ദുബായ്: ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന സാന്നിധ്യം ശക്തമാക്കിയതോടെ ഇറാന്റെ സ്വാധീനം ഗണ്യമായി കുറയുന്നതായി റിപ്പോർട്ടുകൾ. കപ്പൽ ഗതാഗത നിരീക്ഷണ ഏജൻസിയായ ‘കെപ്ലർ’ (Kpler) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കഴിഞ്ഞ രണ്ടാഴ്ചയായി കടലിടുക്കിലൂടെയുള്ള കാർഗോ നീക്കത്തിന്റെ 80 ശതമാനത്തിലധികവും ഒമാൻ റൂട്ടിലൂടെയാണ് നടന്നിട്ടുള്ളത്. യുഎൻ അംഗീകരിച്ചതും എന്നാൽ ഇറാൻ ശക്തമായി എതിർക്കുന്നതുമായ റൂട്ടാണിത്.
ഇറാന്റെ ഭീഷണികളും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും നിലനിൽക്കുമ്പോഴും, യുഎസ് നാവികസേന നൽകുന്ന സുരക്ഷയിലാണ് ഭൂരിഭാഗം കപ്പലുകളും ഒമാൻ തീരം വഴി കടന്നുപോകുന്നത്. ഒരു മാസം മുൻപ് ഒമാൻ റൂട്ടിലൂടെയുള്ള ഗതാഗതം ഏതാണ്ട് പൂർണ്ണമായി നിലച്ച അവസ്ഥയിലായിരുന്നു. ഇറാൻ നിർദ്ദേശിച്ച റൂട്ടിലൂടെയുള്ള കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞതോടെ, കപ്പലുകളിൽ നിന്ന് ടോൾ പിരിക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. ഇറാന്റെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പല കപ്പലുകളും ട്രാൻസ്‌പോണ്ടറുകൾ ഓഫാക്കിയാണ് യാത്ര ചെയ്യുന്നത്.
ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ സാന്നിധ്യം ശക്തമാണെന്നും എണ്ണക്കയറ്റുമതി സാധാരണ നിലയിലേക്ക് അടുക്കുന്നുവെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. കടലിടുക്കിന് മേൽ തങ്ങൾക്ക് ‘പൂർണ്ണ നിയന്ത്രണമുണ്ടെന്ന്’ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുന്നു. അതേസമയം അമേരിക്ക പൂർണ്ണമായി തോൽവി സമ്മതിക്കും വരെ ഹോർമുസിലെ ഉപരോധം തുടരുമെന്നും ഇറാന്റെ അനുമതിയില്ലാതെ ഒരു കപ്പലിനും സുരക്ഷിതമായി കടന്നുപോകാൻ കഴിയില്ലെന്നുമാണ് ഇറാൻ സൈനിക-രാഷ്ട്രീയ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
അമേരിക്ക ഈ മേഖലയിൽ സൈനിക മേൽക്കൈ നേടുകയും കപ്പലുകൾക്ക് ഇറാനെ മറികടന്ന് പോകാനുള്ള സുരക്ഷാ സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ജലപാതയുടെ പൂർണ്ണമായ നിയന്ത്രണം ഒരു രാജ്യത്തിന്റെ മാത്രം കൈകളിലേക്ക് ഒതുങ്ങിയിട്ടില്ല. എങ്കിലും, ഇറാന് മുൻപുണ്ടായിരുന്നതുപോലെയുള്ള തന്ത്രപരമായ സ്വാധീനം ഭാഗികമായി നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്.
അമേരിക്കൻ നാവികസേന ഒമാൻ തീരത്തുകൂടിയുള്ള ഒരു തെക്കൻ ചാനൽ വഴി കപ്പലുകൾ സുരക്ഷിതമായി കടത്തിവിടാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രികാലങ്ങളിൽ 15 മുതൽ 20 വരെ എണ്ണക്കപ്പലുകൾ ഈ സുരക്ഷിത പാതയിലൂടെ കടന്നുപോകുന്നുണ്ടെന്നും പ്രതിദിനം ഏതാണ്ട് 10 മില്യൺ ബാരൽ എണ്ണ ഇതിലൂടെ വിപണിയിൽ എത്തുന്നുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒമാനും ഖത്തറും മുൻകൈയെടുത്ത് ഇറാനുമായി ചർച്ചകൾക്ക് ശ്രമിക്കുന്നുണ്ടെങ്കിലും, ഇറാനുമായി ഇനി യാതൊരു ചർച്ചകൾക്കുമില്ലെന്ന കർക്കശ നിലപാടിലാണ് അമേരിക്ക.
ആക്രമണങ്ങൾക്ക് മറുപടി: ഇറാനുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും മരവിപ്പിച്ച് യുഎഇ

