കോട്ടയം: പാലാ നഗരസഭയുടെ പുതിയ അധ്യക്ഷയായി (ചെയർപേഴ്‌സൺ) യുഡിഎഫ് വിമത അംഗം മായാ രാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. 26 അംഗ കൗൺസിലിൽ എൽഡിഎഫിന്റെ 12 അംഗങ്ങളും 4 കോൺഗ്രസ് വിമതരും മായാ രാഹുലിന് വോട്ട് ചെയ്തു. മുൻ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടം അവിശ്വാസപ്രമേയത്തിലൂടെ പുറത്തായതിനെ തുടർന്നാണ് പാലാ നഗരസഭയിൽ ഈ പുതിയ ഭരണമാറ്റവും തിരഞ്ഞെടുപ്പും നടന്നത്.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ റിയ ബിനോ ചീരാംകുഴിയെയാണ് മായ രാഹുൽ പരാജയപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാർഥി റിയ ബിനോ ചീരാംകുഴിക്ക് 10 വോട്ടാണ് ലഭിച്ചത്. പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുൽ 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയിൽ മായാ രാഹുൽ വെസ് ചെയർപേഴ്‌സണായിരുന്നു. എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ടു പോകണമെന്നും, എല്ലാവരും സഹകരിച്ച് പാലയെ പഴയ പ്രൗഢിയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും ആഗ്രഹിക്കുന്നതായി ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട മായാ രാഹുൽ പ്രതികരിച്ചു.
ഫലപ്രഖ്യാപനത്തിന് മുമ്പേ യുഡിഎഫ് കൗൺസിലർമാർ ഇറങ്ങിപ്പോയത് എന്തിനെന്ന് അവർക്കേ അറിയുള്ളൂ. ടേം വ്യവസ്ഥയെക്കുറിച്ച് തീരുമാനമായിട്ടില്ലെന്നും മായ രാഹുൽ പറഞ്ഞു. വോട്ടെടുപ്പിൽ അഞ്ച് യുഡിഎഫ് വിമത കൗൺസിലർമാരുടെ വോട്ട് ലഭിക്കുമെന്നായിരുന്നു മായ രാഹുൽ കണക്കുകൂട്ടിയിരുന്നത്. എന്നാൽ ഒരു വിമത കൗൺസിലർ കോൺഗ്രസിന് അനുകൂലമായി വോട്ടു ചെയയ്തു.
തദ്ദേശ തെരഞ്ഞെടുപ്പിൽ പാലാ നഗരസഭയിൽ ആർക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല. സ്വതന്ത്രരായി വിജയിച്ച പുളിക്കക്കണ്ടം ഫാമിലിയിലെ മൂന്നുപേരുടെ പിന്തുണയോടെയാണ്, ദിയ പുളിക്കക്കണ്ടത്തെ ചെയർപേഴ്സണായി യുഡിഎഫ് ആദ്യം ഭരണത്തിലേറുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്‌സൺ എന്ന ചരിത്രം കുറിച്ച ദിയ ബിനു പുളിക്കക്കണ്ടം എൽഡിഎഫ് അവിശ്വാസ പ്രമേയത്തെത്തുടർന്ന് പുറത്തായ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിലെ നാല് കൗൺസിലർമാരുടെയും സ്വതന്ത്രയായ നഗരസഭ ഉപാധ്യക്ഷയുടെയും വോട്ടിൻ്റെ പിൻബലത്തിലാണ് എൽഡിഎഫിൻ്റെ അവിശ്വാസ പ്രമേയം പാസായത്. ചർച്ചയിൽ പങ്കെടുക്കരുത് എന്ന പാർട്ടി വിപ്പ് ലംഘിച്ചാണ് നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്‌തത്.

