Saturday, August 22, 2026
Home » സ്വകാര്യ ആശുപത്രികളുടെ അമിത ബില്ലിംഗിന് കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ; പാർലമെന്ററി സമിതി നിർദേശങ്ങൾ നൽകി.
സ്വകാര്യ ആശുപത്രികളുടെ അമിത ബില്ലിംഗിന് കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ; പാർലമെന്ററി സമിതി നിർദേശങ്ങൾ നൽകി.

സ്വകാര്യ ആശുപത്രികളുടെ അമിത ബില്ലിംഗിന് കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ; പാർലമെന്ററി സമിതി നിർദേശങ്ങൾ നൽകി.

by Editor

ന്യൂ ഡൽഹി: സ്വകാര്യ ആശുപത്രികളിലെ അമിത ബില്ലിംഗും ചൂഷണങ്ങളും നിയന്ത്രിക്കുന്നതിനായി ആരോഗ്യ-കുടുംബക്ഷേമ പാർലമെന്ററി സ്ഥിരം സമിതി കേന്ദ്ര സർക്കാരിന് ശുപാർശകൾ സമർപ്പിച്ചു. രാജ്യസഭാ എം.പി പ്രൊഫ. രാം ഗോപാൽ യാദവ് അധ്യക്ഷനായ സമിതി സമർപ്പിച്ച 176-ാമത് റിപ്പോർട്ടിലാണ് സാധാരണക്കാർക്ക് ആശ്വാസമേകുന്ന നിർദ്ദേശങ്ങളുള്ളത്.

സ്വകാര്യ ആശുപത്രികളിൽ സർക്കാർ ആശുപത്രികളേക്കാൾ 5 മുതൽ 10 മടങ്ങ് വരെ കൂടുതൽ ചെലവ് വരുന്നുണ്ടെന്ന് സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. പാർലമെന്ററി സമിതി മുന്നോട്ടുവെച്ച പ്രധാന നിർദേശങ്ങൾ താഴെ പറയുന്നവയാണ്:

  • പ്രധാന നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളുടെ അടിസ്ഥാന മുറി വാടക, അതത് പ്രദേശങ്ങളിലെ ത്രീ സ്റ്റാർ (3-Star) ഹോട്ടലുകളിലെ ശരാശരി വാടക നിരക്കിന് തുല്യമായി നിജപ്പെടുത്തണം.
  • റസിഡന്റ് ഡോക്ടർമാരുടെ ഫീസ്, നഴ്സിംഗ് നിരക്കുകൾ, മരുന്നുകൾ, ഭക്ഷണം, അലക്ക് (Laundry) എന്നിവയുടെ ചെലവുകൾ അടിസ്ഥാന വാടകയ്ക്ക് പുറമെ പ്രത്യേകമായി ബില്ലിൽ കാണിക്കണം.
  • അവശ്യ ചികിത്സകൾക്കും രോഗനിർണ്ണയ പരിശോധനകൾക്കും ഏകീകൃത നിരക്ക് നിശ്ചയിക്കാൻ ഒരു ദേശീയ നിയമസംവിധാനം രൂപീകരിക്കണം.
  • സങ്കീർണ്ണമായ ചികിത്സകൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ അതിന്റെ ഏകദേശ ചെലവ് (Cost Estimate) രോഗിയുടെ ബന്ധുക്കൾക്ക് രേഖാമൂലം നൽകുന്നത് നിർബന്ധമാക്കണം.
  • മുറി ഏത് വിഭാഗത്തിലുള്ളതാണ് എന്നതിനെ അടിസ്ഥാനമാക്കി ചികിത്സാ പാക്കേജുകളുടെ നിരക്കുകളിൽ മാറ്റം വരുത്തുന്ന രീതി (Room-rent linked pricing) പൂർണ്ണമായും ഒഴിവാക്കണം.
  • ചികിത്സാ ചെലവുകൾ കൃത്യമായി മനസിലാക്കാൻ രോഗികളെ സഹായിക്കുന്നതിനായി ആശുപത്രികളിൽ പ്രത്യേക ‘ഫിനാൻഷ്യൽ നാവിഗേറ്റർമാരെ’ നിയമിക്കണം
  • ആയുഷ്മാൻ ഭാരത് പോലുള്ള സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ ക്ലെയിം തുക കൈമാറുന്നതിലെ കാലതാമസം ഒഴിവാക്കാൻ ഓട്ടോമേഷൻ സംവിധാനം കൊണ്ടുവരണം. വൈകുന്ന തുകയ്ക്ക് ആശുപത്രികൾക്ക് പലിശ നൽകണം.
  • ആശുപത്രികളും ഇൻഷുറൻസ് കമ്പനികളും തമ്മിലുള്ള തർക്കങ്ങളും അമിത ബില്ലിംഗ് പരാതികളും വേഗത്തിൽ തീർപ്പാക്കാൻ ഒരു പ്രത്യേക ഓംബുഡ്സ്മാൻ സംവിധാനം ഉണ്ടാകണം.
  • സർക്കാർ സൗജന്യ ഇൻഷുറൻസ് പദ്ധതികൾക്ക് അർഹതയില്ലാത്തതും എന്നാൽ ഉയർന്ന നിരക്കിലുള്ള സ്വകാര്യ ഇൻഷുറൻസ് എടുക്കാൻ ശേഷിയില്ലാത്തതുമായ വിഭാഗത്തിനായി പുതിയ ഇൻഷുറൻസ് പദ്ധതി വേണം. ഒരു കുടുംബത്തിന് പ്രതിവർഷം 4,000 മുതൽ 6,000 രൂപ വരെ മാത്രം പ്രീമിയം വരുന്ന ‘ആരോഗ്യ സഞ്ജീവനി’ മാതൃകയിലുള്ള ജനപ്രിയ ഇൻഷുറൻസ് പദ്ധതികൾ അവതരിപ്പിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.

അതേസമയം, മുറി വാടക നിയന്ത്രിക്കുന്നതിനെതിരെ സ്വകാര്യ ആശുപത്രികളുടെ കൂട്ടായ്മകൾ (AHPI) രംഗത്തെത്തിയിട്ടുണ്ട്; ഹോട്ടൽ മുറികളും അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളുള്ള ആശുപത്രി മുറികളും ഒരേപോലെ കാണാനാകില്ലെന്നാണ് അവരുടെ വാദം. ഈ ശുപാർശകളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം വരും ദിവസങ്ങളിൽ സ്വീകരിക്കുന്ന നടപടികളാണ് നിർണ്ണായകം

Send your news and Advertisements

You may also like

error: Content is protected !!