Sunday, August 16, 2026
Home » സ്വാതന്ത്ര്യദിനാഘോഷം: എഐസിസി ആസ്ഥാനത്ത്‌ വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ രാഷ്ട്രീയ വിവാദം.
സ്വാതന്ത്ര്യദിനാഘോഷം: എഐസിസി ആസ്ഥാനത്ത്‌ വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ രാഷ്ട്രീയ വിവാദം.

സ്വാതന്ത്ര്യദിനാഘോഷം: എഐസിസി ആസ്ഥാനത്ത്‌ വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ രാഷ്ട്രീയ വിവാദം.

by Editor

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ രാഷ്ട്രീയ വിവാദം. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി വന്ദേമാതരം ഗാനം പൂർണരൂപത്തിൽ ആലപിക്കപ്പെട്ടത്. ഗാനാലാപനം നടക്കുന്നതിനിടെ അത് നിർത്താൻ സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ആവശ്യപ്പെട്ടെങ്കിലും അത് അവഗണിച്ച് ആലാപനം തുടരുകയായിരുന്നു. സംഭവത്തിൽ രാഹുൽ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചു.

വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിലപാടിനെ പാർലമെൻ്റിനകത്തും പുറത്തും ശക്തമായി എതിർത്ത കോൺഗ്രസിന് പാർട്ടി ആസ്ഥാനത്തുണ്ടായ ഈ വീഴ്‌ച രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കമിട്ടുകൊണ്ടായിരുന്നു വന്ദേമാതരം ആലപിച്ചത്.

സാധാരണയായി വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമാണ് കോൺഗ്രസ് വേദികളിൽ ആലപിക്കാറുള്ളത്. എന്നാൽ ഇത്തവണ ഗായകസംഘം രണ്ട് ചരണങ്ങൾക്ക് ശേഷവും ആലാപനം തുടർന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. രണ്ട് ചരണങ്ങൾ കഴിഞ്ഞിട്ടും പാട്ട് തുടർന്നപ്പോൾ സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും കൈകൾ കാണിച്ച് ആലാപനം നിർത്താൻ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ നേതാക്കളുടെ നിർദ്ദേശം മറികടന്ന് ഗായകസംഘം വന്ദേമാതരം പൂർണ്ണമായി പാടിത്തീർക്കുകയായിരുന്നു. വേദിയിലുണ്ടായിരുന്ന രാഹുലും ഇതിൽ അതൃപ്തി പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിൻ്റെ തത്സമയ ദൃശ്യങ്ങൾ മാധ്യമങ്ങളിലും കോൺഗ്രസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലും പ്രചരിച്ചിരുന്നു.

വന്ദേമാതരം പൂർണമായി ആലപിക്കപ്പെടണം എന്നതാണ് കേന്ദ്ര സർക്കാരിൻ്റെ നയം. കോൺഗ്രസ് ഭരണകാലത്തെ രാഷ്ട്രീയ പ്രീണനം കാരണമാണ് ഗാനം ചുരുക്കപ്പെട്ടതെന്നാണ് ബിജെപിയുടെ വാദം. എന്നാൽ വന്ദേമാതരത്തെ ആദരവോടെ കാണുന്നുണ്ടെങ്കിലും ദേശസ്നേഹം നിർബന്ധപൂർവം ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നാണ് കോൺഗ്രസിൻ്റെ നിലപാട്. 1937 മുതൽ ഇതേ നിലപാട് പിന്തുടരുന്ന കോൺഗ്രസിന് ഇക്കുറി സ്വന്തം പാർട്ടി ആസ്ഥാനത്തുതന്നെയാണ് ഈ തിരിച്ചടി നേരിടേണ്ടി വന്നത്.

ഈ സംഭവത്തെക്കുറിച്ച് വലിയ വിവാദങ്ങൾ വേണ്ടെന്ന് മുതിർന്ന നേതാവ് ജയറാം രമേശ് വ്യക്തമാക്കി. സോണിയ ഗാന്ധി കൈ ആംഗ്യം കാണിച്ചത് പാട്ട് നിർത്താനല്ലെന്നും, ദീർഘനേരം അസുഖബാധിതനായി നിന്നിരുന്ന മല്ലികാർജുൻ ഖാർഗെയ്ക്ക് ഇരിക്കാൻ കസേര ആവശ്യപ്പെടാനാണെന്നും കോൺഗ്രസ് ഔദ്യോഗികമായി വിശദീകരിച്ചു. അതേസമയം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ദേശീയ ഗീതത്തെ അവഹേളിക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ബിജെപിയും മറ്റ് ഭരണപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയമപ്രകാരം വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി നൽകുകയും പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടകയിലും ഹിമാചൽ പ്രദേശിലും സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിന്റെ ഭാഗമായി വന്ദേമാതരം ഗാനം പൂർണമായി ആലപിച്ചു. രണ്ട് സംസ്ഥാനങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ ഗാനം മുഴുവൻ പാടണമെന്ന പുതിയ മാർഗനിർദേശം പാലിച്ചാണ് ആഘോഷച്ചടങ്ങുകൾ ആരംഭിച്ചത്. അതേസമയം യു.ഡി.എഫ്. ഭരിക്കുന്ന കേരളത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്ത സ്വാതന്ത്ര്യദിനച്ചടങ്ങിൽ വന്ദേമാതരം ഒരുവരിപോലും പാടിയില്ല.

കേരളത്തിൽ ഈ വിഷയം വലിയ രാഷ്ട്രീയ തർക്കത്തിന് വഴിവെച്ചിട്ടുണ്ട്. കേന്ദ്ര നിർദ്ദേശപ്രകാരം വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി സർക്കുലർ ഇറക്കിയെങ്കിലും, കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് (UDF) സർക്കാർ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന സ്വാതന്ത്യദിനാഘോഷത്തിൽ പലയിടത്തും വന്ദേമാതരം പാടിയില്ല. എന്നാൽ ചിലയിടങ്ങളിൽ ഭാഗികമായി വന്ദേമാതരം ആലപിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ ദേശീയപതാക ഉയർത്തിയപ്പോൾ വന്ദേമാതരം ആലപിച്ചില്ല. പകരം ദേശീഗാനമാണ് ആലപിച്ചത്. എന്നാൽ ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ മേയർ വി. വി. രാജേഷ് ദേശീയ പതാക ഉയർത്തിയതിന് ശേഷം വന്ദേമാതരവും ആലപിച്ചു. ബിജെപി കൗൺസിലർമാർ അത് ഏറ്റുപാടുകയും ചെയ്തു.

Send your news and Advertisements

You may also like

error: Content is protected !!