ടെഹ്‌റാൻ: ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെ അമേരിക്ക പകൽ സമയത്തും ശക്തമായ വ്യോമാക്രമണം തുടരുകയാണ്. മുൻപ് രാത്രികാലങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന യുഎസ് ആക്രമണങ്ങൾ, ഇപ്പോൾ പകൽ സമയങ്ങളിലേക്കും വ്യാപിപ്പിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന്റെ തീവ്രത വർദ്ധിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടന്ന ആക്രമണങ്ങളിൽ മുപ്പതിലധികം ആളുകൾ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വക്താക്കൾ സ്ഥിരീകരിച്ചു.
ടെഹ്‌റാൻ സമയം ഉച്ചയ്ക്ക് 1:30-ന് ഇറാനെ ലക്ഷ്യമിട്ട് പുതിയ ഘട്ട ആക്രമണം ആരംഭിച്ചതായാണ് യുഎസ് സൈന്യം അറിയിച്ചത്. വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ ഇറാൻ ഉപയോഗിക്കുന്ന ഹോർമുസ് കടലിടുക്കിലെ സൈനിക ശേഷി കൂടുതൽ ദുർബലപ്പെടുത്തുകയാണ് ഈ ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്ക തെക്കൻ ഇറാനിൽ നടത്തിയ ആക്രമണങ്ങളിൽ 30-ലേറെ പേർ കൊല്ലപ്പെടുകയും 260-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ അധികൃതർ അറിയിച്ചിട്ടുണ്ട്.
തെക്കുകിഴക്കൻ ഇറാന്റെ സിസ്താൻ-ബലൂചിസ്താൻ പ്രവിശ്യയിലുള്ള ഇറാന്റെ 388-ാം മെക്കനൈസ്ഡ് ഇൻഫൻട്രി ബ്രിഗേഡിന്റെ സൈനിക ബാരക്കുകൾക്ക് നേരെ അമേരിക്ക 13-ലധികം മിസൈലുകൾ വർഷിച്ചു. ഈ ഒരൊറ്റ ആക്രമണത്തിൽ മാത്രം 7 സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ ഗ്രേറ്റർ ടുൺബ് ദ്വീപിലുള്ള (Greater Tunb Island) ഇറാന്റെ തീരദേശ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ സംഭരണശാലകൾ, ലോഞ്ച് സൈറ്റുകൾ എന്നിവ അമേരിക്കൻ ആക്രമണത്തിൽ തകർന്നു. ദക്ഷിണ തുറമുഖ നഗരമായ ചബഹാറിലും വലിയ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ഈ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ തങ്ങളുടെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് കുവൈത്ത്, ബഹ്‌റൈൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തി. തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് കടന്ന മിസൈലുകളെ ജോർദാനും ബഹ്‌റൈനും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി അറിയിച്ചിട്ടുണ്ട്.
അതിനിടെ സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനായി ഇരുരാജ്യങ്ങളുടെയും സൈനിക തലവന്മാർ റിയാദിൽ നിർണായക ചർച്ച നടത്തി. പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച എന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. സൗദി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ജനറൽ ഫയ്യാദ് അൽ റുവൈലിയും, യുഎസ് സെൻട്രൽ കമാൻഡ് ഡെപ്യൂട്ടി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ പാട്രിക് ഫ്രാങ്കും തമ്മിലാണ് ചർച്ചകൾ നടത്തിയത്. മേഖലയിൽ ഇറാൻ – അമേരിക്ക സംഘർഷം രൂക്ഷമായതിന് പുറമെ, സൗദിയിലേക്ക് ഹൂത്തികൾ നടത്തുന്ന ആക്രമണത്തിന്‍റെ കൂടി പശ്ചാത്തലത്തിലായിരുന്നു സൗദി – അമേരിക്ക സേനാ തലവന്മാരുടെ കൂടിക്കാഴ്ച്ച.

