Saturday, May 30, 2026
Home » പ്ലാസ്റ്റിക് കറൻസി ഇറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

പ്ലാസ്റ്റിക് കറൻസി ഇറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

by Editor

ന്യൂ ഡൽഹി: രാജ്യത്ത് പേപ്പർ നോട്ടുകൾക്ക് പകരം കൂടുതൽ കാലം ഈടുനിൽക്കുന്ന പ്ലാസ്റ്റിക് (പോളിമർ) കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള പത്തു വർഷത്തോളം പഴക്കമുള്ള പദ്ധതി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) വീണ്ടും സജീവമാക്കിയിരിക്കുകയാണ്. പട്‌നയിലും മുംബൈയിലും നടന്ന ആർബിഐയുടെ സമീപകാല ബോർഡ് യോഗങ്ങളിൽ ഈ വിഷയം ചർച്ച ചെയ്യപ്പെടുകയും, വൈകാതെ തന്നെ ഇതിന്റെ ഒരു പൈലറ്റ് പ്രോജക്റ്റ് (പരീക്ഷണാടിസ്ഥാനത്തിൽ) രാജ്യത്ത് ആരംഭിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

1988-ൽ ഓസ്ട്രേലിയയാണ് ലോകത്ത് ആദ്യമായി പോളിമർ കറൻസി ഉപയോഗിച്ചുതുടങ്ങിയ രാജ്യം. ഇപ്പോൾ 60-ഓളം രാജ്യങ്ങൾ ഉപയോഗിക്കുന്നു. കാനഡ, യുകെ, ന്യൂസിലൻഡ്, വിയറ്റ്നാം, മലേഷ്യ, സിംഗപ്പൂർ, തായ്‍ലൻഡ്, ഇന്തൊനീഷ്യ മുതലായ രാജ്യങ്ങൾ പ്ലാസ്റ്റിക് കറൻസിയാണ് ഉപയോഗിക്കുന്നത്.

പ്രത്യേക സിന്തറ്റിക് പ്ലാസ്റ്റിക് മെറ്റീരിയൽ (BOPP) ഉപയോഗിച്ചാണ് ഇത്തരം നോട്ടുകൾ നിർമ്മിക്കുന്നത്. ഇവ സാധാരണ പേപ്പർ നോട്ടുകളെപ്പോലെ തന്നെ മടക്കിവെക്കാനും പേഴ്സിൽ സൂക്ഷിക്കാനും സാധിക്കും. വിപണിയിൽ കൂടുതൽ കൈമാറ്റം ചെയ്യപ്പെടുന്നതിലൂടെ എളുപ്പത്തിൽ കേടുപാടുകൾ സംഭവിക്കുന്ന 10 രൂപ, 20 രൂപ നോട്ടുകളായിരിക്കും പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം പ്ലാസ്റ്റിക് രൂപത്തിൽ ഇറക്കുക. പേപ്പർ നോട്ടുകളേക്കാൾ ഏകദേശം 2.5 മടങ്ങ് അധികം കാലം ഇവ കേടുകൂടാതെ ഈടുനിൽക്കും. വെള്ളം കയറിയോ മഷി പുരണ്ടോ ഇവ എളുപ്പത്തിൽ നശിക്കില്ല. അതുമാത്രമല്ല അത്യാധുനിക സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്താൻ കഴിയുമെന്നതിനാൽ പ്ലാസ്റ്റിക് നോട്ടുകളുടെ വ്യാജൻ നിർമ്മിക്കുന്നത് അതീവ ദുഷ്കരമാണ്.

ഡിജിറ്റൽ ഇടപാടുകൾ (UPI പോലുള്ളവ) രാജ്യത്ത് വൻതോതിൽ വർദ്ധിച്ചിട്ടുണ്ടെങ്കിലും, വിപണിയിൽ പണത്തിന്റെ (Cash) ആവശ്യകത ഇപ്പോഴും ഉയർന്ന നിരക്കിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 2380 കോടിയോളം മുഷിഞ്ഞ നോട്ടുകളാണ് വിപണിയിൽ നിന്ന് ആർബിഐക്ക് പിൻവലിക്കേണ്ടി വന്നത്. ഈ പ്രതിസന്ധി മറികടക്കാനാണ് ആർബിഐ ഈ സുപ്രധാന നീക്കത്തിലേക്ക് കടക്കുന്നത്. 2024-25ലെ കണക്കുപ്രകാരം കറൻസി നോട്ടുകൾ അച്ചടിക്കാൻ റിസർവ് ബാങ്കിന് 6372.8 കോടി രൂപ ചെലവഴിക്കേണ്ടി വന്നു. ഈ വർഷം മേയ് 15 വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 42.86 ലക്ഷം കോടി രൂപയുടെ കറൻസികൾ പ്രചാരത്തിലുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 11.5% അധികം.

പ്ലാസ്‌റ്റിക് കറൻസി ദീർഘകാലം ഈടുനിൽക്കുമെന്നതിനാൽ അടിക്കടി പുത്തൻ നോട്ട് അച്ചടിക്കേണ്ട സാഹചര്യം ഒഴിവാകും. അച്ചടിച്ചെലവ് വലിയതോതിൽ കുറയും. പരീക്ഷണാടിസ്‌ഥാനത്തിൽ പുറത്തിറക്കുന്ന 10, 20 രൂപാ നോട്ടുകൾ വിജയകരമായാൽ മറ്റു കറൻസികളിലേക്കും കടക്കാനാണ് റിസർവ് ബാങ്ക് ആലോചിക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!