Monday, June 1, 2026
Home » ഗായകൻ ഇടവ ബഷീർ
ഗായകൻ ഇടവ ബഷീർ

ഗായകൻ ഇടവ ബഷീർ

ആർ. ഗോപാലകൃഷ്ണൻ

by Editor

വേദിയിൽ പാടാൻ ജനിച്ച ഗായകൻ – വേദിയിൽ തന്നെ ജീവിതത്തിനും നാലു വർഷംമുമ്പ് തിരിശീല വീഴ്ത്തി… ഗാനമേള വേദികളിൽ, മൂന്നു പതിറ്റാണ്ടിലധികകാലം മലയാളി പ്രേക്ഷകരെ ത്രസിപ്പിച്ച ഗായകനാണ് ഇടവ ബഷീർ…  പുതിയ തലമുറയിലെ സംഗീത ആസ്വാദകർക്ക് അത്രയേറെ പരിചിതനല്ലാത്ത ഒരു ഗായകനാണ് ഇടവാ ബഷീർ. ഒരു കാലത്ത് തന്റെ മാന്ത്രിക ശബ്ദം കൊണ്ട് ഉത്സവപ്പറമ്പുകളെ ഇളക്കി മറിച്ച ബഷീറിനെ പഴയ തലമുറ എന്തായാലും ഓർക്കുന്നുണ്ടാകും.

അഞ്ചു പതിറ്റാണ്ടുകൾ മുൻപേ ഗാനമേള വേദികളിലെ സ്ഥിരം മുഖമാണ് ഇടവ ബഷീറും അദ്ദേഹത്തിന്റെ ഗാനമേള ട്രൂപ്പായ സംഗീതാലയയും. ‘മുക്കുവനെ സ്നേഹിച്ച ഭൂതം’ എന്ന സിനിമയിൽ വാണി ജയറാമിനൊപ്പം ‘ആഴിത്തിരമാലയിൽ’ എന്ന ഗാനം ജനശ്രദ്ധ നേടിയെങ്കിലും ഗാനമേള വേദികളിലെ തിരക്കു കാരണം സിനിമയിലെ അവസരങ്ങൾക്കു പിന്നാലെ പോകാൻ അദ്ദേഹത്തിനായില്ല.

പാട്ടുജീവിതത്തിന്റെ അരനൂറ്റാണ്ടു പിന്നിട്ടു ഗായകനാണ് ഇടവ ബഷീർ. കൊവിഡ് കാലത്തിന് മുമ്പായിരുന്നു സുവർണ ജൂബിലി ആഘോഷം. സുവർണ ജൂബിലി ആഘോഷം 2018 ഡിസംബർ 30-നു കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടന്നിരുന്നു….

ഇടവ എന്ന നമ്മുടെ ചെറു ഗ്രാമത്തിലാണ് ബഷീർ ജനിച്ചത്. (ഇടവ ബഷീർ ജനിച്ച തീയതിയോ വർഷമോ റെഫറൻസുകളിൽ കാണുന്നില്ല: 1945-നോ അതിനോടടുത്ത വർഷങ്ങളോ ആണ്.) റേഡിയോ പോലും കേൾക്കാനുള്ള സാഹചര്യം ഇല്ലായിരുന്ന അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത്, അദ്ദേഹത്തെ സംഗീതവുമായി അടുപ്പിച്ചത്, നമ്മുടെ പൂര്‍വ്വികര്‍ വിദേശത്തു നിന്ന് കൊണ്ടു വന്ന പഴയ റിക്കാർഡ് പ്ലെയറുകൾ ആയിരുന്നു. റിക്കാർഡ് പ്ലെയറിൽ യേശുദാസിന്റേയും റാഫിയുടേയും ഗാനങ്ങൾക്കൊപ്പം പാടിയാണ് ബഷീർ ആദ്യകാലങ്ങളിൽ സംഗീതത്തിൽ പരീശീലനം നടത്തിയിരുന്നത്. കലയിലും കായിക രംഗത്തും തല്പരനായിരുന്ന ബഷീറിനെ മാതാപിതാക്കൾ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. കൊല്ലം കൃസ്തുരാജ് ഹൈസ്കൂളിലെ വിദ്യാഭ്യാസ സമയത്ത് വിവിധ സംഗീത മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. കോടമ്പള്ളി ഗോപാലപിള്ള എന്ന സംഗീതജ്ഞന്റെ അടുത്തു നിന്നാണ് ബഷീർ ശാസ്ത്രീയ സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ അഭ്യസിച്ചത്. മ്യൂസിക് കോളേജിൽ പഠനമാരംഭിച്ച ശേഷം, രത്നാകരൻ ഭാഗവതർ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം തുടങ്ങിയവരുടെ പക്കൽ നിന്നും കൂടുതൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു.

