അറ്റ്ലാന്റ: അർജന്റീന 2026 ഫിഫ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടന്ന ആവേശകരമായ രണ്ടാം സെമി ഫൈനലിൽ ശക്തരായ ഇംഗ്ലണ്ടിനെ 2-1 ന് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 84-ാം മിനിറ്റുവരെ ഒരു ഗോളിന് പിന്നിൽ നിന്ന അർജന്റീന പിന്നാലെ ഏഴു മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ ഇംഗ്ലീഷ് വലയിലേക്ക് അടിച്ചുകയറ്റിയാണ് ഫൈനലിലേക്ക് ചുവടു വെച്ചത്. മെസ്സിപ്പടയെന്ന പേര് അന്വർഥമാക്കും വിധം രണ്ട് ഗോളുകൾക്കും വഴിയൊരുക്കി മെസ്സി തിളങ്ങി.
ഇരുടീമുകളും പ്രതിരോധത്തിലേക്കൂന്നി കളിച്ച ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. എന്നാൽ രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി. വലതുവോങ്കി നിന്നുള്ള മോർഗൻ റോജസിന്റെ മികസിച്ചൊരു ക്രോസ് കൃത്യമായ ടച്ചിലൂടെ എമി മാർട്ടിനെസിനെയും മറികടന്ന് അർജന്റീനയുടെ വലകുലുക്കി. ഗോൾ നേടിയ ശേഷം പൂർണ്ണമായും പ്രതിരോധത്തിലേക്കിറങ്ങുന്ന ഇംഗ്ലണ്ട് നിരയെയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. എന്നാൽ കളിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന സമനില ഗോൾ കണ്ടെത്തി. കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ മെസിയുടെ ഗംഭീരമായൊരു ക്രോസിൽ നിന്നും ലൗത്താരോ മാർട്ടിനസ് അർജന്റീനയ്ക്കായി വിജയഗോൾ നേടി. ഇനി മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ജൂൺ 19-ന് അർജന്റീന സ്പെയിനിനെ നേരിടും. ഫുട്ബോൾ ലോകം ഏറെ കാത്തിരിക്കുന്ന ലയണൽ മെസ്സിയും യുവതാരം ലാമിൻ യമാലും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിന് കൂടിയാണ് ഈ ഫൈനൽ വേദിയാകുന്നത്.

