തിരുവനന്തപുരത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനു ഉൾപ്പെടെ 19 പേരെ കേരള പോലീസ് അറസ്റ്റ് ചെയ്തു. സെക്രട്ടറി ഐപി ബിനു ഉള്‍പ്പെടയുള്ള ആറു പേര്‍ കീഴടങ്ങിയതാണ്. ഒരാൾക്ക് നോട്ടീസ് നൽകി വിട്ടയച്ചു. ബാക്കിയുള്ളവരുടെ അറസ്‌റ്റ് രേഖപ്പെടുത്തി.
ഇന്നലെ വിവിധ ഇടങ്ങളിൽ നിന്നായി 13 പേരെയാണ് പിടികൂടിയത്. പാളയം ലോക്കൽ സെക്രട്ടറിയും മുൻ കൗണ്‍സിലറുമായ ഐ പി ബിനു അടക്കമുള്ളവരെയാണ് പിടികൂടിയത്. പൊലീസ് പിടികൂടിയ എല്ലാ പ്രതികളെയും കോടതിയിൽ ഹാജരാക്കും. മനോജ്, ജീവൻ, ഷൈൻ, ശ്രീജിത്ത്, ഷാഹിൻ, നിധിൻ രാജ്, അമൽ, അനിൽകുമാർ, കിരൺ, രേവന്ത് , ദിനിത്ത് വി നായർ, ലെനിൻ രാജ്, ഐ പി ബിനു, രാഹുൽ, വൈശാഖ്, രാഹുൽ ആർ രാജൻ, ഹരീഷ് കുമാർ, നന്ദു എന്നിവരാണ് പൊലീസ് പിടിയിലായിരിക്കുന്നത്.
ഇഡി ഉദ്യോഗസ്ഥരെയും ഒപ്പമുണ്ടായിരുന്ന സിആർപിഎഫ് (CRPF) ജവാൻമാരെയും മർദ്ദിച്ചതിനും, ഔദ്യോഗിക വാഹനം അടിച്ചുതകർത്തതിനും പ്രതികൾക്കെതിരെ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ആദ്യഘട്ടത്തിൽ അറസ്റ്റിലായ അഞ്ച് സിപിഎം പ്രവർത്തകരെ വഞ്ചിയൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഇഡി നടത്തിയ റെയ്ഡിനെതിരെയാണ് സിപിഎം പ്രവർത്തകർ വ്യാപക പ്രതിഷേധവും അക്രമവും അഴിച്ചുവിട്ടത്. കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെ പോലീസ് നിലവിൽ കേസെടുത്തിട്ടുണ്ട്.