രണ്ടുപതിറ്റാണ്ടോളം മലയാള ചലച്ചിത്ര സംഗീതലോകത്തെ ചക്രവർത്തിപദം അലങ്കരിച്ച രവീന്ദ്രൻ, ‘കുളത്തൂപ്പുഴ രവി’ മാത്രമായിരിക്കുന്ന സമയത്ത് തന്റെ ഗാനമേള ട്രൂപ്പിൽ പാടാൻ അവസരം ചോദിച്ചുവന്ന കാലത്തെക്കുറിച്ചും ഇടവ ബഷീർ ഓർക്കുന്നു. തിരുവനന്തപുരം സംഗീത കോളേജിൽ രണ്ടുവർഷം സീനിയറായിരുന്നു രവീന്ദ്രൻ.

മ്യൂസിക് കോളേജിൽ നിന്നും ഗാനഭൂഷണം പൂർത്തിയാക്കിയ ശേഷം, വർക്കലയിൽ ‘സംഗീതാലായ’ എന്ന ഒരു ഗാനമേള ട്രൂപ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. യേശുദാസായിരുന്നു അവരുടെ പരിപാടി അന്ന് ഉത്ഘാടനം ചെയ്തത്. ഒരിക്കൽ തന്റെ പിതാവിന്റെ ജോലിസ്ഥലമായ സിംഗപ്പൂരിൽ പോകാൻ അവസരം ലഭിച്ചപ്പോൾ, അദ്ദേഹത്തിന്റെ മാമൻ ഒരു ‘അക്കോർഡിയൻ’ സമ്മാനിച്ചു. അന്ന് വരെ ഇരട്ട മൈക്കിലൂടെ ഗാനമേള നടത്തിയിരുന്ന നമ്മുടെ നാട്ടിൽ, ഇതൊരു അപൂർവ വസ്തുവായിരുന്നു. അക്കോർഡിയൻ ഗാനമേളകളിൽ അവതരിപ്പിച്ചതോടെ അത് വൻ ജനക്കൂട്ടത്തെ ആകർഷിച്ചു. അന്ന് വരെ ഗാനമേളകളിൽ നിന്നും ലഭിച്ചിട്ടില്ലാത്ത ഒരു അനുഭൂതി കേഴ്‌വിക്കാർക്ക് പ്രധാനം ചെയ്യുവാൻ ബഷീറിന്റെ ‘സംഗീതാല‘യ്ക്ക് സാധിച്ചു.

വർക്കലയിൽ സംഗീതാലായ എന്ന ഒരു ഗാനമേള ട്രൂപ്പ് ആരംഭിച്ചു. അക്കോർഡിയൻ തുടങ്ങിയ ഉപകരണങ്ങൾ ഗാനമേളകളിൽ അവതരിപ്പിച്ചു. യമഹയുടെ സിന്തസൈസർ, മിക്സർ, എക്കോ, റോളണ്ട് എന്ന കമ്പനിയുടെ സി ആർ 78 കമ്പോസർ, ജുപ്പിറ്റർ 4 എന്നിവയൊക്കെ ആദ്യമായി ഗാനമേള വേദികളിൽ എത്തിച്ചത് ബഷീർ ആയിരുന്നു. അങ്ങനെ കേരളത്തിൽ ആദ്യമായി അത്യാധുനിക സംഗീതോപകരണങ്ങൾ ഗാനമേളാ വേദികളിൽ അവതരിപ്പിച്ചത് ബഷീർ ആയിരുന്നു. അത്യാധുനികമായ സംഗീതോപകരണങ്ങൾ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിച്ച് അദ്ദേഹം തന്റെ ഗാനമേളകൾക്ക് കൊഴുപ്പുകൂട്ടി. ഈ സംഗീതോപകരണങ്ങൾ കാണുവാൻ തന്നെ ജനം കൂടുന്ന അവസ്ഥ ആയിടക്ക് ഉത്സവപ്പറമ്പുകളിൽ സംജാതമായിരുന്നു.

