തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ പത്രസമ്മേളനം നടത്തി. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിനും ഫയൽ നീക്കം വേഗത്തിലാക്കാനുമായി പുതിയ സംവിധാനം സർക്കാർ തയ്യാറാക്കും. പൂർണ്ണമായും ‘ഡാറ്റ ഡ്രിവൺ’ (Data-driven) രീതിയിലായിരിക്കും ഇനി ഫയൽ നീക്കം. കൂടാതെ, സർക്കാർ പദ്ധതികളുടെ കൃത്യമായ നടത്തിപ്പിനായി ‘പ്രോജക്ട് മാപ്പിംഗ്’ സംവിധാനവും പ്രത്യേക പ്രോജക്ട് പ്രോട്ടോക്കോളും നിലവിൽ വരും. പദ്ധതി നടത്തിപ്പിലെ കാലതാമസവും അധിക ചെലവും നിയന്ത്രിക്കാൻ ഇത് സഹായിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വിഭാവനം ചെയ്യുന്ന അതിവേഗ റെയിൽപദ്ധതിയെക്കുറിച്ച് പഠിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിക്കായി മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ട് അപൂർണ്ണമാണെന്നാണ് വിദഗ്‌ധസമിതിയുടെ വിലയിരുത്തൽ. കൂടുതൽ കാര്യങ്ങൾ പരിശോധിക്കാനുണ്ടെന്നും കൃത്യമായ പഠനം നടത്താതെ ഇപ്പോഴത്തെ രൂപത്തിൽ ഈ പദ്ധതി നടപ്പാക്കരുതെന്നും സമിതി സർക്കാരിനോട് ശുപാർശ ചെയ്‌തിട്ടുണ്ട്.
ഇപ്പോൾ ലഭിച്ചിരിക്കുന്ന റിപ്പോർട്ടിൻ്റെ മാത്രം അടിസ്ഥാനത്തിൽ ധൃതിപിടിച്ച് റെയിൽ പദ്ധതിയിൽ തീരുമാനമെടുക്കരുതെന്നാണ് വിദഗ്‌ധസമിതിയുടെ നിർദ്ദേശം. മുൻപ് കെ-റെയിൽ പദ്ധതിയിൽ പറ്റിയ അബദ്ധങ്ങൾ ഇനി ആവർത്തിക്കാൻ സർക്കാർ തയ്യാറല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിദഗ്‌ധസമിതിയുടെ ഈ റിപ്പോർട്ട് വിശദമായി പഠിച്ച ശേഷമേ പദ്ധതിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2027 ലെ പത്മപുരസ്‌കാരങ്ങൾക്കുള്ള നാമനിർദേശം കേന്ദ്രസർക്കാരിനു സമർപ്പിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
തനിക്കെതിരെ ഉയർന്ന രാഷ്ട്രീയ വിമർശനങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. മന്ത്രി പി. രാജീവിന്റെ ശൈലിയല്ല തൻ്റേതെന്നും, അദ്ദേഹത്തെപ്പോലെ ഒരു ബുദ്ധിജീവിയല്ല, മറിച്ച് താനൊരു സാധാരണ മനുഷ്യനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജീവിൻ്റെ വിമർശനങ്ങളുടെ അടിത്തറ എന്തെന്ന് തനിക്ക് മനസ്സിലാകുന്നില്ല. മന്ത്രി മുഹമ്മദ് റിയാസിന്റെ ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. പിണറായി വിജയൻ ചെയ്‌തതുപോലെ ആർ.എസ്.എസ് നേതാക്കളെ താൻ ഒളിച്ചല്ല കണ്ടത്. കാണണമെന്ന് ആവശ്യപ്പെട്ട് എത്തുന്നവർക്ക് പൊതുജന സന്ദർശന സമയത്ത് ഓഫീസിൽ തന്നെയാണ് അനുമതി നൽകാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്ത സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട് ഡി.ജി.പി സർക്കാരിന് മുന്നിൽ സമർപ്പിക്കുമ്പോൾ അത് കൃത്യമായി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വിഴിഞ്ഞം തുറമുഖത്തിൻ്റെ കാര്യത്തിൽ സംസ്ഥാന താത്പര്യം സംരക്ഷിച്ചുള്ള നിലപാട് മാത്രമേ സർക്കാർ സ്വീകരിക്കുകയുള്ളൂ. എംപവേർഡ് കമ്മിറ്റി നിലവിൽ ഈ വിഷയം പരിശോധിച്ചു വരികയാണ്. ഈ കാര്യത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കൺസഷൻ എഗ്രിമെന്റ് (കരാർ) പോലും വായിച്ചു നോക്കാതെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തിൽ സി.പി.എമ്മിന് സ്വന്തം പാർട്ടിയിൽ നിന്ന് (സി.പി.ഐ) തന്നെ വ്യക്തമായ മറുപടി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

