ടെഹ്റാൻ: ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപം അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി കുവൈത്തിലെ യുഎസ് വ്യോമതാവളം ആക്രമിച്ച് ഇറാൻ. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഡ്രോൺ പ്രവർത്തനങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം പുതിയ സൈനിക നടപടി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം.
ഹോർമുസ് കടലിടുക്കിന് ഭീഷണിയാണെന്ന് കണ്ടെത്തിയ ഇറാന്റെ നാല് ഡ്രോണുകൾ യുഎസ് സൈന്യം വെടിവച്ചിട്ടു. അഞ്ചാമത്തെ ഡ്രോൺ വിക്ഷേപിക്കാൻ തയ്യാറെടുക്കുകയായിരുന്ന ഇറാന്റെ ദക്ഷിണ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ യുഎസ് സൈന്യം വ്യോമാക്രമണം നടത്തി. സ്വയംരക്ഷാർത്ഥമുള്ള മുൻകരുതൽ നടപടിയാണിതെന്നാണ് യുഎസ് വ്യക്തമാക്കിയത്.
കുവൈത്തിലെ യുഎസ് സൈനിക താവളമായ അഹമ്മദ് അൽ ജാബർ (Ahmad al-Jaber) വ്യോമതാവളം ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ. ഇറാന്റെ ബന്ദർ അബ്ബാസ് ഉൾപ്പെടെയുള്ള തെക്കൻ മേഖലകളിൽ യുഎസ് നടത്തിയ വ്യോമാക്രമണങ്ങൾക്കുള്ള നേരിട്ടുള്ള പ്രതികാരമാണിതെന്ന് ഇറാൻ വ്യക്തമാക്കി. യുഎസ് വീണ്ടും ആക്രമണത്തിന് മുതിർന്നാൽ ഇതിലും മാരകമായ രീതിയിൽ തിരിച്ചടിക്കുമെന്നും സംഭവങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്കായിരിക്കുമെന്നും Tasnim വാർത്താ ഏജൻസി വഴി ഇറാൻ മുന്നറിയിപ്പ് നൽകി.
കുവൈത്തിന്റെ ആകാശത്ത് പലയിടങ്ങളിലും ഉഗ്രമായ സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയും എയർ സൈറണുകൾ മുഴങ്ങുകയും ചെയ്തു. ശത്രുക്കളുടെ മിസൈലുകളെ കുവൈത്ത് വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ വിജയകരമായി തടഞ്ഞു തകർത്തതിൻ്റെ ഭാഗമായാണ് ഈ ശബ്ദങ്ങൾ ഉണ്ടായതെന്ന് കുവൈത്ത് സൈന്യം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ മാധ്യമങ്ങൾ പ്രചരിപ്പിച്ച ധാരണാപത്രത്തെക്കുറിച്ചുള്ള വാർത്തകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൂർണ്ണമായി തള്ളിപ്പറഞ്ഞു. ആരുടെയും ഭീഷണിക്ക് വഴങ്ങി ഇളവുകൾ നൽകാൻ യുഎസ് തയ്യാറല്ലെന്നും ട്രംപ് വ്യക്തമാക്കി. കടലിടുക്കിലൂടെയുള്ള കപ്പലുകളിൽ നിന്ന് നികുതി ഈടാക്കാൻ ഇറാൻ പുതുതായി രൂപീകരിച്ച ‘പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അതോറിറ്റി’ എന്ന സ്ഥാപനത്തിന്മേൽ യുഎസ് പുതിയ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തി.

