ടെഹ്റാൻ: ഇറാനിലെ തന്ത്രപ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസിലും സമീപ പ്രദേശങ്ങളിലും ശക്തമായ സ്ഫോടന ശബ്ദം കേട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദർ അബ്ബാസ് മേഖലയിൽ മൂന്ന് തവണ സ്ഫോടന ശബ്ദം കേട്ടതായി തസ്നിം (Tasnim) വാർത്താ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. തന്ത്രപ്രധാനമായ ജലപാതയ്ക്ക് സമീപമുള്ള സിരിക്, ജാസ്ക് തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ ശബ്ദം കേട്ടതായി ഫാർസ് വാർത്താ ഏജൻസി അറിയിച്ചു.
ദക്ഷിണ ഇറാനിലെ തന്ത്രപ്രധാന മേഖലകളിൽ തങ്ങൾ ‘സ്വയം പ്രതിരോധ’ ആക്രമണങ്ങൾ നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കടലിൽ മൈനുകൾ (mines) സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ ബോട്ടുകളും തീരദേശത്തെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളുമായിരുന്നു യുഎസ് പ്രധാനമായും ലക്ഷ്യമിട്ടത്. ഒരു ഇറാനിയൻ (IRGC) കപ്പൽ കടലിൽ വെച്ച് യുഎസ് കപ്പലിനെ ലക്ഷ്യമിട്ടതിനെത്തുടർന്നാണ് യുഎസ് യുദ്ധവിമാനങ്ങൾ ഈ തിരിച്ചടി നൽകിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നിലവിൽ യുഎസും ഇറാനും തമ്മിൽ താല്കാലിക വെടിനിർത്തൽ നിലനിൽക്കുന്നുണ്ട്. വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും തങ്ങളുടെ സൈന്യത്തെ സംരക്ഷിക്കാൻ പരമാവധി ആത്മസംയമനം പാലിച്ചുകൊണ്ട് തന്നെയാണ് ഈ പ്രതിരോധ ആക്രമണം നടത്തിയതെന്ന് സെൻട്രോം വക്താവ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ ഹോർമുസ് കടലിടുക്കിൽ ഉണ്ടായ ഈ സംഭവം മേഖലയിൽ വീണ്ടും നേരിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ഹിസ്ബുള്ളയ്ക്കെതിരെ ആക്രമണങ്ങൾ ശക്തമാക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകി നെതന്യാഹു.

