Saturday, May 30, 2026
Home » ഗാസയുടെ 70 % പ്രദേശവും ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കാൻ നിർദ്ദേശവുമായി ബെഞ്ചമിൻ നെതന്യാഹു
ഗാസ ബെഞ്ചമിൻ നെതന്യാഹു

ഗാസയുടെ 70 % പ്രദേശവും ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കാൻ നിർദ്ദേശവുമായി ബെഞ്ചമിൻ നെതന്യാഹു

by Editor

ജറുസലേം: ഗാസയുടെ 70 ശതമാനം പ്രദേശവും ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിൽ നടന്ന ഒരു കോൺഫറൻസിനിടെയാണ് അദ്ദേഹം ഈ നിർണായക പ്രഖ്യാപനം നടത്തിയത്. ഗാസയുടെ 60 ശതമാനം പ്രദേശവും നിലവിൽ ഇസ്രയേൽ സൈന്യത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്. നിയന്ത്രണം ഘട്ടം ഘട്ടമായി 70 ശതമാനമായി ഉയർത്താനാണ് സൈന്യത്തിന് ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്.

ഞങ്ങള്‍ ഇപ്പോള്‍ ഗാസയുടെ 60 ശതമാനം പ്രദേശത്തുമുണ്ട്. മുന്‍പ് ഇത് 50 ശതമാനമായിരുന്നു, അവിടെനിന്നാണ് ഞങ്ങള്‍ 60-ലേക്ക് എത്തിയത്,’ ‘ഘട്ടം ഘട്ടമായി മുന്നേറാനാണ് ഞാന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം; ആദ്യ ഘട്ടമായി അത് 70 ശതമാനമാക്കുക എന്നതാണ് ലക്ഷ്യം. നമുക്ക് അതില്‍ നിന്ന് തുടങ്ങാം’. വ്യാഴാഴ്ച ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് ബെഞ്ചമിൻ നെതന്യാഹു ഇങ്ങനെ പറഞ്ഞത്. ഇസ്രായേൽ സൈന്യം ​ഗാസയിൽ തങ്ങളുടെ സ്വാധീനം ക്രമാനുഗതമായി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഹമാസിനെതിരായ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.

കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രായേലും ഹമാസും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇസ്രായേല്‍ സൈന്യം ഗാസയുടെ 53 ശതമാനത്തോളം വരുന്ന ‘യെല്ലോ ലൈന്‍’ എന്നറിയപ്പെടുന്ന സൈനിക അതിര്‍ത്തിയിലേക്ക് പിന്മാറിയിരുന്നു. എന്നാല്‍ ഇസ്രായേല്‍ ഈ അതിര്‍ത്തി രേഖ രഹസ്യമായി ഗാസയുടെ ഉള്ളിലേക്ക് മാറ്റുകയാണെന്ന് ഈ ആഴ്ച ആദ്യം ഹമാസ് ആരോപിച്ചിരുന്നു. ഇസ്രായേലിന്റെ ഈ നീക്കം വെടിനിര്‍ത്തല്‍ കരാറിനെ പരസ്യമായി ലംഘിക്കുന്നതാണെന്നും, ശക്തിപയോഗിച്ച് പുതിയ അതിരുകള്‍ സൃഷ്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഫലസ്തീന്‍ സംഘടന കുറ്റപ്പെടുത്തി. സൈനിക നിയന്ത്രണം വര്‍ദ്ധിപ്പിക്കുന്നത് സമാധാന ശ്രമങ്ങളുടെ എല്ലാ പ്രതീക്ഷകളും തകര്‍ക്കുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി.

ഇതിനിടയില്‍, തെക്കന്‍ ലെബനനില്‍ ഹിസ്ബുള്ളയ്ക്കെതിരായ സൈനിക നടപടികളും ഇസ്രായേല്‍ ശക്തമാക്കിയിട്ടുണ്ട്. തെക്കൻ ലെബനനിലെ സാഹ്‌റാനി നദിക്ക് തെക്കുള്ള എല്ലാ പ്രദേശങ്ങളും ഇസ്രായേൽ ഔദ്യോഗികമായി ‘യുദ്ധമേഖല’ ആയി പ്രഖ്യാപിച്ചു. അതിർത്തിയിലെ നിശ്ചിത ബഫർ സോണും കടന്ന് ലിതാനി നദിക്ക് മുകളിലേക്ക് ഇസ്രായേൽ സൈന്യം തങ്ങളുടെ ടാങ്കുകളും കരസേനയെയും മുന്നോട്ട് നയിക്കുകയാണ്. ഹിസ്ബുള്ളയുടെ ആവർത്തിച്ചുള്ള ഡ്രോൺ-റോക്കറ്റ് ആക്രമണങ്ങൾക്ക് മറുപടിയായാണ് തങ്ങൾ ആക്രമണം ശക്തമാക്കിയതെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!