1972-ൽ, ദക്ഷിണേന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് കീ ബോർഡ് (ഒരു’കോംബോ ഓർഗൻ’) കൊണ്ടുവന്നത് ആർ കെ ശേഖർ ആയിരുന്നു… (ശേഖറിൻറെ പുത്രൻ എ. ആർ. റഹ്മാന് അന്ന് നാലു വയസ്സ്…) അത് വാങ്ങിയ സിംഗപ്പൂർ ഷോപ്പിൽ പിൽക്കാലത്തു ഇടവ ബഷീർ ചെല്ലുമ്പോൾ, ശേഖറിന്റെ ചിത്രം അവിടെ ചില്ലിട്ടു വച്ചിട്ടുണ്ട് എന്നൊരു കഥയും ബഷീർ വെളിപ്പെടുത്തിയിട്ടുണ്ട്.

ബഷീറിന്റെ ഗാനമേളകൾ ശ്രവണ സുഖം മാത്രമല്ല, നയനാനന്ദകരവുമായിരുന്നു എന്ന് നിസ്സംശയം പറയാം. ജനങ്ങളുടെ പൾസറിഞ്ഞ്, അവരെ ആനന്ദിപ്പിക്കുവാൻ ബഷീറിനു കഴിഞ്ഞു എന്നത് തന്നെയായിരിക്കാം ഗാനമേള രംഗത്തെ അദ്ദേഹത്തിന്റെ വിജയ രഹസ്യം. കേരളത്തിലുടനീളം ബഷീറും സംഗീതാലയയും ഗാനമേളകൾ നടത്തി. ഗാനമേളകൾക്കൊപ്പം മാപ്പിളപ്പാട്ടുകളുടെ ഒരു വേറിട്ട ശബ്ദം കൂടിയായിരുന്നു ഇടവ ബഷീർ.

അമ്പതു വർഷത്തിനിടയിൽ പതിനായിരത്തിലേറെ ഗാനമേളകൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നടത്തി. എസ്.ജാനകി, പി.സുശീല, ബി.വസന്ത, ജെൻസി തുടങ്ങി മലയാളത്തിലെ ഏറ്റവും പ്രശസ്തരായ ഗായികമാർ ബഷീറിനൊപ്പം പാടി….. രവീന്ദ്രൻ മാഷിൻ്റെ കാര്യം മുമ്പ് സൂചിപ്പിച്ചുവല്ലോ.

മലയാള സിനിമയിലെ പല പ്രമുഖ സംഗീതജ്ഞരും അവരുടെ കരിയറിന്റെ തുടക്കകാലത്ത് ബഷീറിനൊപ്പം ഗാനമേളകളിൽ വേദി പങ്കിട്ടിട്ടുണ്ട്. സംഗീത സംവിധായകൻ ഔസേപ്പച്ചൻ അദ്ദേഹത്തിന്റെ ട്രൂപ്പിൽ വയലിനിസ്റ്റായി ഒരു പാടു കാലം പ്രവർത്തിച്ചിരുന്നു. ഇന്ന് ഗാനമേളകൾ കുറവാണെങ്കിലും, ഇപ്പോഴും ആൽബങ്ങളിലൂടെയും ജുഗൽബന്ദി പ്രോഗ്രാമുകളിലൂടെയും സംഗീത ലോകത്ത് ബഷീർ സജീവമായിരുന്നു.

ഗാനമേളകളിലൂടെ പ്രശസ്തനായ ബഷീറിനെ തേടി സിനിമാഗാനങ്ങളും എത്തി. അൻവർ സുബൈർ ‘രഘുവംശം‘ എന്ന ചിത്രം എടുത്തപ്പോൾ, ബഷീറിനു പാടുവാൻ അവസരം നൽകി. എ. ടി. ഉമ്മറായിരുന്നു സംഗീത സംവിധായകൻ. (ഈ പാട്ട് സെൻസർ ബോർഡ് വെട്ടിമാറ്റിയതു കൊണ്ട് സിനിമയിൽ വന്നില്ല എന്നാണ് കേട്ടിട്ടുള്ളത്; എന്നാൽ യു ട്യൂബിൽ ഉണ്ടെന്നു തോന്നുന്നു.)

