കൊച്ചി: എക്‌സാലോജിക്-സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ ടി.യ്ക്കെതിരെ അതീവ ഗുരുതരമായ വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ്. ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ ഇ.ഡി നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള വെളിപ്പെടുത്തിയ വരുമാനത്തിന് പുറമെ ഹവാല ചാനലുകൾ ഉപയോഗിച്ച് വീണ വലിയ തോതിലുള്ള നിയമവിരുദ്ധ പണമിടപാടുകൾ നടത്തിയിട്ടുണ്ട്.
സി.എം.ആർ.എല്ലിൽ നിന്ന് ബാങ്ക് വഴി ലഭിച്ച 2.78 കോടി രൂപയ്ക്ക് പുറമെ, 20 കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കുന്ന കൈയെഴുത്ത് രേഖകൾ അന്വേഷണ സംഘം കണ്ടെടുത്തു. കഴിഞ്ഞ മെയ് 27 ന് വീണയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡയറിയിലെ സുപ്രധാന വിവരങ്ങളാണ് കേസിൽ നിർണായക വഴിത്തിരിവായിരിക്കുന്നത്. ഇതിലെ ഒന്ന് മുതൽ ഒൻപത് വരെയുള്ള പേജുകളിലെ കണക്കുകൾ പ്രകാരം 85 ലക്ഷത്തോളം ഇന്ത്യൻ രൂപ ദിർഹം രൂപത്തിൽ ദുബായിലേക്ക് കൈമാറ്റം ചെയ്‌തതായി തെളിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ, സാമ്പത്തിക ഇടപാടുകൾക്കായി മറ്റൊരാളുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ച് ഇന്റർനെറ്റ് കോളുകൾ നടത്തിയതിന്റെ ചിത്രങ്ങളും ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്.
മുൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട കോഴിക്കോട്ടെ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകൾക്ക് തൊട്ടുപിന്നാലെയാണ് നിർണായക വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള വാർത്താക്കുറിപ്പ് ഇ.ഡി പുറത്തുവിട്ടത്. ഇതിനോടകം രണ്ട് തവണ ചോദ്യം ചെയ്യലിന് വിധേയയായ വീണയെ, പുതിയ രേഖകളുടെയും വിവരങ്ങളുടെയും വെളിച്ചത്തിൽ ഉടൻ തന്നെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും ഇ.ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ചില വ്യക്തികളുമായുള്ള ഇടപാടുകളുടെ കണക്കുകളും വീണയുടെ കൈയെഴുത്ത് കണക്കുകളില്‍ നിന്ന് ലഭിച്ചതായാണ് ലഭിക്കുന്ന സൂചന. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച തുക എവിടെയൊക്കെ നിക്ഷേപിച്ചു എന്ന് കണ്ടെത്തുന്നതിനായിട്ടായിരുന്നു ഇഡി റെയ്ഡ് നടത്തിയിരുന്നത്. ഇതിനിടെയാണ് ലേക്കര്‍ ഇന്ത്യ കോര്‍പ് കമ്പനിയുടെ നടത്തിപ്പ് സംബന്ധിച്ച ദുരൂഹത ഇഡിയ്ക്ക് മുന്നിലെത്തുന്നത്. വീണയുടെ ഡയറിയിലും ഈ പേരുകള്‍ ഉണ്ടായിരുന്നു. മറ്റൊരു കമ്പനി സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

