ഇസ്‌ലാമാബാദ്: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഭീഷണിയുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പാക്കിസ്ഥാനുള്ള വെള്ളത്തിന്റെ വിഹിതം കുറയ്ക്കാൻ ഇന്ത്യ ശ്രമിച്ചാൽ ശക്തമായ പ്രതികരണമുണ്ടാകുമെന്നും, പാക്കിസ്ഥാന് അവകാശപ്പെട്ട ഓരോ തുള്ളി വെള്ളവും തങ്ങളുടെ ‘റെഡ് ലൈൻ’ ആണെന്നുമാണ് ഇസ്‌ലാമാബാദിൽ നടന്ന ‘യാദ്ഗാർ-ഇ-ഫത്തേ’ ചടങ്ങിൽ അദ്ദേഹം പ്രസ്താവിച്ചത്.
ഇന്ത്യ ഏകപക്ഷീയമായും നിയമവിരുദ്ധമായും സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചതിലൂടെ സമാധാനത്തിന്റെ ശത്രുവാണെന്ന് തെളിയിച്ചതായി ഷെരീഫ് ആരോപിച്ചു. ഇന്ത്യ ബുദ്ധിപൂർവ്വം പെരുമാറിയില്ലെങ്കിൽ നേരിട്ട് മറുപടി നൽകുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. പാകിസ്ഥാന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇസ്‌ലാമാബാദിൽ നടന്ന ‘യാദ്ഗാർ-ഇ-ഫത്തേ’ (വിക്ടറി മെമ്മോറിയൽ) ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇന്ത്യക്കെതിരെ ഈ കടുത്ത ഭാഷയിലുള്ള ഭീഷണി മുഴക്കിയത്. ഓഗസ്റ്റ് 14-ന് പുറത്തുവന്ന അദ്ദേഹത്തിന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിലും ഈ പ്രസ്താവന ആവർത്തിച്ചിരുന്നു. 1947 ഓഗസ്റ്റ് 14-നാണ് പാകിസ്ഥാൻ ഒരു സ്വതന്ത്ര രാജ്യമായി നിലവിൽ വന്നത്.
2025 ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചത്. പാക്കിസ്ഥാൻ മണ്ണിൽ നിന്നുള്ള അതിർത്തികടന്നുള്ള ഭീകരവാദം പൂർണ്ണമായും അവസാനിപ്പിക്കാതെ കരാറുമായി മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് ഇന്ത്യ. കരാർ റദ്ദാക്കിയതോടെ നദികളിലെ ജലനിരപ്പ് സംബന്ധിച്ച വിവരങ്ങൾ ഇന്ത്യ പാക്കിസ്ഥാന് കൈമാറുന്നത് അവസാനിപ്പിച്ചിരുന്നു.
ലഷ്കർ-ഇ -തോയ്ബയുടെ വിദ്യാർത്ഥി വിഭാഗം നേതാവ് കുഴഞ്ഞുവീണ് മരിച്ചു; ഈ ആഴ്ചയിൽ ഇത് രണ്ടാമത്തെ മരണം.