പിന്നീട്, മദ്രാസിൽ എ. വി. എം. സ്റ്റുഡിയോയിൽ വച്ച് എസ്. ജാനകിക്കൊപ്പം പാടിയ ‘വീണവായിക്കുമെൻ വിരൽത്തുമ്പിലെ..’ എന്ന് തുടുങ്ങുന്ന ഗാനമാണ് ബഷീറിന്റെ ആദ്യ ചലച്ചിത്ര ഗാനം. പിന്നീട് അൻവർ സുബൈറിന്റെ തന്നെ ‘മുക്കുവനെ സ്നേഹിച്ച ഭൂതം‘ എന്ന സിനിമക്ക് വേണ്ടി കെ. ജെ. ജോയിയുടെ സംഗീത സംവിധാനത്തിൽ വാണി ജയറാമുമൊത്ത് പാടിയ ‘ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ..’ എന്നാ ഗാനം സൂപ്പർ ഹിറ്റായതോടെ ഉത്സവപ്പറമ്പുകളുടെ പ്രിയഗായകനെ മലയാളക്കരയാകെ അറിഞ്ഞു.

സിനിമകളിൽ പാടുവാൻ അവസരം ലഭിച്ചുവെങ്കിലും, ബഷീർ ഗാനമേളകൾക്കു തന്നെയാണ് പ്രാധാന്യം നൽകിയത്. ഗാനമേളകളുടെ തിരക്കിൽ പലപ്പോഴും സിനിമയിൽ പാടുവാനുള്ള ക്ഷണങ്ങൾ നിരസിക്കേണ്ടതായി വന്നു. മദ്രാസിൽ പോയി സിനിമക്ക് പാടുവാനുള്ള അസൌകര്യവും അതിനു പിന്നിൽ ഉണ്ടായിരുന്നു. ദേവരാജൻ മാഷിന്റെ കത്തുകൾ പലപ്പോഴും ഗാനമേളയുടെ തിരക്കിൽ വൈകിയാണ് ബഷീറിന്റെ പക്കൽ എത്തിച്ചേർന്നത്.

ഓൾ കേരള മ്യുസീഷ്യൻസ് & ടെക്നീഷ്യൻസ് വെൽഫെയർ അസോസിയേഷൻ എന്നൊരു സംഘടന ബഷീറും സുഹൃത്തുക്കളും ചേർന്ന് രൂപികരിച്ചു. അതിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. അവസാനകാലത്ത് ഹൃദ്രോഗം അടക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നെങ്കിലും ഗാനമേളാരംഗത്ത് സജീവസാന്നിദ്ധ്യമായിരുന്നു ബഷീർ.

അങ്ങനെയിരിയ്ക്കേ, 2022 മെയ് 28-ന് ആലപ്പുഴയിൽ ബ്‌ളൂ ഡയമണ്ട്‌സ് ഓർക്കസ്ട്രയുടെ സുവർണജൂബിലി ആഘോഷവേദിയിൽ (പാതിരപ്പള്ളി ക്യാംലോട്ട് കൺവൻഷൻ സെന്ററിൽ ) പാടിക്കൊണ്ടിരിയ്ക്കേ അദ്ദേഹത്തിന് പെട്ടെന്ന് ഹൃദയാഘാതം അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമുണ്ടായി. യേശുദാസ് ആലപിച്ച ‘മാനാ ഹോ തും…’ എന്ന ഹിന്ദിഗാനത്തിന്റെ അവസാനത്തെ പല്ലവി പാടിത്തീരാൻ രണ്ടുവരി ബാക്കിനില്ക്കെയാണ് കുഴഞ്ഞുവീണത്. ഗാനമേള ട്രൂപ്പിലുണ്ടായിരുന്ന നഴ്‌സും ഗാനമേള കാണാൻ എത്തിയവരിൽ ഉണ്ടായിരുന്ന ഡോക്ടറും ചേർന്ന് പ്രഥമശുശ്രൂഷ നൽകി. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന് 78 വയസ്സിലായിരുന്നു ആ അന്ത്യം.

കടപ്പാട്: വിക്കിപീഡിയ; യൂട്യൂബ്; M3DB.കോം; അൻഷാദ് പന്തപ്ലാവിൽ; കെ.ആർ. രവി മോഹനൻ

ആർ. ഗോപാലകൃഷ്ണൻ

Send your news and Advertisements

You may also like

error: Content is protected !!