Tuesday, August 18, 2026
Home » ഹോർമുസ് കടലിടുക്കിൽ ഇറാനുമായി ഒമാൻ സഹകരിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ്

ഹോർമുസ് കടലിടുക്കിൽ ഇറാനുമായി ഒമാൻ സഹകരിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ്

by Editor

വാഷിംങ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി ചേർന്ന് ഒമാൻ കരാറുകളിലോ ചർച്ചകളിലോ ഏർപ്പെട്ടാൽ ഒമാനെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ കടുത്ത ഭീഷണി മുഴക്കിയത്. ഹോർമുസ് വിഷയത്തിൽ ഇറാനും ഒമാനും തമ്മിൽ ചർച്ചകൾ നടത്തി ധാരണയിലെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിൻ്റെ രൂക്ഷ പ്രതികരണം.

ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് ഫെബ്രുവരി മുതൽ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടിരിക്കുകയാണ്. കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം പുനഃസ്ഥാപിക്കാൻ ഒമാനും ഇറാനും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിയതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്കയ്ക്കാണ്. അമേരിക്കയും ഇറാനുമായി നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ടെന്നും, അതിനിടയിൽ ഒമാൻ തടസ്സം സൃഷ്ടിച്ചാൽ കനത്ത സൈനിക നടപടി നേരിടേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം ഹോർമുസ് കടലിടുക്ക് ഇറാൻ്റെ അധികാരപരിധിയിൽ ഉള്ളതാണെന്നും അത് തുറക്കുന്നതും അടയ്ക്കുന്നതും ഇറാന്റെ തീരുമാനപ്രകാരമായിരിക്കുമെന്നാണ് ഇറാന്റെ നിലപാട്. സമാധാന ചർച്ചകൾക്കായി ജൂണിൽ അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച 60 ദിവസത്തെ താൽക്കാലിക ധാരണാപത്രത്തിന്റെ (MoU) കാലാവധി ഇന്നലെ (ആഗസ്റ്റ് 17) അവസാനിച്ചു. തുടർചർച്ചകൾ സ്തംഭിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധഭീതി വീണ്ടും ശക്തമായിരിക്കുകയാണ്.

ഇന്ന് രാവിലെ ഹോർമുസ് കടലിടുക്കിലൂടെ പോവുകയായിരുന്ന ഒരു വാണിജ്യ കപ്പലിന് നേരെ അജ്ഞാത കോണിൽ നിന്നും മിസൈൽ/ഷെൽ ആക്രമണം ഉണ്ടായി. ആക്രമണത്തിൽ കപ്പലിന്റെ എഞ്ചിൻ റൂമിന് കേടുപാടുകൾ സംഭവിക്കുകയും ഒരു ജീവനക്കാരന് പരിക്കേൽക്കുകയും ചെയ്തു. ഒമാൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

യു.എസ് ധാരണ ലംഘിച്ചതിനാൽ സമാധാന കരാർ പ്രസക്തമല്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അമേരിക്കൻ ഉപരോധത്തെ മറികടക്കാൻ തങ്ങളുടെ പ്രതിരോധ നയം മാറ്റി ഇനി മുതൽ കടുത്ത ‘പ്രത്യാക്രമണ ശൈലി’ സ്വീകരിക്കുമെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) കമാൻഡർ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പാടെ തടസ്സപ്പെട്ടതോടെ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 90 ഡോളറിനടുത്തേക്ക് ഉയർന്നു. ഇതേത്തുടർന്ന് ഏഷ്യൻ രാജ്യങ്ങളിലേക്ക് ഹോർമുസ് കടലിടുക്ക് ഒഴിവാക്കി എണ്ണ എത്തിക്കാനുള്ള ബദൽ ചർച്ചകൾ സൗദി അറേബ്യ ആരംഭിച്ചിട്ടുണ്ട്.

യു.എസ് സൈനികരെ കൊല്ലുന്നവർക്ക് 30,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ; 60 ദിവസത്തെ വെടിനിർത്തൽ ഇന്ന് അവസാനിക്കും.

Send your news and Advertisements

You may also like

error: Content is protected !!