Friday, May 29, 2026
Home » “നിങ്ങളെ ഇവിടെ ആവശ്യമില്ല, എന്റെ രാജ്യത്ത് നിന്ന് പുറത്തുപോകൂ”; അമേരിക്കയിൽ ഇന്ത്യൻ ദമ്പതികൾക്ക് നേരെ വംശീയ അധിക്ഷേപം
"നിങ്ങളെ ഇവിടെ ആവശ്യമില്ല, എന്റെ രാജ്യത്ത് നിന്ന് പുറത്തുപോകൂ"; അമേരിക്കയിൽ ഇന്ത്യൻ ദമ്പതികൾക്ക് നേരെ വംശീയ അധിക്ഷേപം

“നിങ്ങളെ ഇവിടെ ആവശ്യമില്ല, എന്റെ രാജ്യത്ത് നിന്ന് പുറത്തുപോകൂ”; അമേരിക്കയിൽ ഇന്ത്യൻ ദമ്പതികൾക്ക് നേരെ വംശീയ അധിക്ഷേപം

by Editor

ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ ദമ്പതികൾക്ക് നേരെ വംശീയ അധിക്ഷേപം. സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ ഒരു അമേരിക്കൻ സ്വദേശി ആവശ്യപ്പെടുന്നതിൻ്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

‘ടോൺ’ എന്ന എക്സ് യൂസർ പങ്കുവെച്ച വീഡിയോയിൽ റോഡരികിൽ/പാർക്കിംഗ് ഏരിയയിൽ നിൽക്കുകയായിരുന്ന ദമ്പതികളെ ഇയാൾ തൻ്റെ കാറിലിരുന്ന് ക്യാമറയിൽ പകർത്തിക്കൊണ്ട് അനാവശ്യമായി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്. ദമ്പതികളുടെ അടുത്തേക്ക് കാറോടിച്ച് വരികയും, യാതൊരു പ്രകോപനവുമില്ലാതെ സംസാരിക്കാൻ തുടങ്ങുകയുമായിരുന്നു. “നിങ്ങൾ ഇന്ത്യയിൽ നിന്നാണോ?” എന്ന് ചോദിച്ചു. അവർ ആണെന്ന് മറുപടി നൽകിയപ്പോൾ, അവർക്ക് അമേരിക്ക ഇഷ്ടമാണോ എന്നും അമേരിക്കയും ഇന്ത്യയും തമ്മിൽ ഏതാണ് കൂടുതൽ മികച്ച രാജ്യമെന്നും ഇയാൾ ചോദിക്കുന്നു. ഇരു രാജ്യങ്ങൾക്കും അതിൻ്റേതായ നല്ല വശങ്ങളുണ്ടെന്നും ഇന്ത്യ കുടുംബ പശ്ചാത്തലം നൽകുമ്പോൾ ഓരോ സ്ഥലത്തിനും അതിൻ്റേതായ മൂല്യമുണ്ടെന്നും നയതന്ത്രപരമായ രീതിയിൽ ദമ്പതികൾ മറുപടി നൽകി. എന്നാൽ ഈ മറുപടിക്ക് തൊട്ടുപിന്നാലെ ഇയാളുടെ പെരുമാറ്റം കൂടുതൽ ശത്രുതാപരമായി മാറുകയായിരുന്നു. ഇന്ത്യ മികച്ചതാണെങ്കിൽ പിന്നെ എന്തിനാണ് അമേരിക്കയിലേക്ക് വന്നതെന്ന് ചോദിച്ചു. ലോകം ചുറ്റിക്കാണാൻ വന്നതാണെന്ന് ദമ്പതികൾ മറുപടി നൽകിയപ്പോൾ, “നിങ്ങളെ ഇവിടെ ആവശ്യമില്ല, എന്റെ രാജ്യത്ത് നിന്ന് പുറത്തുപോകൂ” (Get out of my country) എന്ന് ഇയാൾ അസഭ്യവർഷത്തോടെ ആക്രോശിക്കുകയായിരുന്നു.

തീർത്തും മോശമായ പെരുമാറ്റം നേരിടേണ്ടി വന്നിട്ടും ദമ്പതികൾ വളരെ മാന്യമായും നയതന്ത്രപരമായും പുഞ്ചിരിയോടെയുമാണ് അവർ സാഹചര്യത്തെ നേരിട്ടത്. അവരുടെ ഈ പെരുമാറ്റത്തിന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്. അധിക്ഷേപം നടത്തിയ വ്യക്തി തന്നെയാണ് താൻ കുറച്ച് എച്ച് 1ബി ഇന്ത്യക്കാരെ കണ്ടുമുട്ടിയെന്നും അവരോട് ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടി വന്നുവെന്നുമുള്ള അടിക്കുറിപ്പോടെ ദമ്പതികളെ അപമാനിക്കാൻ ലക്ഷ്യമിട്ട് ഈ വീഡിയോ എക്സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചത്.

Send your news and Advertisements

You may also like

error: Content is protected !!