ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുനു. ഏഴു വർഷത്തിനു ശേഷം, 1917-ൽ, ഇന്ത്യയിലേക്ക് തിരിച്ചു വന്ന സാലിം, പഠനം പൂർത്തിയാക്കാൻ തീരുമാനിക്കുകയും, വ്യാവസായിക നിയമം പഠിക്കാൻ ദാവർ കോളേജിൽ ചേരുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രകൃതി ശാസ്ത്രത്തിലുള്ള താല്പര്യം തിരിച്ചറിഞ്ഞ സെന്റ്. സേവ്യർ കോളേജിലെ ഫാദർ എതെൽബെറ്റ് ബ്ളാറ്റർ അദ്ദേഹത്തെ ജന്തുശാസ്ത്രം പഠിക്കാൻ പ്രേരിപ്പിച്ചു. അങ്ങനെ സെന്റ്. സേവിയർ കോളേജിൽ നിന്നും അദ്ദേഹം ജന്തുശാസ്ത്രവും പഠിക്കുകയുണ്ടായി.
ബർമ്മയിൽ നിന്ന് ബോംബെയിൽ എത്തിയതിൻ്റെ തൊട്ടടുത്ത വർഷം സാലിം അലി ഒരു വ്യാപാരിയുടെ മകളായ (അകന്ന ബന്ധുവും കൂടിയായ) തെഹ്‌മിനയെ (1918-നു ഡിസംബർ) വിവാഹം കഴിച്ചു.
ജന്തുശാസ്ത്ര സർവേയിൽ (Zoological Survey of India) ഒരു പക്ഷിശാസ്ത്രജ്ഞന്റെ ഒഴിവിൽ ജോലിക്കുവേണ്ടി അപേക്ഷിച്ചിരുന്നെങ്കിലും ഈ വിഷയത്തിൽ ഒരു ഔപചാരിക യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തതിനാൽ അദ്ദേഹം തഴയപ്പെടുകയായിരുന്നു. ഈ ഒഴിവ് പിന്നീട് നികത്തിയത് എം.എൽ. റൂൺവാൾ ആണ്.
1926-ൽ സാലിം മുംബയിലെ പ്രിൻസ് ഓഫ് വെയില്സ് മ്യൂസിയത്തിലെ പ്രകൃതിശാസ്ത്ര വിഭാഗത്തിലെ ഗൈഡ് ലെച്ടറർ ആയി നിയമിതനായി. പ്രതിമാസം 350 രൂപയായിരുന്നു ശമ്പളം. രണ്ടു വർഷത്തിനു ശേഷം ഉദ്യോഗം മടുത്ത അദ്ദേഹം പഠനം തുടരുന്നതിന് വേണ്ടി ജർമനിയിലേക്ക് പോയി. അവിടെ ബെർലിൻ യൂനിവേഴ്സിറ്റിയുടെ ജന്തുശാസ്ത്ര മ്യുസിയത്തിൽ പ്രൊഫ. ഇർവിൻ സ്ട്രസ്സ്മാനു കീഴിൽ ജോലി ചെയ്തു. ജോലിയുടെ ഭാഗമായി ജ.കെ. സ്ടാന്ഫോർഡ് സംഗ്രഹിച്ച മാതൃകകൾ പഠിക്കാനും അദ്ദേഹത്തിന് അവസരം കിട്ടി. ബെർലിനിൽ താമസമാക്കിയിരുന്നത് കൊണ്ട് പല മുൻനിര ജർമ്മൻ പക്ഷിശാസ്ത്രജ്ഞരുമായി ഇടപഴാകാൻ അദ്ദേഹത്തിന് അവസരം കിട്ടി.
മടങ്ങി ഇന്ത്യയിലെത്തിയ സാലിം, ഒരു ജോലിക്കുവേണ്ടി അലയുന്നതിനിടയിൽ, 1932-ൽ ‘ഹൈദരാബാദ് സംസ്ഥാന പക്ഷിശാസ്ത്ര പര്യവേക്ഷണ’ത്തിൽ (Hyderabad State Ornithology Survey) പങ്കെടുക്കാൻ അവസരം ലഭിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം. തുടർന്നാണ്, തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ചുള്ള, ആദ്യ സൂചിപ്പിച്ച പഠനം.
