ബാൻഗുയി: മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സ്വർണഖനി തകർന്നുണ്ടായ മണ്ണിടിച്ചിലിൽ നൂറിലധികം പേർ മരണപ്പെട്ടു. ഓഗസ്റ്റ് 18 ചൊവ്വാഴ്ചയാണ് ലോകത്തെ നടുക്കിയ ഈ വൻദുരന്തം ഉണ്ടായത്. കാമറൂൺ അതിർത്തിയോട് ചേർന്നുള്ള നാന-മാംബെരെ പ്രവിശ്യയിലെ സാംബോയി (Zamboye) ഗ്രാമത്തിലാണ് അപകടം നടന്ന ഖനി സ്ഥിതി ചെയ്യുന്നത്.
ഖനിയിലെ നിരവധി ഭൂഗർഭ തുരങ്കങ്ങൾ ഒരേസമയം തകർന്നുവീണതോടെ തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങുകയായിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാരും പ്രാദേശിക രക്ഷാപ്രവർത്തകരും ചേർന്ന് തിരച്ചിൽ ആരംഭിച്ചെങ്കിലും, ദുരന്തത്തിന്റെ വ്യാപ്‌തി പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ആവശ്യമായ ആധുനിക ഉപകരണങ്ങളോ വിദഗ്‌ധ സംവിധാനങ്ങളോ ലഭ്യമല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അപകടത്തിൽ നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.
മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ ഇത്തരം ഖനികളിലെ അപകടങ്ങൾ പതിവാണ്. സുരക്ഷാ സംവിധാനങ്ങൾ പരിമിതമായ ചെറുകിട ഖനന മേഖലയിൽ ആയിരക്കണക്കിന് പേരാണ് ജോലി ചെയ്യുന്നത്. കൈകൊണ്ട് കുഴിച്ച് നിരവധി മീറ്റർ ആഴത്തിലേക്ക് തുരങ്കങ്ങൾ നിർമ്മിക്കുന്നതാണ് ഇവിടത്തെ രീതി. മതിയായ ബലപ്പെടുത്തൽ സംവിധാനങ്ങളില്ലാത്തതിനാൽ ഭൂമിയുടെ ചെറിയ ചലനം പോലും വലിയ ദുരന്തങ്ങൾക്ക് കാരണമാകുന്നു.
ദുരന്തത്തിൽ അയൽരാജ്യമായ കാമറൂണിൽ നിന്നുള്ള തൊഴിലാളികളും കൊല്ലപ്പെട്ടിട്ടുണ്ട്. നാല് കാമറൂണിയക്കാരും രണ്ട് ഛാഡ് രാജ്യക്കാരും കൊല്ലപ്പെട്ടതായി ഖനനമേഖലയ്ക്ക് സമീപമുള്ള കാമറൂണിയൻ പട്ടണമായ ഗരോവ-ബൗലായുടെ മേയർ അബ്ദോൺ അഡമോ വ്യക്തമാക്കി. പരിക്കേറ്റ തൊഴിലാളികൾക്ക് അടിയന്തര ചികിത്സ നൽകാൻ തയ്യാറാണെന്ന് കാമറൂൺ സർക്കാർ അറിയിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള തിരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

