Friday, May 29, 2026
Home » സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ചു; കര്‍ണാടകയെ ഇനി ഡി കെ ശിവകുമാര്‍ നയിക്കും
സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ചു; കര്‍ണാടകയെ ഇനി ഡി കെ ശിവകുമാര്‍ നയിക്കും

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ചു; കര്‍ണാടകയെ ഇനി ഡി കെ ശിവകുമാര്‍ നയിക്കും

by Editor

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി പദവിയിൽനിന്നും രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ. ഇന്ന് (വ്യാഴാഴ്‌ച) രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്ക് ഒരുക്കിയ പ്രാതൽവിരുന്നിലാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്. ഡി.കെ ശിവകുമാറിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും മന്ത്രിമാരോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് ഇനി ഔദ്യോഗിക നടപടി ക്രമങ്ങൾ മാത്രമേ ബാക്കിയുള്ളൂ.

കാലങ്ങളായി നീണ്ടുനിന്ന കസേര കളികള്‍ക്കൊടുവില്‍ ഹൈക്കമാന്റിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് മുഖ്യമന്ത്രി സ്ഥാനം ഡികെ ശിവകുമാറിന് സിദ്ധരാമയ്യ വിട്ടുനല്‍കുന്നത്. മകന് സുരക്ഷിതസ്ഥാനം നല്‍കണമെന്ന ഉറപ്പിന്മേലാണ് സിദ്ധരാമയ്യയുടെ പിന്‍വാങ്ങല്‍. സിദ്ധരാമയ്യ രാജിവെച്ചതോടെ വെള്ളിയാഴ്‌ച കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരും. ഇതിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നിയമസഭാകക്ഷിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കും. നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ കർണാടകത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ്സിങ് സുർജേവാല ബുധനാഴ്‌ച ബെംഗളൂരുവിലെത്തി.

അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ആധികാരിക വിജയത്തോടെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവന്നത്. എന്നാല്‍ മുഖ്യമന്ത്രി ആരെന്നതില്‍ ഉണ്ടായത് വലിയ ആശയക്കുഴപ്പമായിരുന്നു. 136 സീറ്റുകള്‍ നേടാന്‍ സംഘടനയെ പ്രാപ്തമാക്കിയത് ഡികെ ശിവകുമാര്‍ ആണെന്നും മുഖ്യമന്ത്രി ആക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. ദളിത് മുസ്ലിം വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയ സിദ്ധരാമയ്യ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയും ഉറപ്പിച്ചു. സിദ്ധരാമയ്യ ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവായതിനാല്‍ രണ്ടരവര്‍ഷം എന്ന ഹൈക്കമാന്റിന്റെ ധാരണയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രണ്ടാം വര്‍ഷം ആരംഭിച്ചത് മുതല്‍ക്കുതന്നെ നേതൃമാറ്റ ചര്‍ച്ചകള്‍ ഡികെ പക്ഷം സജീവമാക്കി. കഴിഞ്ഞ നവംബറില്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും സ്ഥാനമൊഴിയാന്‍ സിദ്ധരാമയ്യ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ സിദ്ധരാമയ്യയെ പിണക്കാതെ അദ്ദേഹംതന്നെ ഇക്കാര്യം പ്രഖ്യാപിക്കുന്ന സാഹചര്യമൊരുക്കുകയാണ് കോൺഗ്രസ് നേതൃത്വം ചെയ്തത്.

കോൺഗ്രസ് ഭരിക്കുന്ന നാലുസംസ്ഥാനങ്ങളിൽ കർണാടകയിൽ മാത്രമാണ് ഒ.ബി.സി. വിഭാഗത്തിൽനിന്നുള്ള മുഖ്യമന്ത്രിയുള്ളത്. കർണാടകയിലെ പ്രമുഖ ജാതിവിഭാഗമായ കുറുബ ഗൗഡയിൽ നിന്നുള്ള സിദ്ധാരാമയ്യയെ പിണക്കാതെ അനുനയിപ്പിക്കാനായിരുന്നു ആദ്യം മുതൽ കോൺഗ്രസ് ശ്രമിച്ചത്. തിരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം ബാക്കിനില്‍ക്കെ രാജ്യസഭാ സീറ്റ് ഏറ്റെടുത്ത് രാജിവെക്കണം എന്നായിരുന്നു ഹൈക്കമാന്റ് സിദ്ധരാമയ്യയ്ക്ക് നല്‍കിയ അന്തിമ നിര്‍ദ്ദേശം. ഒ.ബി.സി. മുഖ്യമന്ത്രിയെ മാറ്റി ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയാൽ, ദളിത്, ഒ.ബി.സി., ന്യൂനപക്ഷ, ലിംഗായത്ത് വിഭാഗങ്ങൾക്കെല്ലാം പ്രാതിനിധ്യം നൽകുന്ന ഫോർമുലകളും ആലോചിക്കുന്നതായാണ് സൂചന.

Send your news and Advertisements

You may also like

error: Content is protected !!