ഈ രണ്ടുപഠനങ്ങളോടുകൂടി തന്നെ സാലിം അലി പ്രശസ്തനാകുകയും ഇന്ത്യയിലെമ്പാടും പക്ഷിനിരീക്ഷണങ്ങൾക്കായി അദ്ദേഹം ക്ഷണിക്കപ്പെടുകയും ചെയ്തു. അതിനിടയിൽ ഇന്ത്യ സ്വതന്ത്രമാവുകയും, സാലിം അലി ബി.എൻ.എച്ച്.എസ്സിന്റെ തലവനാവുകയും ഒക്കെ ചെയ്തു. ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈടറ്റിയെ (BNHS) പതനത്തിൽ നിന്നും കരകയറ്റുന്നതിൽ സാലിം അലി പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. നൂറു വര്ഷം പഴക്കമുള്ള ഈ സ്ഥാപനത്തെ രക്ഷിക്കാൻ അന്നത്തെ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനു സാലിം അലി കത്തെഴുതുകയുണ്ടായി; ഇത് കേന്ദ്ര സർക്കാരിൻ്റെ പിൻതുണ ലഭിക്കാൻ ഇടയാക്കി.
സാലിമിന്റെ കുടുംബക്കാരും പക്ഷിനിരീക്ഷണ രംഗത്ത് ശോഭിച്ചിരുന്നു എന്ന് കാണാം. പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഹുമയൂൺ അബ്ദുള്ള (Humayun Abdulali) , സഫർ ഫുത്തഹാലി ( Zafar Futehally) എന്നിവർ സാലിമിന്റെ അകന്ന ബന്ധുക്കളാണ്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പക്ഷികളെക്കുറിച്ചുള്ള അറിവിൽ സാലിം അലിയുടെ പ്രാമാണ്യം ലോകം അംഗീകരിച്ചു.
സാലിം അലി താൻ പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ ലളിതമായ ഭാഷയിൽ എഴുതി, അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും ലോകരുടെ ആദരവു നേടുകയും ചെയ്തു. The book of Indian Birds (1941) ആണ് പ്രഥമ ഗ്രന്ഥം; തുടർന്ന്, Indian Hill Birds (1949), The Birds of Kuch (1945) എന്നിവ, അതിനു ശേഷമാണ്, The Birds of Kerala എന്ന പുസ്തകം (1953-ലെ ആദ്യ പതിപ്പിന് ‘he Birds of Travancore and Cochin’ പേര് ആണ് നല്കിയിരുന്നത്) അവാസനം The fall of a Sparrow (ആത്മകഥ) വന്നു.
തന്റെ സമ്പാദ്യം മുഴുവനും ശാസ്ത്രപഠനഗവേഷണങ്ങൾക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി എഴുതിവെച്ചശേഷം 1987-ൽ (20-June-1987) തൊണ്ണൂറ്റൊന്നാം വയസിൽ അദ്ദേഹം അന്തരിച്ചു.
കുട്ടികൾക്കുള്ള പ്രസിദ്ധീകരണമായ ‘അമർ ചിത്രകഥ‘ സാലിം അലിയുടെ ജീവിത ചിത്രികരണം നടത്തി ഒരു പുസ്‌തകം ഇറക്കിയിട്ടുണ്ട്. ‘ഇന്ത്യയിലെ പക്ഷി-മനുഷ്യൻ’ എന്നറിയപ്പെടുന്ന ഡോ. സാലിം അലിയുടെ ജന്മദിനം തുടക്കത്തിൽ സൂചിപ്പിച്ച പോലെ ‘ദേശീയ പക്ഷിനിരീക്ഷണ ദിന‘മായി ആചരിക്കുന്നു.
ആർ. ഗോപാലകൃഷ്ണൻ

