Saturday, August 22, 2026
Home » തുർക്കി സൈന്യത്തിന് ആയുധവുമായി പോയ ചരക്കുകപ്പൽ റാഞ്ചി; കപ്പലിൽ ആറ് ഇന്ത്യക്കാർ.
തുർക്കി സൈന്യത്തിന് ആയുധവുമായി പോയ ചരക്കുകപ്പൽ റാഞ്ചി; കപ്പലിൽ ആറ് ഇന്ത്യക്കാർ.

തുർക്കി സൈന്യത്തിന് ആയുധവുമായി പോയ ചരക്കുകപ്പൽ റാഞ്ചി; കപ്പലിൽ ആറ് ഇന്ത്യക്കാർ.

by Editor

തുർക്കി സൈന്യത്തിന് ആയുധവുമായി പോയ ചരക്കുകപ്പൽ സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചി. മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് എത്തിക്കാനുള്ള ആയുധങ്ങളും അത്യാധുനിക വാർത്താവിനിമയ ഉപകരണങ്ങളുമായി പോയ കപ്പലാണിത്. കടൽക്കൊള്ളക്കാർ റാഞ്ചിയ കാമറൂൺ പതാകയുള്ള ‘എം.വി ലുതുഫ്’ (M/V LUTUF) എന്ന ചരക്കുകപ്പലിൽ ആറ് ഇന്ത്യൻ ജീവനക്കാർ ഉള്ളതായാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ തിങ്കളാഴ്ച (ഓഗസ്റ്റ് 17, 2026), സൊമാലിയയിലെ പന്‌ഡ്‌ലാൻഡ് (Puntland) തീരത്തുനിന്നും മൂന്നര നോട്ടിക്കൽ മൈൽ അകലെവച്ചാണ് എട്ടോളം വരുന്ന കടൽക്കൊള്ളക്കാർ കപ്പൽ പിടിച്ചെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. ‘പോളാർ മൂവ്‌മെന്റ് ഷിപ്പിംഗ്’ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ. ആകെ 10 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതിൽ ആറ് ഇന്ത്യക്കാരെ കൂടാതെ ഒരു തുർക്കി പൗരനും, ഒരു ജോർജിയൻ പൗരനും, രണ്ട് സെർബിയൻ സുരക്ഷാ ഗാർഡുകളുമുണ്ട്.

കൊള്ളക്കാർ കപ്പൽ ഇപ്പോൾ പന്‌ഡ്‌ലാൻഡിലെ ഗാർമാൽ (Garmal) തീരത്തേക്ക് എത്തിച്ചിരിക്കുകയാണ്. തുർക്കിയുടെ രണ്ട് കപ്പലുകൾ ഇതിന് സമീപമെത്തിയിട്ടുണ്ടെന്നും ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ജീവനക്കാരുടെ നിലവിലെ അവസ്ഥ വ്യക്തമല്ല. ഇക്കാര്യത്തിൽ തുർക്കിയുടെ ഔദ്യോഗിക പ്രതികരണവും വന്നിട്ടില്ല.

കപ്പൽ പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെ, കഴിഞ്ഞ ചൊവ്വാഴ്ച പന്ത്‌ലാൻഡിലെ ഗാർമാൽ തീരത്തിന് സമീപം ഡ്രോൺ ആക്രമണം ഉണ്ടായി. കപ്പൽ റാഞ്ചിയ ശേഷം തീരത്തുനിന്ന് സാധനങ്ങൾ ശേഖരിക്കാനായി ചെറിയ ബോട്ടിൽ പുറപ്പെട്ട കൊള്ള സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഈ വ്യോമാക്രമണത്തിൽ നാല് കടൽക്കൊള്ളക്കാർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ഈ ആക്രമണം നടത്തിയത് ഏത് രാജ്യത്തിന്റെ സേനയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

സൊമാലിയൻ കടലിടുക്കിൽ ഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ നിലയുറപ്പിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയവും കപ്പൽ കമ്പനിയും വഴി ഇന്ത്യൻ അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നാണ് സൂചനകൾ. കപ്പലിലുള്ള 6 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 10 ജീവനക്കാരുടെയും ആരോഗ്യസ്ഥിതിയെക്കുറിച്ചോ അവർ സുരക്ഷിതരാണോ എന്നതിനെക്കുറിച്ചോ ഉള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. കപ്പൽ നിലവിൽ കൊള്ളക്കാരുടെ പൂർണ്ണ നിയന്ത്രണത്തിലാണ്.

Send your news and Advertisements

You may also like

error: Content is protected !!