ദുബായ്: ഗൾഫ് മേഖലയിൽ യുഎസ്-ഇറാൻ സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ, പ്രമുഖ അന്താരാഷ്ട്ര-പ്രാദേശിക വിമാനക്കമ്പനികൾ സർവീസുകൾ വ്യാപകമായി റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യുന്നു. യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് മുകളിലൂടെയുള്ള വ്യോമപാത ആഗസ്റ്റ് 31 വരെ ഒഴിവാക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.
യുദ്ധസമാനമായ സംഘർഷാവസ്ഥയെ തുടർന്ന് വ്യോമപാതകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ പ്രതിസന്ധിയിൽ ആയിട്ടുണ്ട്. പ്രമുഖ ആഗോള വിമാനക്കമ്പനികൾ ഉൾപ്പെടെ സർവീസുകൾ റദ്ദാക്കുകയോ അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കുകയോ ചെയ്തതോടെ ആയിരക്കണക്കിന് പ്രവാസികളാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.
എമിറേറ്റ്സ് ദുബായ്–ബഹ്‌റൈൻ, ദുബായ്–കുവൈത്ത് സർവീസുകൾ താൽക്കാലികമായി റദ്ദാക്കി. എതിഹാദ് എയർവേസ് അബുദാബി–ബഹ്‌റൈൻ സർവീസുകൾ നിർത്തിവെച്ചു. കുവൈത്തിലേക്കുള്ള സർവീസുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി. എയർ അറേബ്യ കുവൈത്ത്, ബഹ്‌റൈൻ, ദോഹ റൂട്ടുകളിലെ ചില സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഫ്ലൈദുബായ് ഭൂരിഭാഗം സർവീസുകളും നിലവിൽ ഷെഡ്യൂൾ പ്രകാരം പ്രവർത്തിക്കുന്നുണ്ടെങ്കിലും, യാത്രക്കാർ എയർപോർട്ടിൽ എത്തുന്നതിന് മുൻപ് സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശമുണ്ട്. കൂടാതെ ബ്രിട്ടീഷ് എയർവേയ്‌സ്, എയർ ഫ്രാൻസ്, കെഎൽഎം, എയർ കാനഡ തുടങ്ങിയ പ്രമുഖ കമ്പനികൾ ദുബായ്, റിയാദ്, ബഹ്റിൻ, ദോഹ, അബുദാബി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. മുൻകൂട്ടി കൃത്യമായ വിവരങ്ങൾ നൽകാതെ അവസാന നിമിഷം സർവീസുകൾ റദ്ദാക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. വീസ കാലാവധി തീരാറായവരും അത്യാവശ്യമായി ജോലി സ്ഥലങ്ങളിൽ എത്തേണ്ടവരുമാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്.
ഗൾഫിലെ അടിയന്തര സാഹചര്യം കേരളത്തിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. കരിപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം തുടർച്ചയായി റദ്ദാക്കിയത് എയർപോർട്ടിൽ യാത്രക്കാരുടെ വൻ പ്രതിഷേധത്തിന് ഇടയാക്കി. എയർപോർട്ടിൽ എത്തിയ ശേഷമാണ് സർവീസ് റദ്ദാക്കിയ വിവരവും പകരം ടിക്കറ്റ് തുക തിരികെ നൽകുമെന്ന അറിയിപ്പും കമ്പനി നൽകിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരാണ് കൃത്യമായ മറുപടി ലഭിക്കാതെ മണിക്കൂറുകളോളം കരിപ്പൂരിൽ ദുരിതം അനുഭവിച്ചത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്ഥിതി ഭിന്നമല്ല. ദുബായ്, അബുദാബി, ദോഹ, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ, എയർ അറേബ്യ വിമാനങ്ങൾ മണിക്കൂറുകളോളം വൈകിയാണ് സർവീസ് നടത്തിയത്. ഗൾഫ് വ്യോമപാത സാധാരണ നിലയിലാകുന്നതുവരെ യാത്രാ തടസങ്ങൾ തുടരാനാണ് സാധ്യത.
ആക്രമണങ്ങൾക്ക് മറുപടി: ഇറാനുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും മരവിപ്പിച്ച് യുഎഇ

