മലപ്പുറം: ത്യാഗത്തിന്റേയും സമർപ്പണത്തിന്റെയും ഓർമ്മകൾ പുതുക്കി ഇസ്ലാംമത വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. രാവിലെ മുതൽ സംസ്ഥാനത്തെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക പെരുന്നാൾ നമസ്കാരങ്ങൾ നടക്കുന്നു. കനത്ത മഴസാധ്യതയുള്ളതിനാൽ പലയിടങ്ങളിലും പൊതുസ്ഥലങ്ങളിലെ ഈദ് ഗാഹുകൾ ഒഴിവാക്കി പള്ളികളിലാണ് നമസ്കാരം ക്രമീകരിച്ചിരിക്കുന്നത്. മക്കയില്‍ പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ തുടരുകയാണ്.
വാർധക്യത്തിലേക്ക് എത്തിയ സമയത്ത് ഇബ്രാഹിമിന് ലഭിച്ച മകൻ ഇസ്മായിലിനെ ബലിയർപ്പിക്കാനായ് സ്വപ്നത്തിലൂടെ ലഭിച്ച അള്ളാഹുവിന്റെ നിർദേശം ഏറെ സങ്കടത്തോടെയാണെങ്കിലും നടപ്പാക്കാനൊരുങ്ങിയ പിതാവിന്റെയും അതറിയിച്ചപ്പോൾ സൃഷ്ടാവിന്റെ ആജ്ഞ നടപ്പാക്കാൻ സമ്മതം മൂളിയ ബാലന്റെയും കൂടി കഥയാണ് ബലിപെരുന്നാളിന് പറയാനുള്ളത്. ഈ ദിവസം ആളുകൾ പ്രാർഥിക്കുകയും നാൽക്കാലികളെ ബലിയർപ്പിക്കുകയും അതിന്റെ മാംസം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പങ്കുവെക്കുകയും ചെയ്യുന്നു.
പെരുന്നാള്‍ നമസ്കാരത്തിനുശേഷം പരസ്പരം ആലിംഗനം ചെയ്തും ആശംസകള്‍ ചൊരിഞ്ഞും വിശ്വാസിക്കൂട്ടം സാഹോദര്യത്തിന്റെ ജീവിത പാഠം അടുത്ത തലമുറകളിലേക്കും പകരും. പെരുന്നാള്‍ നമസ്കാരം പിന്നിടുന്നതോടെ പ്രധാന ചടങ്ങുകളില്‍ ഒന്നായ ബലിയറുക്കല്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. ദൈവ കൽപനയ്ക്കു മുന്നിൽ സ്വാർഥതകളും ഇഷ്ടാനിഷ്ടങ്ങളും ബലിനൽകാനുള്ളതാണന്നും ബലിമൃഗത്തിൻ്റെ മാംസം ബന്ധു മിത്രങ്ങൾക്കും ദരിദ്രർക്കും ഇടയിൽ തുല്യമായി വീതിച്ചു നൽകുന്നതിലൂടെ ത്യാഗവും പങ്കുവയ്ക്ക ലുമാണ് ജീവിതമെന്നു പഠിപ്പിക്കുകയാണ് ഓരോ ബലിപെരുന്നാളുകളും.

