കൊച്ചി: പ്രശസ്ത സിനിമ നടൻ ദേവൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) വിട്ടു. പാർട്ടിയിലെ തന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും ഒപ്പം പ്രാഥമിക അംഗത്വവും അദ്ദേഹം രാജിവെച്ചു. രാജിക്കത്ത് ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറും. ആലപ്പുഴ കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ഒരു പൊതുചടങ്ങിൽ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം ഈ അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തിയത്. ബിജെപിയിൽ 2021-ലാണ് ദേവൻ എത്തിയത്.
ശ്രീനാരായണ ഗുരുദേവ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയമെന്നും, ബിജെപിയിൽ അതിനനുസരിച്ച് പ്രവർത്തിക്കാൻ തനിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ രാഷ്ട്രീയ നിലപാടുകൾ പാർട്ടിയുമായി ചേർന്നുപോകുന്നില്ലെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലം മുതൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിൻ്റെ വിജയത്തിൽ തനിക്ക് വലിയ പങ്കുണ്ടെന്നും സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിച്ചതായും അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ ലൈൻ ബിജെപിയുമായി ചേർന്ന് പോകുന്നില്ലെന്നും അഞ്ച് വർഷം കേരള ബിജെപിക്കൊപ്പം നിന്നിട്ടും യോജിച്ചു പോകാൻ സാധിച്ചില്ലെന്നും രാജി തീരുമാനം അഞ്ച് മാസം മുമ്പെടുത്തുവെന്നും ദേവൻ കൂട്ടിച്ചേർത്തു. വൈസ് പ്രസിഡൻ്റ് സ്ഥാനവും ബിജെപി പ്രാഥമിക അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് എഴുതിവെച്ചിരിക്കുന്നുവെന്നും വ്യക്തമാക്കി.
2004-ൽ ‘നവകേരള പീപ്പിൾസ് പാർട്ടി’ എന്ന പേരിൽ ദേവൻ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാർട്ടി ബിജെപിയിൽ ലയിക്കുകയാണുണ്ടായത്. കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചതെന്നും ദേവൻ അന്ന് പറഞ്ഞിരുന്നു. കേരള പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായി 2004 ൽ ദേവൻ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുമുണ്ട്.

