വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ നിലവിലുള്ള വെടിനിർത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടാൻ ചർച്ചയിൽ ധാരണ. ഇറാൻ്റെ ആണവപദ്ധതികളെക്കുറിച്ച് ചർച്ച തുടരാനും വെടിനിർത്തൽ നീട്ടാനുമുള്ള 60 ദിവസത്തേയ്ക്കുള്ള മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗിൽ (എംഒയു) അമേരിക്കയും ഇറാനും യോജിപ്പിലെത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് എംഒയുവിന് ഇതുവരെ അന്തിമ അംഗീകാരം നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാൽ ഇറാൻ ഹോർമുസ് തുറക്കുകയും അമേരിക്ക നാവിക ഉപരോധം പിൻവലിക്കുകയും ചെയ്യും. എല്ലാ മേഖലകളിലും യുദ്ധം നിർത്തിയുള്ള ധാരണ വിജയിച്ചാൽ ആണവ വിഷയത്തിൽ ഇറാൻ വിട്ടുവീഴ്ച ചെയ്തേക്കും. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന്റെ ഭാവിയെക്കുറിച്ചും യുറേനിയം സമ്പുഷ്ടീകരണത്തെക്കുറിച്ചും ഇരു രാജ്യങ്ങളും വിശദമായി സംസാരിക്കും. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഇറാന്റെ ഉറപ്പിന്മേൽ, മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ വിട്ടുകൊടുക്കുന്നതും ഉപരോധങ്ങളിൽ ഇളവുകൾ നൽകുന്നതും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതും അമേരിക്കയുടെ പരിഗണനയ്ക്ക് വരും.
നയതന്ത്ര ചർച്ചകൾ ഒരുവശത്ത് പുരോഗമിക്കുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ നടക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ദക്ഷിണ ഇറാനിലെ ബന്ദർ അബ്ബാസിന് സമീപമുള്ള ഇറാന്റെ ഡ്രോൺ നിയന്ത്രണ കേന്ദ്രത്തിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി, വ്യാഴാഴ്ച കുവൈറ്റിലെ യു.എസ് വ്യോമതാവളം ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയിരുന്നു. കുവൈറ്റിലുള്ള യു.എസ് വ്യോമതാവളം ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈൽ അയച്ചതായി യു.എസ് സ്ഥിരീകരിച്ചു. എന്നാൽ ഈ മിസൈൽ കുവൈറ്റ് സൈന്യം വിജയകരമായി ആകാശത്തുവെച്ച് തന്നെ തകർത്തു. ഇതിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഈ ആക്രമണങ്ങൾ ഇരുപക്ഷവും വെടിനിർത്തൽ കരാർ ലംഘിച്ചതായി പരസ്പരം കുറ്റപ്പെടുത്താൻ കാരണമായിട്ടുണ്ട്. യു.എസും ഇറാനും തമ്മിൽ 60 ദിവസത്തെ വെടിനിർത്തൽ നീട്ടാനുള്ള പ്രാഥമിക ധാരണയിലെത്തിയെന്ന വാർത്തകൾ പുറത്തുവരുന്നതിനിടയിലാണ് പശ്ചിമേഷ്യയെ വീണ്ടും ആശങ്കയിലാഴ്ത്തി ഈ ആക്രമണങ്ങൾ നടന്നത്.
യു എസ് ആക്രമണത്തിന് തിരിച്ചടിയായി കുവൈത്തിലെ യുഎസ് വ്യോമതാവളം ആക്രമിച്ച് ഇറാൻ

